ഗുജറാത്തിലെ ബിജെപി സർക്കാർ മുഖ്യമന്ത്രി വിജയ് രൂപാനിക്കും മറ്റ് വിവിഐപികൾക്കും സഞ്ചരിക്കാനായി ഒരു അത്യാഡംബര വിമാനം സ്വന്തമാക്കി. 191 കോടി രൂപയാണ് ഈ വിമാനത്തിന് വില.
രണ്ട് എൻജിൻ ഘടിപ്പിച്ച ബമ്പാഡിയർ ചാലഞ്ചർ 650 വിമാനമാണ് ഗുജറാത്ത് വാങ്ങിയിരിക്കുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഈ അത്യാഡംബര വിമാനം ഡെലിവറി ചെയ്ത് കിട്ടും.
12 യാത്രക്കാർക്ക് ഈ വിമാനത്തിൽ സഞ്ചരിക്കാനാകും. ഒറ്റപ്പറക്കൽ റെയ്ഞ്ച് 7000 കിലോമീറ്ററാണ്. കഴിഞ്ഞ 20 വർഷമായി സംസ്ഥാന സർക്കാർ വിവിഐപികൾക്കായി ഉപയോഗിച്ചു വരുന്നത് ബീച്ച്ക്രാഫ്റ്റ് സൂപർ കിങ് എയർക്രാഫ്റ്റാണ്. ഇതിന്റെ റെയ്ഞ്ച് താതരമ്യേന കുറവാണ്. ഇതിൽ ഒമ്പതു പേർക്കേ സഞ്ചരിക്കാനാകൂ.
വിമാനം രണ്ടാഴ്ചയ്ക്കുള്ളിൽ കിട്ടുമെങ്കിലും അനുമതികളെല്ലാം ലഭിച്ച് പറക്കാൻ സജ്ജമാകാൻ രണ്ടുമാസം കൂടി പിടിക്കും.
റെയ്ഞ്ച് വളരെ കൂടുതലായതിനാൽ ചൈന പോലുള്ള അയൽരാജ്യങ്ങളിലേക്കും ഈ വിമാനത്തിൽ മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖർക്കും സഞ്ചരിക്കാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്. ദൂരയാത്രകൾക്ക് നിലവിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യാറ്. മണിക്കൂറിന് കുറഞ്ഞത് 1 ലക്ഷം രൂപ വെച്ച് വാടക വരും ഇവയ്ക്ക്.
Leave a Reply