പ്രണയം, അത് ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും തോന്നുന്ന വികാരം എന്ന ‘ചട്ടക്കൂടി’ൽ നിന്നും പുറത്തു വരികയാണ്. അതിനപ്പുറമുള്ള പ്രണയങ്ങള്‍ നേരിട്ട അപഹാസങ്ങള്‍ ഇനി മതിയാക്കേണ്ടി വരും. സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച ചരിത്ര വിധിയിലൂടെ മാറ്റിയെഴുതപ്പെടുന്നത് പ്രണയമെന്ന സുന്ദര തീക്ഷ്ണ വികാരത്തിന്റെ ചില ‘മുൻവിധി’കളാണ്. ഇനി ആർക്കും ആരെയും പ്രണയിക്കാം എന്നുവരുന്നു. അങ്ങനെയുള്ള പ്രണയത്തെ കുറ്റമെന്നുകണ്ട കണ്ണുകളെയാണ് ഈ വിധി തടയുന്നത്.

സ്വവർഗ്ഗരതി ഉൾപ്പെടെയുള്ള പ്രകൃതിവിരുദ്ധ രതി കുറ്റകരമാണെന്നാണ് ഇന്ത്യൻ നിയമ വ്യവസ്ഥയിലെ 377–ാം വകുപ്പിൽ പറഞ്ഞത്. ബ്രിട്ടീഷ് ഭരണകാലത്ത് അവർ ഇന്ത്യന്‍ ജനതയ്ക്കുമേൽ പടച്ച പല നിയമങ്ങളിൽ ഒന്നാണ് ഇത്.

157 വർഷത്തെ ചരിത്രമാണ് ഇവിടെ തിരുത്തപ്പെട്ടത്. അത് രഹസ്യമാക്കി വയ്ക്കേണ്ടതോ അതിൽ പാപഭാരം ചുമക്കേണ്ടതോ ആയ ആവശ്യം ഇനി ഇന്ത്യയിലെ ജനതയ്ക്കില്ലെ്നന് ഈ വിധി പറയുന്നു

പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല. ഇത്തരം ലൈംഗികബന്ധം കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമം മുന്നൂറ്റി എഴുപത്തേഴാം വകുപ്പിലെ വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. ഈ വകുപ്പ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവും യുക്തിഹീനവുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബഞ്ച് വിധിച്ചു. ലൈംഗികസ്വത്വം വെളിപ്പെടുത്താനുള്ള അവകാശം മൗലികാവകാശമാണെന്ന് ഉറപ്പിച്ചാണ് അഞ്ചംഗബഞ്ചിന്റെ ചരിത്രവിധി.

ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ അ‍ഞ്ച് ജഡ്ജിമാര്‍. പരസ്പരപൂരകമായ നാല് വിധിന്യായങ്ങള്‍. ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗലൈംഗികബന്ധത്തിന് നിയമസാധുത ലഭിച്ചു. ഒപ്പം ലൈംഗികസ്വത്വം വെളിപ്പെടുത്താനുള്ള അവകാശത്തിന് ഭരണഘടനയുടെ സംരക്ഷണവും. സമൂഹം നിശ്ചയിക്കുന്ന സദാചാരത്തിന്റെ പേരില്‍ ഒരുവ്യക്തിയുടേയും മൗലികാവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്ന് തീര്‍ത്തുപറഞ്ഞാണ് സുപ്രീംകോടതി ചരിത്രവിധി പ്രസ്താവിച്ചത്. ഇതിനുവിരുദ്ധമായ ഐപിസി മുന്നൂറ്റിഎഴുപത്തേഴാം വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമാണ്. താന്‍ എന്താണോ അത് പൂര്‍ണമായി വെളിപ്പെടുത്താന്‍ കഴിയുക എന്നത് പൗരന്റെ മൗലികാവകാശമാണെന്ന് കോടതി വിധിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം പരസ്പരസമ്മതമില്ലാത്ത സ്വവര്‍ഗരതിയും മറ്റ് പ്രകൃതിവിരുദ്ധലൈംഗികബന്ധങ്ങളും കുറ്റകരമായി തുടരും. ഭിന്നലൈംഗികസമൂഹം എല്ലാ ഭരണഘടനാ അവകാശങ്ങള്‍ക്കും അര്‍ഹരാണെന്ന് ആവര്‍ത്തിച്ചുപറയുന്ന വിധിയില്‍ പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ സമൂഹം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയോടെ 2013 ലെ ഡിവിഷന്‍ ബഞ്ച് വിധി അപ്രസക്തമായി.

2009ലെ നാസ് ഫൗണ്ടേഷന്‍ വിധിയെ പിന്തുടര്‍ന്നാണ് സ്വവര്‍ഗരതി സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് മുന്നിലെത്തുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കോടതിമുറിക്കുളളില്‍ വലിയതോതില്‍ വിശകലനം ചെയ്തു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അടക്കം പ്രമുഖ അഭിഭാഷകരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന സ്വവര്‍ഗബന്ധത്തിനാണ് നാസ് ഫൗണ്ടേഷന്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി 2009ല്‍ അംഗീകാരം നല്‍കിയത്. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുളള സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന വിധി ചരിത്രത്തിലിടം പിടിച്ചു. എന്നാല്‍, സുരേഷ് കുമാര്‍ കൗശല്‍ കേസില്‍ സ്വവര്‍ഗരതി കുറ്റകരമാണെന്ന് സുപ്രീംകോടതി രണ്ടംഗബെഞ്ച് വിധിച്ചത് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടിയായി.

ഇതോടെ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പ് റദ്ദുചെയ്യണമെന്ന ആവശ്യത്തിന് ശക്തികൂടി. രാജ്യത്തെ കലാകാരന്മാരും സാമൂഹ്യപ്രവര്‍ത്തകരും വ്യവസായികളും ഉള്‍പ്പെടെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. വകുപ്പ് ഭരണഘടനാവിരുദ്ധമാണെോയെന്ന് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചു. കഴിഞ്ഞ ജൂലൈയിലാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. വിക്ടോറിയന്‍ കാലത്തെ സദാചാരബോധത്തിന്‍റെ പ്രതിഫലനമാണ് മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പായി നിയമത്തിലെത്തിയതെന്ന് നര്‍ത്തകി നവ്തേജ് സിങ് ജോഹറിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചു.

വകുപ്പ് റദ്ദാക്കുന്നത് പൊതുസമൂഹത്തില്‍ വിപ്ലവകരമായ ചലനമുണ്ടാക്കും. ലൈംഗിക ന്യൂനപക്ഷങ്ങളെ മനുഷ്യനായി കാണാനും, അവരുടെ ജീവിതം മെച്ചപ്പെടാനും വഴിയൊരുങ്ങുമെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിലപാട് വ്യക്തമാക്കിയില്ല. കോടതിയുടെ തീരുമാനത്തിന് വിട്ടു. കോടതിക്ക് വകുപ്പ് റദ്ദാക്കാന്‍ അധികാരമില്ലെന്നും, പാര്‍ലമെന്‍റിന് മാത്രമെ കഴിയുകയുളളുവെന്നും എതിര്‍കക്ഷികള്‍ നിലപാടെടുത്തു.