ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വളരെ അധികം ആളുകൾ ഓൺലൈൻ ആയി സിനിമകൾ കാണാൻ ഉപയോഗിക്കുന്ന ഒ ടി ടി പ്ലാറ്റ് ഫോം ആണ് നെറ്റ്ഫ്ലിക്സ്. മികച്ച മലയാള സിനിമകളും വെബ് സീരീസുകളും ഉള്ളതുകൊണ്ട് യുകെയിലെ മലയാളികളുടെ ഇടയിലും നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയർന്നിട്ടും നെറ്റ്ഫ്ലിക്സ് അവരുടെ സബ്സ്ക്രിപ്ഷൻ ചാർജ്ജ് ഉയർത്തിയത് സിനിമാപ്രേമികൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.
പ്രതിമാസം 18 ശതമാനം വർദ്ധനവ് ആണ് നെറ്റ്ഫ്ലിക്സ് നടപ്പാക്കിയിരിക്കുന്നത്. പരസ്യങ്ങളില്ലാതെ സ്ട്രീമിംഗ് സേവനം ലഭിക്കുന്നതിനായി ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് സബ്സ്ക്രിപ്ഷന്റെ വില 2 പൗണ്ട് വർദ്ധിപ്പിച്ച് പ്രതിമാസം 12.99 പൗണ്ട് ആക്കി. നെറ്റ്ഫ്ലിക്സിൻ്റെ മറ്റ് പാക്കേജുകളിലും സമാനമായ രീതിയിലുള്ള വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്. 2023 ഒക്ടോബർ മാസത്തിലാണ് നെറ്റ്ഫ്ലിക്സ് യുകെയിൽ അവസാനമായി വില വർദ്ധനവ് നടപ്പിലാക്കിയത്.
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനാണ് സബ്സ്ക്രിപ്ഷൻ ചാർജ്ജ് വർധിപ്പിച്ചതെന്ന് കമ്പനി പറഞ്ഞു. കഴിഞ്ഞമാസം യുഎസും കാനഡയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സബ്സ്ക്രിപ്ഷൻ ചാർജുകൾ ഉയർത്തിയിരുന്നു. യുകെയിൽ പരസ്യങ്ങളോടുകൂടിയ ഒരു സാധാരണ സബ്സ്ക്രിപ്ഷൻ്റെ വില പ്രതിമാസം £1 മുതൽ £5.99 വരെയാണ് ഉയർന്നത് . ഏറ്റവും ചെലവേറിയ “പ്രീമിയം” ശ്രേണിയും £1 മുതൽ £18.99 വരെ കൂടി . പുതിയതായി അംഗങ്ങളെ ചേർക്കുന്നതിനുള്ള ചിലവും കൂട്ടിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിൻ്റെ എതിരാളികളായ ഡിസ്നി+, സ്പോട്ടിഫൈ, പാരാമൗണ്ട്+ എന്നിവ കഴിഞ്ഞ വർഷം വില വർദ്ധിപ്പിച്ചിരുന്നു . വിലക്കയറ്റം ഉപഭോക്താക്കളെ കടുത്ത രീതിയിൽ നിരാശാജനകമാക്കുന്നെന്നും അവർ സബ്സ്ക്രിപ്ഷൻ പുതുക്കാതിരിക്കാനുള്ള സാധ്യതയുണ്ടെന്നും പിപി ഫോർസൈറ്റിലെ ടെക്നോളജി അനലിസ്റ്റായ പൗലോ പെസ്കറ്റോർ പറഞ്ഞു.
Leave a Reply