ന്യൂഡല്‍ഹി: സോണിയാ ഗാന്ധിക്കെതിരെ തെളിവുകള്‍ കൈമാറിയാല്‍ കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിട്ടയയ്ക്കാമെന്ന് മോഡി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ആയുധ ഏജന്റായ ക്രിസ്ത്യന്‍ മിഷേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ന്യൂയോര്‍ക്കില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മത്തേയോ റെന്‍സിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയിലാണ് മോഡി ഈ ഉറപ്പുനല്‍കിയതെന്നാണ് മിഷേല്‍ അറിയിച്ചത്. കടല്‍ക്കൊലക്കേസ് പരിഗണിക്കുന്ന ഹാംബര്‍ഗിലെ അന്താരാഷ്ട്ര ട്രിബ്യൂണലിനും ഹേഗിലെ പെര്‍മെനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനും നല്‍കിയ കത്തിലാണ് ഈ വെളിപ്പെടുത്തല്‍.
ഫിന്‍മെക്കാനിക്ക അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കോ കുടുംബത്തിനോ എതിരെ തെളിവുകള്‍ കൈമാറിയാല്‍ പകരം നാവികരെ മോചിപ്പിക്കാമെന്ന് മോഡി വാഗ്ദാനം ചെയ്തതായി ക്രിസ്ത്യന്‍ മിഷേല്‍ പറയുന്നു. ഡിസംബര്‍ 23നാണ് അഭിഭാഷകന്‍ മുഖേനെ ട്രിബ്യൂണലിന് മിഷേല്‍ കത്ത് കൈമാറിയത്. യുപിഎ ഭരണകാലത്തെ വിവാദ ആയുധ ഇടപാടുകളായിരുന്നു ഫിന്‍മെക്കാനിക്കയും അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡും. ഫിന്‍മെക്കാനിക്കയിലെ മൂന്ന് ഉന്നത വൃത്തങ്ങളില്‍ നിന്നാണ് താന്‍ ഇക്കാര്യമറിഞ്ഞതെന്നും അന്താരാഷ്ട്ര കോടതിക്ക് മുന്നില്‍ അതീവ രഹസ്യമായി ഉറവിടം വെളിപ്പെടുത്താമെന്നും കത്തില്‍ മിഷേല്‍ പറയുന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട് കേസില്‍ ഇന്ത്യ തേടുന്ന പ്രതികളിലൊരാളാണ് ക്രിസ്ത്യന്‍ മിഷേല്‍.
നാവികരുടെ മോചനത്തിന് ഇറ്റലിയും ഇന്ത്യയും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് മിഷേലിന്റെ വെളിപ്പെടുത്തല്‍. സോണിയാ ഗാന്ധിയുമായോ കുടുംബവുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായില്‍ വെച്ച് കൊല്‍ക്കത്തയിലെ ദി ടെലഗ്രാഫ് പത്രത്തിനോടാണ് ക്രിസ്ത്യന്‍ മിഷേലിന്റെ വെളിപ്പെടുത്തല്‍. മോഡിക്കെതിരായ പുതിയ വെളിപ്പെടുത്തല്‍ ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിക്കുമെന്ന കാര്യം ഉറപ്പാണ്. 2014 ഓഗസ്റ്റ് 11ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി റെന്‍സി മോഡിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മറീനുകളുടെ മോചനത്തിന് നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം.