മനുഷ്യവംശത്തെക്കുറിച്ച് നേരത്തേ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ നിഗമനങ്ങള്‍ തെറ്റെന്ന് ഗവേഷകന്‍. നിയാന്‍ഡര്‍താല്‍ മനുഷ്യര്‍ക്ക് ആധുനിക മനുഷ്യന്റെ പെരുമാറ്റ സവിശേഷതകള്‍ ഉണ്ടായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജനറ്റിസിസ്റ്റായ ഡേവിഡ് റെയ്ക്ക് ആണ് പുതിയ നിഗമനവുമായി രംഗത്തെത്തിയത്. ഗവേഷണങ്ങള്‍ പുതിയ വിവരങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ ഇപ്പോള്‍ നടത്തുന്ന കണ്ടെത്തലുകള്‍ പോലും അടുത്ത നിമിഷത്തില്‍ തെറ്റാണെന്ന് തെളിയിക്കപ്പെട്ടേക്കാമെന്ന ആശങ്കയിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.
നോണ്‍ ആഫ്രിക്കന്‍ പാരമ്പര്യമുള്ള എന്നാ ചരിത്രാതീത മനുഷ്യവംശങ്ങളിലും നിയാന്‍ഡര്‍താല്‍ ഡിഎന്‍എയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. പുരാതന മനുഷ്യവംശങ്ങള്‍ തമ്മില്‍ സങ്കര സൃഷ്ടികള്‍ നടന്നിരിക്കാമെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. പുരാതന മനുഷ്യവംശമെന്ന് കരുതിയിരുന്ന ഡെനിസോവന്‍മാര്‍ നിലനിന്നിരുന്നതിന് തെളിവുകളും ഇദ്ദേഹത്തിന്റെ പഠനത്തില്‍ ലഭിച്ചു. സൈബീരിയന്‍ ഗുഹകളില്‍ നിന്ന് ലഭിച്ച ഫോസിലുകളില്‍ നിന്നുള്ള ഡിഎന്‍എകള്‍ പരിശോധിച്ചാണ് ഇത് തെളിയിച്ചത്.
5000 വര്‍ഷങ്ങള്‍ക്കു മുമ്പ് നോര്‍ത്തേണ്‍ യൂറോപ്പില്‍ മധ്യേഷ്യയില്‍ നിന്ന് അധിനിവേശമുണ്ടായിട്ടുണ്ടെന്നും ബ്രിട്ടീഷ് ദ്വീപുകളിലെ ആദ്യ താമസക്കാര്‍ ഇവരായിരുന്നെന്നും പഠനം വ്യക്തമാക്കുന്നു. ഹൂ വീ ആര്‍ ആന്‍ഡ് ഹൗ വീ ഗോട്ട് ഹിയര്‍ എന്ന പുസ്തകത്തിലാണ് ഈ കണ്ടെത്തലുകള്‍ അദ്ദേഹം നിരത്തുന്നത്. 70,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി ഒട്ടേറെ മനുഷ്യവംശങ്ങളാല്‍ സമ്പന്നമായിരുന്നുവെന്നാണ് ഈ പുസ്തകം അവകാശപ്പെടുന്നത്.
Leave a Reply