കൊലപാതകത്തിന് ശേഷം ഒരു ദിവസം കഴിഞ്ഞാണ് കൊച്ചി നെട്ടൂരിൽ യുവാവിനെ കായലിൽ തള്ളിയതെന്ന് അന്വേഷണ സംഘം. ആസൂത്രിതമായ കൊലപാതകമാണെന്നും നാലുപേരെങ്കിലും സംഘത്തിലുണ്ടാകാമെന്നുമാണ് നിഗമനം. അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് കൊച്ചി നെട്ടൂരിൽ കായലിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വായിൽ തുണിതിരുകി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് തന്നെയാകും കായലിലേക്ക് ഉപേക്ഷിച്ചതെന്നും വ്യക്തമായി.കായലിൽ അധിക സമയം ഒഴുകിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തിലില്ല.എന്നാൽ തേവര ഫെറി കണ്ണങ്ങാട് പാലം എന്നിവിടങ്ങളിൽ നിന്നും മൃതദേഹം കായലിലേക്ക് എറിഞ്ഞാലും ഇതേ അവസ്ഥയിലായിരിക്കും.ഈ മേഖലകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി.
മൃതദേഹം കായലിൽ താഴ്ത്താൻ ഉപയോഗിച്ച കല്ലിന് നാൽപത്തിയെട്ട് കിലോഗ്രാം ഭാരമുണ്ട്. മൃതദേഹത്തിന് അറുപത് കിലോയും.അതുകൊണ്ട് കൊലയ്ക്ക് പിന്നിൽ നാലു പേരിൽ കുറയാത്ത സംഘമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്.അയൽ ജില്ലകളിൽ നിന്ന് അടുത്തകാലത്ത് കാണാതായവരെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.
Leave a Reply