ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ വെച്ച് പകര്‍ത്തിയ ബഹിരാകാശ വസ്തുവിന്റെ ചിത്രം അയച്ച് നാസയുടെ ന്യൂ ഹൊറൈസണ്‍സ് ബഹിരാകാശ ദൗത്യം. അള്‍ട്ടിമ ത്യൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇതിന് സ്‌നോമാന്റെ ആകൃതിയാണ് ഉള്ളത്. രണ്ടു ഗോളങ്ങള്‍ കൂടിച്ചേര്‍ന്ന ആകൃതിയാണ് ഇതിന്. ചെറിയ ഭാഗത്തിന് ത്യൂള്‍ എന്നും വലുതിന് അള്‍ട്ടിമ എന്നുമാണ് ശാസ്ത്രജ്ഞര്‍ പേരു നല്‍കിയിരിക്കുന്നത്. ഇവ രണ്ടും ചേര്‍ത്ത് അള്‍ട്ടിമ ത്യൂള്‍ എന്ന് ഈ വസ്തുവിന് പേരിട്ടു. ഭൂമിയില്‍ നിന്ന് 6.5 ബില്യന്‍ കിലോമീറ്റര്‍ അകലെ നിന്നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം റെക്കോര്‍ഡ് കൂടി തകര്‍ത്തിരിക്കുകയാണ് ന്യൂ ഹൊറൈസണ്‍സ്.

സൗരയൂഥത്തില്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ വെച്ച് ചിത്രമെടുത്തതും ന്യൂ ഹൊറൈസണ്‍സ് തന്നെയാണ്. 2015ല്‍ പ്ലൂട്ടോയെ കടന്നു പോകുമ്പോളായിരുന്നു അത്. ഇവിടെ നിന്ന് 1.5 ബില്യന്‍ കിലോമീറ്റര്‍ അകലെയാണ് അള്‍ട്ടിമ ത്യൂളിനെ കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തിന് അതിരിടുന്ന ക്വിപ്പര്‍ ബെല്‍റ്റ് എന്ന കുള്ളന്‍ ഗ്രഹങ്ങളുടെയും ചുണ്ടന്‍ ഗ്രഹങ്ങളുടെയും കൂട്ടത്തിലാണ് അള്‍ട്ടിമ ത്യൂള്‍ ഉള്ളത്. ക്വിപ്പര്‍ ബെല്‍റ്റില്‍ അള്‍ട്ടിമയെപ്പോലെ പതിനായിരക്കണക്കിന് ചെറിയ വസ്തുക്കളുണ്ട്. 4.6 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രഹങ്ങള്‍ രൂപപ്പെട്ടത് എങ്ങനെയാണെന്നതിനുള്ള തെളിവുകള്‍ ഈ വസ്തുക്കളില്‍ ഉണ്ടെന്നാണ് കരുതുന്നത്.

ജനനത്തില്‍ തന്നെ കൂടിച്ചേര്‍ന്നതായിരിക്കും അള്‍ട്ടിമയും ത്യൂളും എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നത്. ക്വിപ്പര്‍ ബെല്‍റ്റില്‍ സൂര്യനെ ചുറ്റുന്ന ഇത് 2 മുതല്‍ 3 കിലോമീറ്റര്‍ മാത്രം വേഗതയിലാണ് സഞ്ചരിക്കുന്നതെന്ന് ന്യൂ ഹൊറൈസണ്‍സ് ഗവേഷകനായ ജെഫ് മൂര്‍ പറയുന്നു. ഒരു ഇരുണ്ട വസ്തുവാണ് ഇതെന്നും ന്യൂ ഹൊറൈസണ്‍സ് വ്യക്തമാക്കുന്നു. ചിലപ്പോള്‍ ചുവന്ന നിറമായിരിക്കാം ഇതിനെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.