മുംബൈ തീരത്ത് കോർഡിലിയ ആഡംബര കപ്പലിൽ നടന്ന മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെതിരേ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആര്യൻ ഖാനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു.
പാർട്ടിയിൽ പങ്കെടുക്കാനായി ഡൽഹിയിൽ നിന്ന് എത്തിയ മൂന്ന് പെൺകുട്ടികളും നർക്കോട്ടിക്‌സ് ബ്യൂറോയുടെ കസ്റ്റഡിയിലുണ്ട്. ഇവരേയും ചോദ്യം ചെയ്തു വരികയാണ്. പ്രമുഖ വ്യവസായിയുടെ മകൾ അടക്കമുള്ളവരാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മയക്കുമരുന്ന് പാർട്ടി സംഘടിപ്പിച്ച ആറ് പേർക്ക് എൻസിബി സമൻസ് അയച്ചിട്ടുണ്ട്. ആര്യൻ ഖാന്റ ഫോൺ പിടിച്ചെടുത്തതായും ഇത് പരിശോധിച്ച് വരുന്നതായും നാർക്കോട്ടിക്‌സ് ബ്യൂറോ ഉദ്യോഗസ്ഥർ അറിച്ചു. പാർട്ടി നടത്തിപ്പിൽ ആര്യൻ ഖാന് ബന്ധമുണ്ടോയെന്നും ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്. ഫോണിലെ ചാറ്റുകളും പരിശോധിക്കുന്നുണ്ട്.
രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോർഡിലിയ ക്രൂയിസ് കപ്പലിൽ ശനിയാഴ്ച കപ്പലിൽ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എൻസിബിയുടെ റെയ്ഡ്. യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറിയ അന്വേഷണ സംഘമാണ് റെയ്ഡ് നടത്തിയത്. എട്ടുപേരാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടയിൽ പിടിയിലായത്. എൻസിബി റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്.
നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തി അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
Leave a Reply