മൺമറഞ്ഞ അനശ്വരനാടൻ ഓംപുരി ബോളിവുഡ്, ഹോളിവുഡ്, പഞ്ചാബി, മലയാളം, കന്നട എന്നിങ്ങനെ ഒട്ടേറെ ഭാഷകളിലും പ്രാവീണ്യം തെളിയിച്ചു, കോമഡിയോ ട്രാജഡിയോ ക്യാരക്ടർ റോളുകളോ എന്നിങ്ങനെയുള്ള വ്യത്യാസങ്ങളില്ലാതെ ഏതു റോളുകളും തനിക്കു വഴങ്ങും എന്നു തെളിയിച്ച മഹാനായ കലാകാരൻ ആയിരുന്നു നടൻ ഓംപുരി. ഇക്കഴിഞ്ഞ ജനുവരി ആറിന് ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ഓംപുരിയുടെ ആത്മാവ് പ്രതികാരദാഹിയായി അലയുന്നു എന്നാതാണ് ഇപ്പോഴത്തെ വിഷയം. പാക് മാധ്യമം പുറത്തുവിട്ട വിവാദ വിഡിയോ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. സംഭവത്തിൽ വിശദീകരണവുമായി ഇപ്പോൾ അദ്ദേഹത്തിന്റെ മുൻഭാര്യ നന്ദിത പുരിയും രംഗത്തെത്തിയിരിക്കുകയാണ്.
പാക്കിസ്ഥാൻ ചാനലായ ബോൽ ന്യൂസ് ആണ് വിവാദവാർത്ത പുറത്തുവിട്ടത്. ഓംപുരിയുടെ ആത്മാവ് അലഞ്ഞു നടക്കുകയാണെന്നും അതിന്റെ സിസിടിവി ദൃശ്യങ്ങൾ തങ്ങൾക്കു ലഭിച്ചുവെന്നും പറഞ്ഞായിരുന്നു വാർത്ത സംപ്രേക്ഷണം ചെയ്തത്. ജനുവരി പതിനാലാം തീയതി മുംബൈയിലെ വസതിക്കു മുന്നിൽ വെളുത്ത കുർത്ത ധരിച്ചു നിൽക്കുന്ന ഓംപുരി എന്നു പറഞ്ഞാണ് വിഡിയോ പുറത്തുവിട്ടത്. മുന്‍ ഭാര്യ നന്ദിതയോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടും ഓം പുരി പ്രതികാരം തീര്‍ക്കാന്‍ എത്തിയിരിക്കുന്നുവെന്നായിരുന്നു വാർത്തയ്ക്കിടെ പറഞ്ഞിരുന്നത്. എന്നാൽ പ്രചരിച്ചുകൊണ്ടിരിക്കുന്നതെല്ലാം ശുദ്ധമായ അസംബന്ധമാണെന്ന് നന്ദിത പുരി പറയുന്നു. അപകീര്‍ത്തികരമായ വിഡിയോ മുൻകൂട്ടി തയ്യാറാക്കപ്പെട്ടതാണെന്ന് വ്യക്തമാണെന്ന് നന്ദിത പറഞ്ഞു.
ഉപദ്രവിക്കുക എന്നതു മാത്രമാണ് ഈ വിഡിയോ പുറത്തുവിട്ടവരുടെ ഉദ്ദേശം. വിദേശ സിനിമകളിൽ ഓംപുരിക്കു ലഭിച്ച പ്രശംസകളിൽ അസന്തുഷ്ടരായവരുണ്ട്. ഈ വിഡിയോക്കു പുറകിലുള്ളവര്‍ തന്നെയും മകനെയും ഈ രാജ്യത്തെയും സിനിമാ സാഹോദര്യത്തെയും തന്നെയാണ് വേദനിപ്പിച്ചത്. പ്രേതം, ഭൂതം എന്നൊക്കെ പറഞ്ഞാല്‍ ആരാണു വിശ്വസിക്കുക? ഈ ആളുകൾ തന്നെയാണ് ഓംപുരി മരിച്ച സമയത്ത് പോസ്റ്റ് മോർട്ടം നടത്താം എന്നു ഞാൻ പറഞ്ഞപ്പോൾ എതിർത്തത്.
തനിക്കു ലഭിച്ച വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ളവർ തന്നെയാണ് ഈ മുൻകൂട്ടി തയാറാക്കിയ തിരക്കഥാപ്രകാരമുള്ള വിഡിയോ കൈമാറിയത്. അത് ഓംപുരി ജീവിച്ച സ്ഥലമല്ല, അത്തരമൊരു സ്ഥലത്ത് ഒം താമസിക്കില്ല, പക്ഷേ അത് ഞങ്ങളുടെ വീടിനടുത്തുള്ള സ്ഥലം തന്നെയാണ്. ഓംപുരിയുടെ പ്രതിഛായ തകർക്കുക എന്ന ഉദ്ദേശം മാത്രമാണ് വിഡിയോ പുറത്തു വിട്ടവരുടെ ലക്ഷ്യം. രാജ്യത്തെ ഓസ്കാറിന്റെ ഉയരങ്ങൾ വരെയെത്തിച്ച മനുഷ്യനെക്കുറിച്ചു അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറഞ്ഞു തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും നന്ദിത പറയുന്നു.
Leave a Reply