ശ്രീനഗർ: റൈസിംഗ് കാഷ്മീർ എഡിറ്റർ ഷുജാത് ബുഖാരി വധക്കേസിൽ പോലീസ് അന്വേഷിക്കുന്ന പാക്കിസ്ഥാൻ ഭീകരൻ നവീദ് ജാട്ട് കഴിഞ്ഞ ദിവസം ഷോപ്പിയാനിൽ കൊല്ലപ്പെട്ട ഭീകരന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങി. ഷോപ്പിയാനിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അഞ്ചു ഭീകരരിൽ ഒരാളായ വഖാർ അഹമ്മദ് ഷെയ്കിന്റെ സംസ്കാര ചടങ്ങിലാണ് നവീദ് പങ്കെടുത്തത്.
വഖാറിന് ഇരുപതുകാരൻ നവീദ് തോക്കുകൊണ്ട് അഭിവാദ്യമർപ്പിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എകെ 47 തോക്ക് കൈയിലേന്തിയ നിലയിലാണ് പ്രചരിക്കുന്ന ചിത്രങ്ങളെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാരചടങ്ങുകളിൽ പ്രദേശവാസികളുമായി സംഘട്ടനം ഒഴിവാക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുക്കാറില്ല. ഇത് മുതലെടുത്താണ് കൊടുംഭീകരർ സംസ്കാര ചടങ്ങുകളിലെത്തി മടങ്ങുന്നത്. നവീദ് ജാട്ടിന്റെ സാന്നിധ്യമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയെങ്കിലും നവീദിനെ കണ്ടെത്താനായില്ല.
പാക്കിസ്ഥാനിലെ മുൾട്ടാൻ സ്വദേശിയായ നവീദ് 2014 ജൂണിൽ കുൽഗാമിൽ അറസ്റ്റിലായിരുന്നു. സംസ്ഥാനത്തുനടന്ന നിരവധി കൊലപാതകങ്ങളിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. 2016-ൽ നവീദ് ശ്രീനഗർ സെൻട്രൽ ജയിലിൽനിന്നു രക്ഷപ്പെട്ടു. ലഷ്കർ തലവൻ സക്കിഉർ റഹ്മാൻ ലഖ്വിയുടെ അടുപ്പക്കാരനാണ് നവീദ്.
ഇക്കഴിഞ്ഞ ജൂണ് പതിനാലിനാണ് റൈസിംഗ് കാഷ്മീർ എഡിറ്ററായ ഷുജാത് ബുഖാരി വെടിയേറ്റു കൊല്ലപ്പെടുന്നത്. ബൈക്കിലെത്തിയ മൂന്നുപേർ ബുഖാരിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ബുഖാരിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബുഖാരിയുടെ ശരീരത്തിൽ 17 വെടിയുണ്ടകളാണ് തറഞ്ഞുകയറിയത്. ലഷ്കർ നേതൃത്വത്തിന്റെ നിർദേശപ്രകാരം ബുഖാരിക്കു നേരെ വെടിയുതിർത്തത് നവീദാണെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്.
Leave a Reply