ജോജി തോമസ്
ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മഹാപ്രളയത്തിന്റെ കെടുതികള്‍ കെട്ടടങ്ങുന്നതിന് മുന്‍പ് കൊടും വരള്‍ച്ചയുടെ പിടിയിലേക്ക് പോവുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. കൊടും ചൂടില്‍ പൊള്ളി പിടയുമ്പോള്‍ വീടിനുള്ളില്‍ ഇരിക്കുന്നത് പോലും സുരക്ഷിതമല്ലാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മഹാപ്രളയത്തില്‍ പ്രധാന കാരണങ്ങളിലൊന്ന് അനധികൃത കൈയ്യേറ്റങ്ങളും, ദീര്‍ഘ വീക്ഷണവും വ്യക്തമായ ആസൂത്രണവുമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണെന്ന് വ്യക്തമായ കാര്യമാണ്. മഹാപ്രളയത്തിന് ശേഷം സൂര്യന്റെ ഉഗ്രതാപത്തില്‍ കിണറുകളും, പുഴകളും ഉള്‍പ്പെടുന്ന ജല സ്രോതസുകള്‍ വറ്റി വരളുകയും നൂറു കണക്കിന് ആളുകള്‍ക്ക് സൂര്യാഘാതമേല്‍ക്കുകയും ചെയ്യുമ്പോള്‍ പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വത്തവും ഉടന്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ചൂടിലാണ്.
കൊടും ചൂടിന് കാരണം എല്‍നിനോ പ്രതിഭാസമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത്രയധികം ആള്‍ക്കാര്‍ സൂര്യതാപമേറ്റ് മരണമടഞ്ഞ സാഹചര്യങ്ങളെക്കുറിച്ച് നമ്മള്‍ പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വളരെയധികം ജില്ലകളിലാണ് 50ന് മുകളില്‍ താപനില സൂചിക വന്നതെന്നത് നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തെ താപനില കൂടിവരികയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത വന നശീകരണവും തലതിരിഞ്ഞ വികസന പ്രവര്‍ത്തനങ്ങളും പ്രതികൂട്ടിലാകുന്നത്.
കേരളം എന്നു പറയുന്നത് ഹരിത ഭംഗിയും ജലാശയങ്ങളും നിറഞ്ഞ പ്രകൃതി സുന്ദരമായ ദൈവത്തിന്റെ സ്വന്തം നാടെന്ന നിലയില്‍ നിന്ന് കോണ്‍ക്രീറ്റ് വനങ്ങളുടെ ഒരു സംഗമസ്ഥാനമായി മാറിയിരിക്കുകയാണ്. വ്യക്തമായ ആസൂത്രണവുമില്ലാത്തതും പരിസ്ഥിതിക്ക് യാതൊരു പ്രാധാന്യവും നല്‍കാത്തതുമായ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ഉടനീളം കാണുന്നത്. ചെറിയ ഒരു കുടുംബത്തിന് താമസിക്കാന്‍ പോലും 3000 ചതുരശ്ര അടിയില്‍ കൂടിയ വീടിനേക്കുറിച്ചാണ് മലയാളി സ്വപ്‌നം കാണുന്നത്. കേരളത്തിന്റെ ഹരിത ഭംഗിയും ജല സമ്പത്തും സംരക്ഷിക്കുന്ന പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കാനുതകുന്ന കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ രാഷ്ട്ര്ീയ പാര്‍ട്ടികള്‍ തമ്മില്‍ മത്സരമാണ്.
കൈയ്യേറ്റത്തിനും വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കുന്നതിനുമായി സംഘടിതമായി വനമേഖലയില്‍ തീയിടുന്നതും അമിതമായ എ.സിയുടെ ഉപയോഗവും അന്തരീക്ഷ താപനില ഉയര്‍ത്താന്‍ കാരണമാകുമെന്നു. മരങ്ങളും വനങ്ങളുമായിരുന്നു സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് ഉള്‍പ്പെടെയുള്ള ഹാനികരമായ രശ്മികള്‍ മനുഷ്യ ശരീരത്തില്‍ നേരിട്ട് പതിക്കാതെ ഹരിത കവചമായി നിലകൊണ്ടിരുന്നത്. പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും മനുഷ്യ നിയന്ത്രണത്തിന് അതീതമാണെങ്കിലും മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നത് ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും.
ഇതിനിടയില്‍ സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്ന പല വാര്‍ത്തകളും ശുഭകരമല്ല. ഫീസടയ്ക്കാത്തതിന്റെ പേരില്‍ സ്‌കൂള്‍ കുട്ടികളെ പൊരിവെയിലത്ത് നിര്‍ത്തിയതും തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി തൊഴിലാളികളെ കൊണ്ട് കൊടും ചൂടില്‍ പണിയെടുപ്പിക്കുന്നതുമെല്ലാം ഇതില്‍ ഉള്‍പ്പെടും. മലയാളികളുടെ ഏറ്റവും വലിയ പ്രത്യേകത ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ അത് മറക്കാനുള്ള കഴിവാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ക്കായി നമുക്ക് വീണ്ടും കാത്തിരിക്കാം.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
Leave a Reply