നെന്മാറ: പോത്തുണ്ടിക്ക് സമീപം വീടിനകത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പോത്തുണ്ടി ഡാമിനുസമീപം തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയാണ് (38) വെട്ടേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം.

ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയില്‍ വീടിനുമുന്നില്‍ ഉണക്കാന്‍ വെച്ചിരുന്ന മുളകും മല്ലിയുമെടുക്കാന്‍ വരാത്തതിനെത്തുടര്‍ന്ന് സമീപവാസികള്‍ നോക്കിയപ്പോഴാണ് ഫ്രിഡ്ജിനുസമീപം വീണു കിടക്കുന്നതായി കണ്ടത്. ഈ സമയം ടി.വി. പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ് വീണതാണെന്ന് കരുതി വീട്ടില്‍ കയറാന്‍ നോക്കിയപ്പോള്‍ മുന്നിലെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പിന്നീട് പിറകുവശത്തുള്ള വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന അയല്‍വാസികള്‍ ഉടന്‍ നെന്മാറ പോലീസില്‍ വിവരമറിയിച്ചു. രക്തത്തില്‍ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

പോലീസ് സ്ഥലത്തെത്തി മൃതദേഹം നെന്മാറ സാമൂഹികാരോഗ്യകേന്ദ്രം മോര്‍ച്ചറിയിലേക്ക് മാറ്റി. കഴുത്തിനും കൈയ്ക്കുമാണ് വെട്ടേറ്റിട്ടുള്ളത്. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരും പരിശോധന നടത്തി. വീടിന് സമീപത്ത് കണ്ട വാച്ചില്‍ മണം പിടിച്ച് പോലീസ് നായ തൊട്ടടുത്തുള്ള വരമ്പിലൂടെ ഓടി അയ്യപ്പന്‍കുന്നിലെത്തുകയും ചെയ്തു. പിന്നീട് തൊട്ടുമുന്നിലുള്ള അയല്‍വാസിയുടെ വീടിന്റെ ശൗചാലയത്തില്‍ കയറി. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തി.

നടുക്കം മാറാതെ ബോയന്‍ കോളനിക്കാര്‍

പോത്തുണ്ടി അണക്കെട്ടിനു താഴെയുള്ള ബോയൻ കോളനിയിലെ അവസാനത്തെ വീടാണ് സജിതയുടേത്. ഏതൊരു കാര്യത്തിനും ഈ കല്ലിട്ട പാതയിലൂടെ നടന്നുവേണം പോത്തുണ്ടിയിലേക്ക് എത്തിച്ചേരാൻ. അതുകൊണ്ടുതന്നെ എല്ലാവർക്കും സുപരിചിതയായിരുന്നു സജിത. കൊല്ലപ്പെട്ടുവെന്ന്‌ പറഞ്ഞപ്പോൾ ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശനിയാഴ്ച ഉച്ചയോടെ പെയ്ത മഴ തോർന്നതിനൊപ്പം കോളനിയിലാകെ ദുഃഖത്തിലാക്കിയാണ് ഈ വാർത്ത പരന്നത്. മാവേലി സ്‌റ്റോറിലേക്ക് പോയി മടങ്ങിവന്ന തൊട്ടടുത്തവീട്ടിലെ പുഷ്പയാണ് മഴ വന്നിട്ടും ഉണക്കാൻവെച്ചിട്ടുള്ള മുളകും മല്ലിയുമെടുക്കാൻ വരാതിരുന്ന സജിതയെ ആദ്യം അന്വേഷിച്ചത്. സുധാകരന്റെ അമ്മ ലക്ഷ്മിയോടൊപ്പം അവിടൊക്കെ അന്വേഷിച്ചുവെങ്കിലും അലക്കിയ തുണിപോലും ഉണക്കാനിടാതെ വെച്ചിരിക്കുന്നതാണ് കണ്ടത്.

തുടർന്നുള്ള പരിശോധനയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ട് പേടിച്ച് ബഹളം വെച്ചതോടെയാണ് കോളനിക്കാരെല്ലാം ഇവിടേയ്ക്ക് ഓടിയെത്തിയത്. നെന്മാറയിൽ നിന്ന് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുമ്പോഴും സജിത മരിക്കരുതെന്ന പ്രാർഥനയിലായിരുന്നു കോളനിയിലുള്ളവർ. മരണവിവരമറിഞ്ഞതും തൊട്ടടുത്തെ വീട്ടമ്മമാർ പലരും വാവിട്ടുകരഞ്ഞു.

ഒടുവിൽ പ്രതി പിടിയിലായപ്പോൾ

വീട്ടമ്മയുടെ കൊലപാതകത്തിന് കാരണമായത് പ്രതിയുടെ അന്ധവിശ്വാസവും വ്യക്തിവൈരാഗ്യവും. ബോയന്‍ കോളനിയില്‍ സജിത കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ചെന്താമരാക്ഷനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

ബോയന്‍ കോളനിയില്‍ കൊല്ലപ്പെട്ട സജിതയുടെ വീടിന് സമീപം താമസിക്കുന്ന ചെന്താമരാക്ഷനാണ് പ്രതി. പൊലീസ് ഏറെ പാടുപെട്ടാണ് ചെന്താമരാക്ഷനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കൊലപാതകത്തിന്റെ നടുക്കം വിട്ടുമാറാെത അത്രമാത്രം നാടൊന്നാകെ രോഷത്തിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് സജിതയെ വീടിനുളളില്‍ വച്ച് ചെന്താമരാക്ഷന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ചെന്താമരാക്ഷന്‍ വീടിന് സമീപത്തുളളവരുമായി ഏറെ നാളായി അടുപ്പമില്ല. അന്ധവിശ്വാസവും വ്യക്തിവൈരാഗ്യവും കൊലപാതകത്തിന് കാരണമായി. നാലു പേരെ കൊല്ലുമെന്ന് ചെന്താമരാക്ഷന്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.  തിരുപ്പൂരില്‍ ഡ്രൈവറായി ജോലിചെയ്യുകയാണ് ഭര്‍ത്താവ് സുധാകരന്‍. കുന്ദംകുളത്ത് നഴ്‌സിങ് വിദ്യാര്‍ഥിയായ അതുല്യയും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന അഖിലയുമാണ് മക്കള്‍.