ഷെറിൻ പി യോഹന്നാൻ

അപ്രതീക്ഷിത കഥാസന്ദർഭങ്ങളുടെ കുത്തൊഴുക്കാവുന്ന എൽ. ജെ. പി പടങ്ങൾ അത്ഭുതത്തോടെ നോക്കികാണുന്ന ആളാണ് ഞാൻ. മലയാള സിനിമ രൂപപ്പെടുത്തിയ ജോണറിലേക്ക് (Genre) തന്റെ കഥയെയും കഥാപാത്രങ്ങളെയും കൂട്ടിച്ചർക്കുകയല്ല ലിജോ, മറിച്ച് തന്റേതായൊരു ജോണർ രൂപപ്പെടുത്തുകയാണ്. അത് സുതാര്യമാകണമെന്നില്ല. ജനകീയമോ ജനപ്രിയമോ ആകണമെന്നില്ല. എങ്കിലും തന്റെ പാത പിന്തുടരാൻ കഥാപാത്രങ്ങളോട് ആവശ്യപ്പെടുകയാണ് ലിജോ. മമ്മൂട്ടി കമ്പനിയുമായി കൈകോർക്കുമ്പോൾ ആ ശീലത്തിന് അല്പം അയവ് വരുന്നതായി തോന്നാം. എങ്കിലും ആത്യന്തികമായി ഇതൊരു എൽ.ജെ.പി പടമാണ്. മമ്മൂട്ടി എന്ന താരത്തെ, എന്തിന് മമ്മൂട്ടി എന്ന അഭിനേതാവിനെ ജെയിംസിനും സുന്ദരത്തിനുമുള്ളിൽ മറച്ചുപിടിക്കുകയാണ് ലിജോ.

വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മൂവാറ്റുപുഴയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന നാടകസംഘത്തെ സ്ക്രീനിലെത്തിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ജെയിംസ് ആണ് അവരുടെ നേതാവ്. തമിഴ് ഭക്ഷണത്തോട് താത്പര്യമില്ലാത്ത, ബസിലെ തമിഴ് ഗാനം മാറ്റാൻ ആവശ്യപ്പെടുന്ന ജെയിംസിനൊപ്പം ഭാര്യയും മകനുമുണ്ട്. ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തിൽ ഉച്ചമയക്കത്തിലേക്ക് വീണുപോകുന്ന ആ സംഘത്തിൽ നിന്ന് ജെയിംസ് ഞെട്ടിയുണരുന്നു. വണ്ടി നിർത്താൻ ആവശ്യപ്പെട്ട് അയാൾ എങ്ങോട്ടോ ഇറങ്ങിപോകുന്നു.

