ഷെറിൻ പി യോഹന്നാൻ

“നാരദനായിരുന്നു ആദ്യത്തെ പ്രചാരകൻ; വാർത്തകളുടെ… ഇനി നിങ്ങളാണ് പ്രചാരകർ”

ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളാണ് സമീപകാലത്ത് ഏറ്റവുമധികം വിമർശനത്തിന് വിധേയരായത്. മാധ്യമപ്രവർത്തനത്തെ ജനങ്ങൾ രൂക്ഷമായി വിമർശിക്കുന്ന സാഹചര്യം ഉടലെടുത്തത് എന്തുകൊണ്ടാണ്? വർത്തമാന കാലത്തെ മാധ്യമങ്ങളെ, മാധ്യമപ്രവർത്തനത്തെ മറയില്ലാതെ തുറന്നുകാട്ടുകയാണ് ‘നാരദൻ’. അതീവ ഗൗരവമായ, പ്രസക്തമായ വിഷയം നീറ്റായി അവതരിപ്പിച്ച ചിത്രം.

ആഷിഖ് അബുവിന്റെ സംവിധാനം, ഉണ്ണി ആറിന്റെ തിരക്കഥ, ടോവിനോയുടെ നായക കഥാപാത്രം – ആദ്യ ദിനം തന്നെ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ ഇവയാണ്. ‘ന്യൂസ്‌ മലയാളം’ എന്ന ചാനലിലെ പ്രൈം ടൈം അവതാരകനാണ് ചന്ദ്രപ്രകാശ്. ബ്രേക്കിങ് ന്യൂസുകൾ നൽകാനായി ചാനലുകൾ നടത്തുന്ന മത്സരയോട്ടം അദ്ദേഹത്തിന്റെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു. കൂട്ടത്തിൽ മുൻപിലോടാനായി ചന്ദ്രപ്രകാശ് പുതുവഴികൾ തേടുന്നു.

ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള രൂപാന്തരമാണ് ചിത്രത്തിന്റെ പ്രധാന കഥ. എന്നാൽ ചന്ദ്രപ്രകാശിനെ മുന്നിൽ നിർത്തി മാധ്യമങ്ങളിലെ അധാർമികതയെ ചോദ്യം ചെയ്യുകയാണ് ‘നാരദൻ’. ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള യാത്രയെ ടോവിനോ മികച്ചതാക്കിയിട്ടുണ്ട്. സ്വത്വപ്രതിസന്ധി നേരിടുന്ന ചന്ദ്രപ്രകാശിൽ നിന്നും നെഗറ്റീവ് ഷെയ്ഡിലുള്ള സിപിയിലേക്കുള്ള മാറ്റം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷറഫുദ്ദീൻ, രഞ്ജി പണിക്കർ, അന്ന ബെൻ, ഇന്ദ്രൻസ് എന്നിവരും പ്രകടനങ്ങളിൽ മികവ് പുലർത്തുന്നു. കളർഫുൾ ആയ ധാരാളം സീനുകളും ഗ്രിപ്പിങ് ആയ രണ്ടാം പകുതിയും ചിത്രത്തെ എൻഗേജിങ്‌ ആയി നിലനിർത്തുന്നു. ഉണ്ണി ആറിന്റെ സംഭാഷണങ്ങൾ മികച്ചതായിരുന്നെങ്കിലും ചിലയിടങ്ങളിൽ തിരക്കഥ ദുർബലമാകുന്നുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധി എവിടെയാണ്? മാധ്യമത്തിൽ വസ്തുതയ്ക്കാണോ വികാരത്തിനാണോ സ്ഥാനം? സ്വന്തം അഭിപ്രായം എന്നതുപോലെ വിരുദ്ധ അഭിപ്രായങ്ങൾക്ക് വില നൽകാൻ മാധ്യമങ്ങൾ തയ്യാറാകുന്നുണ്ടോ? – സിനിമ ഉയർത്തുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്. മോറൽ ജഡ്ജ്‌മെന്റ് പാസാക്കുന്ന അവതാരകർ, ചാനൽ ചേസിങ്, സദാചാര ഗുണ്ടായിസം, മാധ്യമ പ്രവർത്തനമെന്നാൽ ഉത്തരവാദിത്തമല്ല മറിച്ച് പ്രിവിലേജ് ആണെന്ന് കരുതുന്ന ജേർണലിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ നേരിടുന്ന സമ്മർദ്ദം തുടങ്ങിയവയെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്; ഡീപ്പായി തന്നെ.

ക്ലൈമാക്സിൽ ഒരു കോർട്ട് റൂം ഡ്രാമയായി മാറുകയാണ് ചിത്രം. സുപ്രധാനമായ പല വിഷയങ്ങളും അവിടെ ചർച്ചയാവുന്നുണ്ടെങ്കിലും ത്രില്ലിംഗ് ആയ മൊമെന്റുകൾ നഷ്ടമായതായി തോന്നി. ഒരു ആഷിഖ് അബു ടച്ച്‌ ഇല്ലാതെ സിനിമ അവസാനിച്ചതായും അനുഭവപ്പെട്ടു. ട്വിസ്റ്റുകളൊന്നും ഒരുക്കി വയ്ക്കാതെ ദൃശ്യ മാധ്യമ സംസ്കാരത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് സംവിധായകൻ.

Last Word – ആഷിഖ് അബുവിന്റെ ബെസ്റ്റ് വർക്ക്‌ അല്ല ‘നാരദൻ’. എന്നാൽ സമകാല സാഹചര്യത്തിൽ പ്രസക്തമായ വിഷയത്തെ നിലവാരമുള്ള സ്ക്രിപ്റ്റിന്റെ പിൻബലത്തോടെ നീറ്റായി സ്‌ക്രീനിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വർത്തമാനകാല മാധ്യമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ചിന്തിപ്പിക്കുന്ന, ചർച്ച ചെയ്യേണ്ട പല വിഷയങ്ങളും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു. തൃപ്തികരമായ ചലച്ചിത്രാനുഭവം.