ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥി പ്രവാഹവും നിയമവിരുദ്ധമായ മനുഷ്യക്കടത്തും തടയാന്‍ നാറ്റോ സേനയുടെ നാവിക വിഭാഗത്തിന് നിര്‍ദേശം നല്‍കി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് നാറ്റോ നാവിക വിഭാഗത്തോട് ഏജിയന്‍ സമുദ്രത്തിലെത്തി നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായി നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് വ്യക്തമാക്കി. തുര്‍ക്കിക്കും ഗ്രീസിനും ഇടയില്‍ ദിനംപ്രതി ആയിരക്കണക്കിന് പേര്‍ നിലവില്‍ അഭയം തേടി സമുദ്ര യാത്രയില്‍ ഏര്‍പ്പെടുന്നുണ്ട്. അതോടൊപ്പം അഭയാര്‍ഥി പ്രതിസന്ധി മുതലെടുത്ത് മനുഷ്യക്കടത്തും ഇവിടെ വ്യാപകമാണ്. ഒരു താമസവും കൂടാതെ എത്രയും വേഗം നാറ്റോ നാവിക വിഭാഗം ഏജിയന്‍ സമുദ്രത്തിലെത്തി നിരീക്ഷണം ആരംഭിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് നാറ്റോയുടെ യൂറോപ്യന്‍ കമാന്‍ഡര്‍ ജനറല്‍ ഫിലിപ്പ് ബ്ലീഡ്‌ലോ നിര്‍ദേശം നല്‍കി. സമുദ്രത്തില്‍ നിരീക്ഷണം നടത്തുന്നതിനുള്ള കപ്പലുകള്‍ സഞ്ചാരം ആരംഭിച്ചതായും സ്റ്റോള്‍ട്ടന്‍ ബെര്‍ഗ് പറഞ്ഞു.
നാറ്റോക്ക് എങ്ങനെയാണ് അനധികൃത മനുഷ്യക്കടത്തും യൂറോപ്പിലേക്കുള്ള കുടിയേറ്റവും തടയാന്‍ കഴിയുക എന്നതിനെ കുറിച്ച് യു എസ് പ്രതിരോധ സെക്രട്ടറിക്ക് മുമ്പാകെ നാറ്റോ നാവിക വിഭാഗം നേരത്തെ വിശദീകരണം നല്‍കി. തുര്‍ക്കി, ജര്‍മനി, ഗ്രീസ് എന്നീ രാജ്യങ്ങളോടും അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ കാര്യമായി ഇടപെടണമെന്ന് പ്രതിരോധ സെക്രട്ടറി അഭ്യര്‍ഥിച്ചിരുന്നു. മെഡിറ്ററേനിയന്‍ സമുദ്രം വഴി യൂറോപ്പിലേക്കെത്താനുള്ള ശ്രമത്തിനിടെ ഈ വര്‍ഷം 409 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജര്‍മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ ലക്ഷ്യമാക്കിയാണ് കൂടുതല്‍ അഭയാര്‍ഥികളും സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും വരുന്നതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.