Nishchay Luthra

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി ലൂത്രയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ശബ്ദമുയര്‍ത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രോഹിത്ത് ശര്‍മ്മ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ഉന്മുക്ത് ചന്ദ് എന്നിവരാണ് ലൂത്രയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നത്.

 

2018ല്‍ ദക്ഷിണകൊറിയയില്‍ പിയോംഗ് ചാംഗില്‍ നടക്കുന്ന വിന്റെര്‍ സ്‌കേറ്റിംഗ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ നിശ്ചയ് ലൂത്രയെ സഹായിക്കാനാണ് ഇന്ത്യന്‍ താരങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ട്വീറ്റ് ചെയ്യുന്നത്. കെഎല്‍ രാഹുല്‍ തന്റെ ട്വിറ്ററിലെ പേര് തന്നെ ലൂത്രയുടേതാക്കിയാണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. സാമ്പത്തിക സഹായമാണ് ഈ യുവ സ്‌കേറ്റര്‍ക്ക് ആവശ്യം.

ഇതിനായി ഫണ്ട് ശേഖരിക്കുന്നതിന് അഡിഡാസ് ഒരു ഫാന്‍ ഫയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ താരങ്ങള്‍ ലൂത്രയ്ക്കായി ശബ്ദമുയര്‍ത്തുന്നത്. ഇന്ത്യയ്ന്‍ താരങ്ങളുടെ ശബ്ദം ലൂത്രയ്ക്കായുളള ഫണ്ട് ശേഖരണത്തെ സഹായിക്കും എന്നാണ് അഡിഡാസ് കരുതുന്നത്.

തന്റെ 10 വയസ്സ് മുതല്‍ സ്‌കേറ്റിംഗില്‍ ലോകമറിയുന്ന പ്രകടനം കൊണ്ട് ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ലൂത്ര. ഷിംലയില്‍ നടന്ന ദേശീയ ഐസ് സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ലൂത്ര വരവറിയിച്ചത്. മനിലയില്‍ നടന്ന വേള്‍ഡ് ഡവലപ്പ് മെന്റ് ട്രോഫിയില്‍ വെങ്കലവും ഈ യുവതാരം നേടിയിട്ടുണ്ട്. സാമ്പത്തിക പരാധീനതകള്‍ ശരിയായ പരിശീലനം നടത്താന്‍ കഴിയാത്തതാണ് ലൂത്ര നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.