ന്യൂഡല്‍ഹി: കോടികളുടെ വെട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും കോടികള്‍ വെട്ടിച്ച് മുങ്ങിയ മദ്യ രാജാവ് വിജയ് മല്ല്യയും ഐപിഎല്‍ അഴിമതിക്കേസില്‍ പ്രതിയായ ലളിത് മോഡിയും ഉള്‍പ്പെടെയുള്ളവര്‍ അഭയം തേടിയിരിക്കുന്നത് ബ്രിട്ടനിലാണ്. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല.
മല്ല്യയുടെയും ലളിത് മോഡിയുടെയും വഴി നീരവ് തെരെഞ്ഞടുത്താല്‍ ഇന്ത്യക്ക് കൂടുതല്‍ തിരിച്ചടി നേരിടേണ്ടി വരും. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇപ്പോള്‍ നടക്കുന്ന നിയമനടപടികള്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയതാകും. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ കരുനീക്കങ്ങളാണെന്നും യുകെയില്‍ അഭയം നല്‍കണമെന്നുമാണ് നീരവ് ആവശ്യപ്പെട്ടിരിക്കുന്നത്. യുകെ രാഷ്ട്രീയാഭയം നല്‍കിയാല്‍ ഇന്ത്യയിലേക്ക് നീരവ് തിരിച്ചു വരാന്‍ സാധ്യതയില്ല.
അതേസമയം കുറ്റവാളിയെ കൈമാറാന്‍ സര്‍ക്കാര്‍ യുകെ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടേക്കും. നിയമ- എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുകളെ കണ്ടതിന് ശേഷമായിരിക്കും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളു. നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, മുന്‍ പി.എന്‍.ബി മേധാവി ഉഷ അനന്തസുബ്രഹ്ണ്യം എന്നിവരുള്‍പ്പെടെ 25 ഓളം പേര്‍ക്കെതിരെയാണ് നിലവില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ എടുത്തതിന് ശേഷം തിരിച്ചടക്കാതെ നീരവ് മോഡി മുങ്ങുകയായിരുന്നു. ഇയാളുടെ ഇന്ത്യയിലെ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു.
Leave a Reply