ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ജന്മമെടുത്ത് ആറുമാസം പിന്നിടുമ്പോള്‍ വളര്‍ച്ചയുടെ മറ്റൊരു നാഴികക്കല്ലു കൂടി. രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളിലേയ്ക്കു കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നതിനും ആത്മീയ ശുശ്രൂഷകളും മറ്റു സഭാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനുമായി രൂപതയുടെ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ പരിഗണിച്ച് എട്ടു റീജിയണുകളാക്കി പ്രഖ്യാപിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ വിജ്ഞാപനമിറക്കി.
ഓരോ റീജിയണിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനായി എട്ടു വൈദികരെയും രൂപതാധ്യക്ഷന്‍ ചുമതലപ്പെടുത്തി. റവ. ഫാ. ജോസഫ് വെമ്പാടുംതറ വി സി (ഗ്ലാസ്‌ഗോ) റവ. ഫാ. തോമസ് തൈക്കൂട്ടത്തില്‍ എം.എസ്.ടി(മാഞ്ചസ്റ്റര്‍), റവ. ഫാ. സജി തോട്ടത്തില്‍ (പ്രസ്റ്റണ്‍) റവ. ഫാ. ജെയ്‌സണ്‍ കരിപ്പായി (കവന്‍ട്രി), റവ. ഫാ. ടെറിന്‍ മുല്ലക്കര (കേംബ്രിഡ്ജ്), റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി. (ബ്രിസ്‌റ്റോള്‍) റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല (ലണ്ടന്‍), റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ (സൗത്താംപ്ടണ്‍) എന്നിവരാണ് ഇനി എട്ട് റീജിയണുകളുടെ കോ ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നത്.
രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന എല്ലാ അജപാലന പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ ഈ എട്ട് റീജിയണുകളിലൂടെയായിരിക്കും നടപ്പിലാക്കുകയെന്ന് മാര്‍ സ്രാമ്പിക്കല്‍ അറിയിച്ചു. ബൈബിള്‍ കണ്‍വെന്‍ഷനുകള്‍, രൂപതാ തലത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കലാമത്സരങ്ങള്‍,വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സംവിധാനത്തിലൂടെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ പരിധിക്കുള്ളില്‍ വരുന്ന 165ല്‍പരം കുര്‍ബാന സെന്ററുകളെയും ഈ എട്ട് റീജിയണുകളിലായി തിരിച്ചിട്ടുണ്ട്.
സുവിശേഷത്തിന്റെ രത്‌നച്ചുരുക്കമെന്ന് വിളിക്കപ്പെടുന്ന അഷ്ട സൗഭാഗ്യങ്ങള്‍ (മത്താ 5: 1-11) പോലെ ഈ എട്ട് റീജിയണുകള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ സുവിശേഷത്തിന്റഎ ജോലി ചെയ്യാന്‍ കൂടുതല്‍ സഹായകമാകും. രൂപതാധ്യക്ഷന്റെ സര്‍ക്കുലറും റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍, കുര്‍ബാന സെന്ററുകള്‍ എന്നിവയുടെ ലിസ്റ്റും ചുവടെ ചേര്‍ത്തിരിക്കുന്നു.
Leave a Reply