ന്യൂഡൽഹി∙ ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാനം പ്രതിസന്ധിയിൽ. 11 പേർക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവർക്കു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാർഡ് സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെയാണ് അവാർഡ് ജേതാക്കളുടെ പ്രതിഷേധം. അനുനയിപ്പിക്കാൻ മന്ത്രി സ്മൃതി ഇറാനി നടത്തിയ ശ്രമം പരാജയപ്പെട്ടു. രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്നു ജേതാക്കള്‍ വ്യക്തമാക്കി. എല്ലാ ജേതാക്കളും ഒപ്പിട്ട പരാതി വാര്‍ത്താവിതരണ മന്ത്രാലയത്തിനു നല്‍കും. വൈകിട്ട് നാലിനു വിജ്ഞാൻ ഭവനിലാണ് അവാർഡ് ദാനം സംഘടിപ്പിച്ചിരിക്കുന്നത്.

വേർതിരിവു കാട്ടുന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നാൽ ചടങ്ങു ബഹിഷ്കരിക്കുമെന്നു മന്ത്രിയിൽനിന്ന് അവാർഡ് സ്വീകരിക്കാൻ നിർദേശിക്കപ്പെട്ട മലയാളികളുൾപ്പെടെ പലരും വ്യക്തമാക്കി. ബുധനാഴ്ച ചടങ്ങിന്റെ റിഹേഴ്സലിനെത്തിയപ്പോഴാണു പുതിയ വ്യവസ്ഥ വ്യക്തമാക്കിയത്. രാഷ്ട്രപതിയിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങുന്ന 11 പേരെ എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുത്തതെന്ന ചോദ്യത്തിനു മന്ത്രി സ്മൃതി ഇറാനിക്കു മറുപടിയില്ലാതായതോടെ പ്രതിഷേധം കനത്തു.

ഈ വർഷം മുതലുള്ള പരിഷ്കാരമാണിതെന്നും പകരം ജേതാക്കളുടെ സംഘത്തിനൊപ്പം രാഷ്ട്രപതി ചിത്രമെടുക്കുമെന്നും മന്ത്രി അറിയിച്ചെങ്കിലും പ്രതിഷേധം തണുത്തില്ല. പുരസ്കാരത്തിനുള്ള ക്ഷണക്കത്തിൽ രാഷ്ട്രപതി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെന്നും അവസാന നിമിഷത്തെ പരിഷ്കാരം അംഗീകരിക്കാനാവില്ലെന്നും ജേതാക്കൾ ഉറച്ച നിലപാടെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരഞ്ഞെടുക്കപ്പെട്ട 11 പേരിൽ കേരളത്തിൽനിന്നു സംവിധായകൻ ജയരാജ്, ഗായകൻ കെ.ജെ.യേശുദാസ്, സംവിധായകൻ സന്ദീപ് പാമ്പള്ളി, നിർമാതാവ് ഷിബുലാൽ എന്നിവർ മാത്രമാണുള്ളത്. വിനോദ് ഖന്നയ്ക്കു മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെൻ തുടങ്ങിയവയാണു രാഷ്ട്രപതി സമ്മാനിക്കുന്ന മറ്റു പുരസ്കാരങ്ങൾ.