ഇന്ത്യയില്‍ തീവ്രദേശീയത ദാരിദ്ര്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതായി സാമ്പത്തികശാസ്ത്ര ജേതാവ് അഭിജിത്ത് ബാനര്‍ജി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ജനജീവിതത്തെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് തീവ്രദേശീയത ചെയ്യുന്നത് എന്ന് അഭിജിത്ത് ബാനര്‍ജി പറഞ്ഞു. ഇന്ത്യ ടുഡേ ടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത്ത് ബാനര്‍ജി ഇക്കാര്യം പറയുന്നത്.
ഏതെങ്കിലും തരത്തിലുള്ള, മിനിമം വരുമാനം ഉറപ്പ് നല്‍കുന്ന പദ്ധതി ഇന്ത്യക്ക് അനിവാര്യമാണ് എന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്ക് പിന്നില്‍ അഭിജിത്ത് ബാനര്‍ജി അടക്കമുള്ള സാമ്പത്തിക വിദഗ്ധരുടെ ഉപദേശമാണ് ഉണ്ടായിരുന്നത്. ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, വികസനാത്മക സാമ്പത്തിക ശാസ്ത്രത്തിലാണ് (Development Economics) അഭിജിത്ത് ബാനർജിയുടെ പ്രധാന പഠനങ്ങൾ. ദേശീയത, സാമ്പത്തിക പുരോഗതി ഇതെല്ലാം സംബന്ധിച്ച ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങള്‍ തന്നെ വിയോജിപ്പുകള്‍ക്ക് ഇടം വേണമെന്നും അഭിജിത്ത് ബാനര്‍ജി അഭിപ്രായപ്പെട്ടു.
വീട്ടില്‍ ദാരിദ്ര്യമുണ്ടായിരുന്നില്ല. എന്നാല്‍ ബാല്യം ചേരിയിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു. ഇത്തരത്തില്‍ കുട്ടിക്കാലം മുതലേ ദാരിദ്ര്യം എന്തെന്നറിയാം. കൊല്‍ക്കത്തയിലെ ആദ്യകാലവും ജെഎന്‍യുവിലെ പഠന കാലവും എന്നെ ഇന്ത്യയിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കുന്നതില്‍ സഹായിച്ചു. ജെഎന്‍യു എന്നെ രാഷ്ട്രീയവത്കരിച്ചു എന്നൊന്നും പറയാനാകില്ല. എന്നാല്‍ അത് രാഷ്ട്രീയത്തെ അടുത്തറിയാന്‍ സഹായിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് വന്ന എനിക്ക് ഇടതുപക്ഷത്തെ അറിയാമായിരുന്നു. എന്നാല്‍ ലോഹ്യ അനുകൂലികളേയും (സോഷ്യലിസ്റ്റുകളേയും) ഗാന്ധിയന്മാരേയും ആര്‍എസ്എസിനേയും അറിഞ്ഞത് ഡല്‍ഹിയില്‍ വന്ന ശേഷമാണ്. ജെഎന്‍യു ബഹുസ്വര ചിന്തകളുടെ ആശയസംഘര്‍ഷം നടക്കുന്ന കേന്ദ്രമാണ്. വിയോജിപ്പുകള്‍ നമ്മെ കൂടുതല്‍ ബുദ്ധിയുള്ളവരാക്കും. സങ്കീര്‍ണവും ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്നതുമായ ലോകത്ത് ജീവിക്കാന്‍ അത് സഹായിക്കും.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കുന്ന സമ്പദ് വ്യവസ്ഥയും തമ്മില്‍ യാതൊരു വൈരുദ്ധ്യവുമില്ല. സമ്പന്നരുടെ നികുതി വര്‍ദ്ധിപ്പിക്കുക എന്നത് ശരിയായ ആശയമാണ്. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് യാതൊരു ദോഷവുമുണ്ടാക്കില്ല. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശക്തനായ നേതാവ് എന്ന ചിന്തയിലാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. സാമ്പത്തിക പ്രശ്‌നങ്ങളല്ല ഈ തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തത് എന്നും അഭിജിത്ത് ബാനര്‍ജി അഭിപ്രായപ്പെട്ടു.
Leave a Reply