ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പലിശ നിരക്ക് ക്രമാതീതമായി കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മോർട്ട്ഗേജ്‌ ഉടമകൾ തിരിച്ചടയ്ക്കാത്ത ഉടമകളിൽ നിന്ന് വസ്തു തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനു മുൻപ് ആളുകൾക്ക് 12 മാസത്തെ ഇടവേള നൽകുവാനുള്ള പുതിയ ധാരണ പ്രമുഖ മോർട്ട്ഗേജ് ലെൻഡർമാരും ചാൻസലർ ജെറമി ഹണ്ടും തമ്മിൽ ഉണ്ടായിരിക്കുകയാണ്. ബേസ് റേറ്റ് 5% ആയി നിലനിൽക്കെയാണ്, ചാൻസിലർ പ്രമുഖ ലൻഡർമാരായ ലോയിഡ്സ്, ബാർക്ലെയസ്, നാറ്റ്വെസ്റ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതും തുടർന്ന് ഈ ധാരണയിലേക്ക് എത്തിയതുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുടങ്ങിയ പെയ്മെന്റിനു ശേഷമുള്ള 12 മാസങ്ങളാണ് മോർട്ട്ഗേജ് ഉടമകൾക്ക് ഗ്രേസ് പീരീഡ് ആയി നൽകുന്നത്. ഈ സമയത്ത് വീടുകൾ തിരിച്ചെടുക്കുന്നതിൽ നിന്നും ലെൻഡർമാരെ പിന്തിരിപ്പിക്കുന്നതാണ് പുതിയതായി ഉണ്ടായിരിക്കുന്ന ധാരണ. തിരിച്ചടവുകളുമായി ബുദ്ധിമുട്ടുന്നവർ തങ്ങളുടെ ബാങ്കുകളുമായോ ലെൻഡർമാരുമായോ സംസാരിച്ചു ആവശ്യമായ ഓപ്ഷനുകൾ ലഭ്യമാക്കണമെന്ന് ചാൻസിലർ ജെറമി ഹണ്ട് വ്യക്തമാക്കി. ഇത്തരം കൂടിക്കാഴ്ചകൾ ഒന്നും തന്നെ ഉടമകളുടെ ക്രെഡിറ്റ് റേറ്റിങ്ങിൽ വ്യത്യാസം വരുത്തില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരിച്ചടവ് കാലാവധിയുടെ ദൈർഘ്യം മാറ്റുകയോ പലിശ മാത്രമുള്ള പ്ലാനുകളിലേയ്ക്ക് പോകുകയോ ചെയ്യുന്ന ആളുകൾക്ക് അവരുടെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കാതെ ആറ് മാസത്തിനുള്ളിൽ തങ്ങളുടെ തീരുമാനം മാറ്റാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുതുതായി ഉണ്ടായിരിക്കുന്ന ധാരണ എല്ലാ ബാങ്കുകൾക്കും ഒരുപോലെ നിർബന്ധമാക്കണമെന്നും അല്ലെങ്കിൽ ഏകദേശം രണ്ട് മില്യനോളം ആളുകൾക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകാതെ പോകുമെന്നും ലേബർ പാർട്ടി അംഗങ്ങൾ വ്യക്തമാക്കി. കോവിഡ് കാലത്തും ഗവൺമെന്റ് ഇത്തരത്തിൽ ഗ്രേസ് പീരിയഡുകൾ മോർട്ട്ഗേജ് ഉടമകൾക്ക് ലഭ്യമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾക്ക് തികച്ചും ആശ്വാസം നൽകുന്നതാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന പുതിയ തീരുമാനം.