ഒരു തമിഴ് ​ഗ്രാമത്തിലെത്തുന്ന ജെയിംസിന് അയാളെ നഷ്ടമായിരിക്കുന്നു. രൂപത്തിലല്ലെങ്കിലും ഭാവത്തിലും നടത്തത്തിലും അയാൾ ഇപ്പോൾ സുന്ദരമാണ്. ആ ​ഗ്രാമത്തിൽ നിന്നും രണ്ട് വർഷങ്ങൾക്കുമുമ്പ് കാണാതായ സുന്ദരം. തികച്ചും പരിചിതമായ വഴികളിലൂടെ നടന്ന് സുന്ദരത്തി​ന്റെ വീട്ടിലെത്തുന്ന അയാൾ അവിടെയുള്ളവരോട് കുശലാന്വേഷണങ്ങൾ നടത്തുന്നു. അതേസമയം മയക്കത്തിൽ നിന്ന് എണ്ണീറ്റവർ ജെയിംസിനെ തേടി ഇറങ്ങിയിട്ടുമുണ്ട്. സുന്ദരത്തിന്റെ വീട്ടുകാരും, നാട്ടുകാരും, ജെയിംസിന്റെ വീട്ടുകാരും കൂടെവന്നവരും ഇതെന്തെന്നറിയാതെ ആത്മസംഘർഷത്തിലാകുന്നു. തമിഴ് ​ഗാനങ്ങളോട് വിരക്തിയുള്ള അയാൾ “അതോ ഇന്ത പറവ പോലെ ആട വേണ്ടും’ എന്ന് പാട്ടുംപാടി ഒരു ലൂണയിൽ ഗ്രാമം ചുറ്റുന്നു. ഈ രസകരമായ, വ്യത്യസ്തമായ കഥാസന്ദർഭത്തിലേക്ക് പ്രേക്ഷകരെ എത്തിച്ച് ലിജോ കഥപറച്ചിൽ തുടരുന്നു. രണ്ട് മയക്കത്തിനിടയിലെ 24 മണിക്കൂറാണ് ചിത്രം. ആ 24 മണിക്കൂറിലേക്ക് മാത്രമായി സുന്ദരം പുനർജനിക്കുന്നു എന്നും പറയാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ.മ.യൗ വിൽ തീരപ്രദേശം, ജല്ലിക്കെട്ടിൽ മലയോരം, ചുരുളിയിൽ വനം…ഇവിടെ തമിഴ് കർഷക ​ഗ്രാമം. ലിജോയുടെ സിനിമകൾ വ്യത്യസ്തമാകുന്നത് ഈ കഥാപരിസരങ്ങളിലൂടെയുമാണ്. കാഴ്ചക്കാരെ അന്യരായി കാണാതെ കഥാപരിസരങ്ങളിലേക്ക് ആനയിക്കുന്ന ലിജോ ശൈലി ഇവിടെയും പുതുമയുള്ള അന്തരീ​ക്ഷം സൃഷ്ടിക്കുന്നു. ജെയിംസിലേക്കും സുന്ദരത്തിലേക്കും ആ ​ഗ്രാമത്തിലേക്കും, സുന്ദരമായ ആ ആശയക്കുഴപ്പത്തിലേക്കും നാമും അകപ്പെടുന്നു. ഉറക്കം മരണം പോലെയും ഉണരുന്നത് ജനനവും ആണെന്ന തിരുക്കുറൽ സന്ദേശത്തോടെയാണ് സിനിമ തുടങ്ങുന്നത്. സിനിമയുടെ കാതലും ഇതുതന്നെ. നമ്മുടെ പെരുമാറ്റം വ്യത്യസ്തമാകുമ്പോൾ ചുറ്റുമുള്ളവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന യാഥാർത്ഥ്യം കൂടി സിനിമ പറയുന്നു.

നമ്മൾ കണ്ടുമറക്കാതിരിക്കുന്ന മമ്മൂട്ടി പ്രകടനങ്ങൾ തന്നെയാണ് ഇവിടെയുമെങ്കിലും കഥാ​ഗതിയിലേക്ക് ആ നട​ന്റെ ഭാവപ്രകടനങ്ങളെ അനിതരസാധാരണമായി ചേർത്തുവയ്ക്കുന്നുണ്ട് ലിജോ. ഇവിടെ മമ്മൂട്ടിയില്ല, ജെയിംസും സുന്ദരവുമാണ് മിന്നിമറയുന്നത്. ട്രാൻസിഷൻ സീനുകളിലടക്കം ​ഗംഭീര ഭാവപ്രകടനങ്ങൾക്ക് നാം സാക്ഷിയാവുന്നു. മറ്റുള്ള അഭിനേതാക്കളും പ്രകടനങ്ങളിൽ മികവുപുലർത്തുന്നു. തേനി ഈശ്വറി​ന്റെ ഛായാ​ഗ്രഹണം ചിത്രത്തി​ന്റെ മുഖ്യാകർഷണങ്ങളിൽ ഒന്നാണ്. ഇവിടെ ആളുകൾക്ക് പിന്നാലെ നടക്കാൻ ലിജോ തയ്യാറാവുന്നില്ല. ഭൂരിഭാ​ഗവും സ്റ്റെഡി മിഡ് റേഞ്ച് ഷോട്ടുകളാണ്, ഒരു നാടകത്തിന് അരങ്ങ് ഒരുക്കിയതുപോലെ. ആ അരങ്ങിലേക്ക് കഥാപാത്രങ്ങൾ കടന്നുവരികയാണ്. ​ഗ്രാമത്തെ അതീവ സുന്ദരമാക്കുന്നതിൽ ഛായാ​ഗ്രഹണവും കളറിങും എഡിറ്റിം​ഗും ഒരുപോലെ മികവുപുലർത്തുന്നു. വെയിലും മയക്കവും ഇരുട്ടും മൃ​ഗങ്ങളുമെല്ലാം ഇവിടെ പ്രാധാന്യമർഹിക്കുന്നു,

