മലയാളം യു.കെ ന്യൂസ് സ്‌പെഷ്യല്‍
പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കവെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ മാറ്റിയെഴുതാനുള്ള തിരക്കിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങങളായി ഇതിനുള്ള കരുക്കങ്ങള്‍ സജീവമാണെങ്കിലും അടുത്ത ദിവസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുവന്ന പ്രതികൂലമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ നീക്കത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പ്രതിപക്ഷത്തെ പല പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും കഴിഞ്ഞ കാലഘട്ടങ്ങളില്‍ അഴിമതിയാരോപണ വിധേയരാണ്. ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോള്‍ അഴിമതിയാരോപണങ്ങള്‍ ശക്തമായി ഉന്നയിക്കുകയും പൊതുജന മധ്യത്തിലെത്തിക്കാന്‍ ഉത്സാഹിക്കുകയും ചെയ്തിരുന്നെങ്കിലും ഭരണത്തിലെത്തിയപ്പോള്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടതിനു പകരം അഴിമതിയാരോപണ വിധേയരെ ബ്ലാക്‌മെയില്‍ ചെയ്യാനും അങ്ങനെ നിശബ്ദരാക്കാനുമാണ് ശ്രമിച്ചത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിന് ഇനിയും വളരെ കുറച്ചുകാലം മാത്രം അവശേഷിക്കുന്നതിനാല്‍ പഴയ അഴിമതിയാരോപണങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്ത് സജീവമാക്കാനും അഴിമതി ആരോപണവിധേയരായ പല പ്രമുഖ പ്രതിപക്ഷ നേതാക്കളെയും ജയിലിലാക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ഇതുവഴി കോണ്‍ഗ്രസ് സഖ്യകക്ഷികളും കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടത്തിയ അഴിമതികള്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരികയും പ്രതിപക്ഷത്തെ ശിഥിലമാക്കുമെന്നും ബിജെപി കേന്ദ്രങ്ങള്‍ കണക്കുക്കൂട്ടുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടുതല്‍ വിനയായത് ഭരണ പരാജയങ്ങളെക്കാള്‍ ഉപരിയായി അഴിമതിയാരോപണങ്ങളായിരുന്നു.
പഴയ അഴിമതിയാരോപണങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്താല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഉപകാരപ്പെടുമെന്നും അതുവഴി ഭരണ തുടര്‍ച്ച സാധ്യമാകുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. പ്രതിപക്ഷത്തെ പ്രമുഖ നേതാവ് ലാലു പ്രസാദ് യാദവ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസിന്റെ യുവ നേതാവുമായ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത് ഈ തന്ത്രത്തിന്റെ ഭാഗമായാണ്. ഐഎന്‍എക്‌സ് മീഡിയാ കേസിലാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രസ്തുത കേസില്‍ ആരോപണ വിധേയയായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴികള്‍ പി. ചിദംബരത്തെ കുടുക്കാന്‍ പര്യാപ്തമാണെന്നാണ് റിപ്പോട്ടുകള്‍. അധികം താമസിയാതെ പി. ചിദംബരത്തിന്റെ അറസ്റ്റിനു സാധ്യതയുണ്ട്.
കഴിഞ്ഞ കുറേകാലമായി മോദിയും അമിത്ഷായും ചേര്‍ന്ന് രചിക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് ഇന്ത്യന്‍ രാഷ്ട്രീയം ചലിക്കുന്നത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ അഴിയെണ്ണിക്കുകയാണെങ്കില്‍ അഴിമതി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിക്കാനും തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനും സാധിക്കും. കളങ്കിതമായ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്തരത്തിലൊരു ഭീതി വിതയ്ക്കാന്‍ സാധിക്കുകയാണെങ്കില്‍ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിജെപിയോടുള്ള എതിര്‍പ്പ് കുറയും. കടുത്ത ദ്രാവിഡ രാഷ്ട്രീയം പയറ്റുന്ന തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ പോലും ഇത്തരത്തില്‍ ബിജെപി അനുകൂല മനോഭാവത്തിലെത്തിക്കാന്‍ മോദിക്ക് സാധിച്ചു. തമിഴ് രാഷ്ട്രീയത്തില്‍ യാതൊരു സാധ്യതയുമില്ലാത്ത ഹൈന്ദവ രാഷ്ട്രീയത്തോട് മമത കാട്ടാന്‍ പനീര്‍ ശെല്‍വം-പളനി സ്വാമി പക്ഷത്തെ പ്രേരിപ്പിച്ചത് അഴിമതി കഥകളുടെ ഭീഷണിയാണ്. വിഘടിച്ചുനിന്ന ശശികല – ദിനകരന്‍ പക്ഷത്തിന് കേന്ദ്ര ഏജന്‍സികളുടെ റെയിഡുകള്‍ ഒഴിഞ്ഞ സമയമില്ല. അഴിമതിക്കെതിരെയുള്ള യുദ്ധം ഇത്തരത്തില്‍ രാഷ്ട്രീയപ്രേരിതവും ഏകപക്ഷീയവും ആകാതിരുന്നെങ്കില്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഗുണപ്രദമായേനെ.
Leave a Reply