കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.റ്റി.യു തുടങ്ങി പത്ത് പ്രധാന ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, കര്‍ഷകര്‍, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും.

രണ്ട് ദിവസം നീളുന്ന പണിമുടക്ക് ഹര്‍ത്തലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കില്ലെന്നും നിര്‍ബന്ധിച്ച് ആരെയും പങ്കാളികളാക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു. ശബരിമല തീര്‍ഥാടനം തടസ്സപ്പെടില്ല. ആശുപത്രികള്‍, ടൂറിസം മേഖല, വിമാനത്താവളം, വിവാഹങ്ങള്‍ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്. പാല്‍, പത്രം വിതരണത്തിനുള്ള വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചു.

പണിമുടക്കിന്റെ ഭാഗമായി ഒരു തരത്തിലുള്ള ബലപ്രയോഗവും ഉണ്ടാകില്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ കുറക്കുക, കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക, തൊഴിലെടുക്കുന്നവര്‍ക്കെല്ലാം പ്രതിമാസം 3000 രൂപയില്‍ കുറയാത്ത പെന്‍ഷന്‍ ഉറപ്പാക്കുക, കേന്ദ്രസംസ്ഥാനപൊതുമേഖലാസ്ഥാപനങ്ങളുടെയും തന്ത്രപ്രധാന മേഖലകളുടെയും ഓഹരി വില്പന നിര്‍ത്തലാക്കുക,  തൊഴിലുകളുടെ കരാര്‍വത്കരണം അവസാനിപ്പിക്കുക, സ്ഥിരം തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നല്‍കുക, ബോണസ്, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവക്ക് നിശ്ചയിച്ചിട്ടുള്ള എല്ലാ പരിധികളും എടുത്തുമാറ്റുക, തൊഴിലാളിവിരുദ്ധതൊഴില്‍നിയമഭേദഗതികള്‍ പിന്‍വലിക്കുക, റെയില്‍വേ, ഇന്‍ഷുറന്‍സ്, പ്രതിരോധം എന്നീ മേഖലകളിലെ വിദേശ നിക്ഷേപം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളെല്ലാം ഉന്നയിച്ചാണ് പണിമുടക്ക്.

പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ എല്ലാ പ്രധാന റെയില്‍വേസ്റ്റേഷനിലും പിക്കറ്റിങ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവണ്ടിയാത്ര ഒഴിവാക്കണമെന്ന് തൊഴിലാളി നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം ദേശീയ പണിമുടക്ക് നടക്കുന്ന ദിവസങ്ങളില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചുണ്ട്. പണിമുടക്ക് ന്യായമായതിനാല്‍ തൊഴിലാളികള്‍ക്ക് എതിരെ നടപടി എടുക്കില്ല. ഹര്‍ത്താല്‍ നിരോധിക്കുന്നത് വരെ മുന്നോട്ട് പോകുമെന്നും ടി. നസറുദ്ദീന്‍ കോഴിക്കോട് പറഞ്ഞു.