സ്വന്തം ലേഖകൻ

യു എസ് :- ചന്ദ്രനിലെ ജലസാന്നിധ്യത്തെ ഉറപ്പിക്കുന്ന ശക്തമായ തെളിവുകൾ പുറത്ത് വിട്ടിരിക്കുകയാണ് യുഎസ് സ്പേസ് ഏജൻസിയായ നാസ. നാസയുടെ പദ്ധതിയായ സോഫിയയിലൂടെയാണ് ചന്ദ്രന്റെ സൂര്യപ്രകാശമേൽക്കുന്ന പ്രതലങ്ങളിൽ വെള്ളത്തിന്റെ അംശം ഉണ്ടെന്ന പുതിയ കണ്ടെത്തൽ. ആദ്യമായാണ് ഇത്തരത്തിൽ ചന്ദ്രനിലെ വെള്ളത്തിന്റെ സാന്നിധ്യത്തെ സംബന്ധിച്ച ശക്തമായ തെളിവുകൾ പുറത്തു വിടുന്നത്. ചന്ദ്രനിൽ ഒരു ലൂണാർ ബെയ്സ് നിർമിക്കുന്നത് സംബന്ധിച്ച് നാസയുടെ തീരുമാനങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ കണ്ടെത്തൽ. നേച്ചർ ആസ്ട്രോണമി എന്ന ജേർണലിൽ രണ്ട് പേപ്പറുകൾ ആയാണ് നാസ ഈ വിവരം പുറത്തുവിട്ടത്.


മുൻപ് സൂര്യപ്രകാശമേൽക്കുന്ന പ്രതലങ്ങളിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. 2024 ഓടു കൂടി ചന്ദ്രനിലേക്ക് ആദ്യവനിതയെ അയക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളും ഉണ്ടാകും എന്ന് നാസ അറിയിച്ചു. എയർ ബോൺ ഇൻഫ്രാറെഡ് ടെലസ്കോപ്പായ സോഫിയയിലൂടെയാണ് നാസ ഈ ശക്തമായ കണ്ടുപിടുത്തം നടത്തിയത്.


ഇതോടെ ചന്ദ്രനെ സംബന്ധിച്ച കൂടുതൽ പഠനങ്ങൾ നടത്തുന്നതിന് ഈ കണ്ടുപിടിത്തം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. മനുഷ്യന്റെ എക്കാലത്തെയും ശാസ്ത്ര അന്വേഷണങ്ങളിൽ ചന്ദ്രനെ സംബന്ധിച്ച അന്വേഷണങ്ങൾ ആയിരുന്നു മുൻപന്തിയിൽ നിന്നിരുന്നത്. അത്തരം അന്വേഷണങ്ങൾക്ക് ഒരു വലിയ വഴിത്തിരിവാണ് ചന്ദ്രനിൽ ജലസാന്നിധ്യം ഉണ്ടെന്ന കണ്ടെത്തൽ.