ദില്ലി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ബുധനാഴ്ച അർധരാത്രിയോടെ ആരംഭിച്ചു. വ്യാഴാഴ്ച അർധരാത്രിവരെ നീളുന്ന സമരത്തിന് കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ പിന്തുണ അറിയിച്ചതോടെ സംസ്ഥാനം സ്തംഭിച്ചേക്കുമെന്ന വിലയിരുത്തലാണ്. രാവിലെ രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള മാർച്ചും ഉച്ചയ്ക്ക് ജന്തർ മന്തറിൽ പ്രതിഷേധയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.

സിഐടിയുവും ഐഎൻടിയുസിയും വേർതിരിച്ചാണ് പണിമുടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിൽ യോജിച്ച സമരം വേണ്ടെന്ന കെപിസിസി നിർദ്ദേശത്തെ തുടർന്നാണ് ഐഎൻടിയുസിയുടെ ഏകപക്ഷീയ തീരുമാനം. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിഎയും പണിമുടക്കിൽ പങ്കെടുക്കുന്നില്ലെങ്കിലും എൻജിഒ അസോസിയേഷൻ സമരത്തിൽ അണിനിരക്കും. ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികൾ ഉൾപ്പെടെ റെയിൽവേ, വിമാനത്താവളം, തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. പാൽ, പത്രം, ആശുപത്രി, മരുന്നുകടകൾ തുടങ്ങിയ അവശ്യസേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണം, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം ഒഴിവാക്കണം, കേരളത്തിലെ നെൽകർഷകർക്ക് അനുവദിച്ചിരുന്ന അധിക ബോണസ് നിർത്താനുള്ള കേന്ദ്രനീക്കം പിന്‍വലിക്കണം, ജോലിസ്ഥിരത ഉറപ്പാക്കണം, ശ്രം ശക്തി നിതി ബിൽ പിന്‍വലിക്കണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. പണിമുടക്കിനെ തുടർന്ന് വ്യാഴാഴ്ച നടത്താനിരുന്ന പി.എസ്.സി ഓൺലൈൻ പരീക്ഷകൾ മാറ്റിവച്ചു; ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ ഈ മാസം 21-ലേക്ക് മാറ്റി. പണിമുടക്കിന് സർക്കാർ ‘ഡയസ് നോൺ’ പ്രഖ്യാപിച്ചതിനാൽ ജോലിക്ക് ഹാജരാകാത്തവർക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല.