ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ ബ്രിട്ടീഷ്-ഇറാനിയൻ സന്നദ്ധ പ്രവർത്തക നസാനിൻ സഗാരി റാഡ്ക്ലിഫ് തിരികെ യുകെയിലേക്ക് എത്തുന്നു. കഴിഞ്ഞ മാർച്ചിൽ ജയിൽ മോചിതയായിരുന്നെങ്കിലും തെഹ്റാനിൽ വീട്ടുതടങ്കലിലായിരുന്ന നസാനിന് ഈ ആഴ്ച യുകെ പാസ്പോർട്ട് തിരികെ ലഭിച്ചു. ഇനി, ലണ്ടനിലെ ഹാംപ്‌സ്റ്റെഡിൽ കഴിയുന്ന ഭർത്താവിന്റെയും മകളുടെയും അടുത്തേക്ക്. നസാനിന്റെ മോചനത്തിനായി ഭർത്താവ് റിച്ചാർഡും മകൾ ഗബ്രിയേലയും കഴിഞ്ഞ വർഷം നിരാഹാര സമരം നടത്തിയിരുന്നു. മകൾക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് നസാനിൻ ജയിലിലായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനിടെ, നസാനിൻ ഉൾപ്പെടെ രണ്ട് ബ്രിട്ടീഷ്-ഇറാൻ തടവുകാരെ മോചിപ്പിക്കുന്നതിന് മുമ്പ് യുകെ ഇറാന് 405 മില്യൺ പൗണ്ട് നൽകിയതായി റിപ്പോർട്ടുണ്ട്. ഇറാനോടുള്ള കടം തീർപ്പാക്കിയതായി യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് സ്ഥിരീകരിച്ചു. കടവും റാഡ്ക്ലിഫിന്റെ കേസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ബ്രിട്ടീഷ്, ഇറാനിയൻ സർക്കാരുകൾ അവകാശപ്പെട്ടെങ്കിലും കടം തീർത്താൽ റാഡ്ക്ലിഫിനെ വിട്ടയക്കാമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞതായി 2021 ൽ ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. 1979ന് മുൻപ് യുദ്ധ ടാങ്കുകൾ വാങ്ങാനായി ഇറാനിയൻ ഷാ 400 മില്യൺ പൗണ്ട് ബ്രിട്ടന് നൽകിയെങ്കിലും ഓർഡർ റദ്ദാക്കിയിരുന്നു. ഈ കടമാണ് ഇപ്പോൾ വീട്ടിയത്.

നസാനിനൊപ്പം ജയിലിലായിരുന്ന അനൂഷെ അഷൂരിയെയും വിട്ടയച്ചതായി ഇറാൻ ജുഡീഷ്യറി വക്താവ് പറഞ്ഞു. 2016ൽ കുടുംബത്തെ കാണാൻ ഇളയ മകളോടൊപ്പം ഇറാനിലെത്തിയ നസാനിനെ തെഹ്റാൻ വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്യുന്നത്. 2009ലെ പൊതുതെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ലണ്ടനിലെ ഇറാൻ എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതും ബി.ബി.സി പേർഷ്യന് അഭിമുഖം നൽകിയതും രാജ്യത്തിനെതിരായ നീക്കമാണെന്ന് ആരോപിച്ചായിരുന്നു ഇറാന്റെ അറസ്റ്റ്.