ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊച്ചിയില്‍ നിയമിതനായ നാവികസേന ഉദ്യോഗസ്ഥനും. 26 കാരനായ ലെഫ്റ്റനന്റ് വിനയ് നര്‍വാലാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഏപ്രില്‍ 16ന് വിവാഹിതനായ ലെഫ്റ്റനന്റ് വിനയ് അവധിയിലായിരുന്നു. ഹരിയാണ സ്വദേശിയായിരുന്നു. നാവികസേന ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നര്‍വാല്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രതിരോധവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്ന് വിദേശികളും മൂന്ന് പ്രദേശവാസികളും ഉള്‍പ്പെടെ 26 പേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ സംബന്ധിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. നിലവില്‍ 16 പേരുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്.
പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകര സംഘടനയുടെ നിഴല്‍ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.സൗദി അറേബ്യന്‍ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവരങ്ങള്‍ ധരിപ്പിക്കുകയും, തുടര്‍ന്ന് സുരക്ഷാ ഏജന്‍സികളുമായി അടിയന്തര അവലോകന യോഗം ചേരുന്നതിനായി ശ്രീനഗറിലെത്തുകയും ചെയ്തു. ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചു.
Leave a Reply