ബഹളങ്ങളില്ലാത്ത ശാന്തമായ ആഖ്യാന ഭാഷയാണ് ചിത്രത്തിന്. ഒരുപക്ഷേ ആമേന് ശേഷം കവിത ഒഴുകുംപോലെ കഥപറയുന്ന ലിജോ ചിത്രവും ഇതാകാം. സിനിമയിലെ ഗാനങ്ങളെല്ലാം കടംകൊണ്ടവയാണ്. പഴയ തമിഴ് ഗാനങ്ങളും പരസ്യവുമാണ് നാം തുടർച്ചയായി കേൾക്കുന്നത്. ചിലത് കഥയോട് ചേർന്നു പോകുമ്പോൾ മറ്റുചിലത് അലോസരപ്പെടുത്തുന്നുണ്ട്. സിനിമയുടെ പശ്ചാത്തല സംഗീതം സ്വഭാവിക ചുറ്റുപാടിൽ നിന്ന് ഉടലെടുത്തവയാണ്. ജീവനും ജീവിതവും ഭാഷയുടെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങുന്നില്ല എന്നതിന് ഉദ്ദാഹരണമാവുന്നുണ്ട് ചിത്രം. മലയാളം ഉൾപ്പെടുന്ന തമിഴ് സിനിമ പോലെയോ തമിഴ് ഉൾപ്പെടുന്ന മലയാളം സിനിമ പോലെയോ ഇത് ആസ്വദിക്കാം. ലിജോയുടെ ബാല്യകാല അനുഭവവും ഒരു പരസ്യത്തിൽ നിന്നുണ്ടായ ആശയവും ചിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. ഹരീഷിന്റെ തിരക്കഥ ഇതിലും മികച്ചതാക്കാമായിരുന്നു. തമാശ നിറയുന്ന മികച്ച ആദ്യപകുതി ഉണ്ടെങ്കിലും രണ്ടാം പകുതിയിൽ പ്രേക്ഷക ചിന്തയ്ക്ക് അതീതമായി ഒന്നും സംഭവിക്കുന്നില്ലെന്നത് ഒരു കുറവായി അനുഭവപ്പെട്ടു.

✨️Bottom Line – ഉച്ചമയക്കത്തിനിടയിലെ ദൈർഘ്യമാണ് ‘നൻപകൽ നേരത്ത് മയക്കം’. ലിജോയുടെ ഏറ്റവും മികച്ച സിനിമയായി എനിക്ക് കാണാനാകില്ല. എന്നാൽ മികച്ച പ്രകടനങ്ങളാലും റിച്ചായ ഫ്രെയിമുകളാലും കഥപറച്ചിലിലെ മിതത്വം കൊണ്ടും സുന്ദര കാഴ്ചയാവുന്നുണ്ട് ചിത്രം. ആ നിലയിൽ തിയേറ്ററിൽ ആസ്വദിക്കാം. ആവർത്തിച്ചുള്ള കാഴ്ചയിൽ പല ലെയറുകളും ചിത്രത്തിന് വന്നുചേരുമെന്ന് ഉറപ്പാണ്. സ്വപ്നാടനമെന്നോ വിഭ്രാന്തിയെന്നോ ആശയെന്നോ ഒക്കെ പറയാവുന്ന തരത്തിൽ അർത്ഥതലം സമ്മാനിക്കുന്ന ചിത്രം. പടത്തിലെ ഒരു പാട്ടുപോലെ…
“മയക്കമാ… കലക്കമാ
മനതിലെ കുഴപ്പമാ
വാഴ്‌കയിൽ നടുക്കമാ……’
ആകെതുകയിൽ ഇതാണ് ചിത്രം.