ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഇംഗ്ലണ്ടിലെയും വെയിൽസിലെയും പൈതൃക കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ വരുത്തുന്നതായി യുകെയിലെ ഏറ്റവും വലിയ സംരക്ഷണ ചാരിറ്റിയായ നാഷണൽ ട്രസ്റ്റ് റിപ്പോർട്ട് ചെയ്‌തു. പ്രതികൂല കാലാവസ്ഥകൾ ഇംഗ്ലണ്ടിലേയും വെയിൽസിലേയും എസ്റ്റേറ്റുകളെ ബാധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങൾ പ്രായമുള്ള മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങൾക്കും പൂന്തോട്ടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നുണ്ടെന്ന് ട്രസ്റ്റ് പറയുന്നു.
വാർഷിക കാലാവസ്ഥ റിപ്പോർട്ടിൽ ഈ വർഷം കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ രാജ്യത്ത് എങ്ങനെ പ്രതികൂലമായി ബാധിച്ചെന്ന് ട്രസ്റ്റ് ചൂണ്ടിക്കാട്ടി. കാലാവസ്ഥയിൽ വന്നിരിക്കുന്ന മാറ്റവും ഋതുക്കൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇല്ലാതാകുന്നതും ആശങ്കാജനകമാണ് എന്ന് ഗവേഷകർ പറയുന്നു. ജനുവരിയിൽ, കൊടുങ്കാറ്റിനെ തുടർന്ന് വിൽറ്റ്ഷെയറിലെ ട്യൂഡർ മാനർ ഹൗസായ അവെബറി മാനറിൽ, 300 വർഷത്തിനിടെ ആദ്യമായി വെള്ളപ്പൊക്കമുണ്ടായിരുന്നു. ഹെങ്ക്, ഇഷ, ജോസെലിൻ കൊടുങ്കാറ്റുകൾ മൂലം നാശനഷ്‌ടം ഉണ്ടായവയിൽ ഈ മാനറും ഉൾപ്പെടുന്നു.
ട്രസ്റ്റിൻ്റെ പല വസ്‌തുക്കളും ഇതുപോലുള്ള കൊടുങ്കാറ്റുകളും അതുമൂലമുള്ള വെള്ളപ്പൊക്കവും മൂലം നശിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ട്രസ്റ്റിൻെറ കീഴിലുള്ള മിക്ക കെട്ടിടങ്ങളിലും ഇപ്പോഴും പുരാതന ഡ്രെയിൻ പൈപ്പുകളും ഗട്ടറിംഗും ഉണ്ട്. പലപ്പോഴും ഇവയുടെ ഡിസൈൻ മൂലം കനത്ത മഴയിൽ കവിഞ്ഞൊഴുകും. ഇത് കെട്ടിടങ്ങളിൽ നാശം വിതയ്‌ക്കാം. ഈ വർഷം ഏപ്രിൽ തണുപ്പുള്ള മാസമായിരുന്നു.അതുകൊണ്ട് തന്നെ ബ്ലൂബെൽസ് ഉൾപ്പെടെയുള്ള പല പൂച്ചെടികളും പതിവിലും വൈകിയാണ് പൂവിട്ടത്. ഈ ചെടികളെ ആശ്രയിക്കുന്ന കീടങ്ങളെ ഇത് ദോഷകരമായി ബാധിക്കുന്നതായും ഗവേഷകർ പറയുന്നു.
Leave a Reply