ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ?? എങ്കിൽ ഇനി മുതൽ നിങ്ങൾക്ക് പിടി വീഴും. റോഡ് സുരക്ഷയുടെ ഭാഗമായി സർക്കാരിന്റെ പുതിയ എ ഐ ക്യാമറകൾ ചൊവ്വാഴ്ച മുതൽ പ്രവർത്തനക്ഷമമാകും. സുരക്ഷിതമായ റോഡുകൾ ഉറപ്പാക്കുന്നതിനും, വാഹന അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമാണ് ദേശീയ ട്രയലിന്റെ ഭാഗമായി ഗ്രേറ്റർ മാഞ്ചസ്റ്ററിലും സമീപപ്രദേശങ്ങളിലും പുതിയ എ ഐ ക്യാമറകൾ വിന്യസിച്ചിരിക്കുന്നത്. വാഹനം ഓടിക്കുമ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് ക്യാമറയിൽ പെട്ടാൽ, ഡ്രൈവർക്ക് 1000 പൗണ്ട് ഫൈനോ അല്ലെങ്കിൽ ലൈസൻസിൽ 6 പോയിന്റുകൾ ലഭിക്കുകയോ ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നവരെയും, സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും മറ്റും കണ്ടെത്തുന്നതിന് വേണ്ടി പ്രത്യേകമായാണ് പുതിയ ക്യാമറകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തുടക്കത്തിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ, സസ്സെക്സ്, ഡർഹാം എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുന്ന ഗ്രേറ്റർ മാഞ്ചസ്റ്ററിൻ്റെ ക്യാമറകൾ നിർമ്മിച്ചിരിക്കുന്നത് ടെക്‌നോളജി കമ്പനിയായ അക്യുസെൻസസ് ആണ്. 2021 ലാണ് ആദ്യമായി എ ഐ ഹെഡ്സ് അപ്പ് സോഫ്റ്റ്‌വെയർ നാഷണൽ ഹൈവേ ഉപയോഗിക്കുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഈ ക്യാമറകൾ ദൃശ്യങ്ങൾ പകർത്തിയശേഷം എഐ സോഫ്റ്റ്‌വെയറിലൂടെ ഫോൺ ഉപയോഗിക്കുന്നവരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും ഓട്ടോമാറ്റിക്കായി കണ്ടെത്തുകയാണ് ചെയ്യുന്നത്.

എ ഐ ഫൂട്ടേജുകൾ പിന്നീട് കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ഉറപ്പാക്കുവാനായി അധികൃതർ പരിശോധിക്കും. ഇത്തരത്തിൽ ഉറപ്പാക്കുന്ന ഡ്രൈവർമാർക്ക് പെനാൽറ്റി ചാർജ്ജ് നോട്ടീസുകൾ ലഭിക്കും. പോലീസ് അധികൃതർക്ക് എപ്പോഴും എല്ലായിടവും ഉണ്ടാകാൻ സാധിക്കില്ല. അതിനാൽ തന്നെ ടെക്നോളജിയുടെ എല്ലാവിധ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് ആവശ്യമെന്ന് റോഡ് സുരക്ഷാ വക്താവ് വ്യക്തമാക്കി. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് കോൾ ചെയ്യുന്നതും, മെസ്സേജുകൾ അയക്കുന്നതും നിയമവിരുദ്ധമാണ്. വാഹനം ഓടിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതും മറ്റും കുറ്റകൃത്യം അല്ലെങ്കിലും, അശ്രദ്ധമായ ഡ്രൈവിങ്ങിന് പെനാൽറ്റി ഈടാക്കാനുള്ള നിയമങ്ങൾ നിലവിലുണ്ട്. വാഹനം ഓടിക്കുമ്പോൾ പുകവലിക്കുന്നത് നിയമവിരുദ്ധം അല്ലെങ്കിലും, വാഹനത്തിൽ 18 വയസ്സിൽ താഴെയുള്ളവർ ഉണ്ടെങ്കിൽ പുകവലിക്കുവാൻ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. ഇത്തരത്തിൽ നിയമങ്ങൾ പൂർണ്ണമായി അനുസരിക്കാത്തവർക്ക് ഇനിമുതൽ ശക്തമായ പിഴകൾ ലഭ്യമാകും.