ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്തനാർബുദം ഒന്നു വന്നവരിൽ വീണ്ടും രോഗം തിരിച്ചു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഒരു പ്രാവശ്യം രോഗം വന്ന് സുഖപ്പെട്ടവരിൽ കർശനമായ തുടർ പരിശോധനകൾ ആവശ്യമാണ് . എന്നാൽ സ്തനാർബുദ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്ന കണ്ടുപിടുത്തവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച്ചിലെ ഗവേഷകർ.


സ്തനാർബുദം ഒരിക്കൽ വന്ന രോഗികളിൽ രക്ത പരിശോധനയിലൂടെ വീണ്ടും വരാനുള്ള സാധ്യത കണ്ടെത്താമെന്നാണ് ഗവേഷകർ പറയുന്നത്. പുതിയ പരിശോധനാ രീതിക്ക് 100 ശതമാനം കൃത്യത ഉറപ്പാക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറഞ്ഞു. അതുകൊണ്ട് തന്നെ ചികിത്സ നേരത്തെ ആരംഭിക്കാനും അതുവഴി രോഗികളുടെ അതിജീവന നിരക്ക് മെച്ചപ്പെടുത്താനും സാധിക്കും. സ്തനാർബുദ ചികിത്സാ രംഗത്ത് പുതിയ കണ്ടുപിടുത്തം വിപ്ലവകരമായ പരിവർത്തനത്തിന് കാരണമാകും.

ലോകമെമ്പാടും ഏറ്റവും സർവ സാധാരണമായി പ്രധാനമായും സ്ത്രീകളെ വളരെ അപൂർവമായി പുരുഷന്മാരെയും ബാധിക്കുന്ന രോഗമാണ് സ്തനാർബുദം. 2020 -ൽ 2.26 ദശലക്ഷം സ്ത്രീകൾക്കാണ് ലോകമെമ്പാടും സ്തനാർബുദം ബാധിച്ചതായി കണ്ടെത്തിയത്. അതേവർഷം 685,000 സ്ത്രീകളാണ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞത്. ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച്ചിലെ (ഐസിആർ) ഗവേഷകരുടെ ഒരു സംഘം വ്യത്യസ്ത തരത്തിലുള്ള സ്തനാർബുദമുള്ള 78 രോഗികളിൽ പരീക്ഷണം നടത്തിയാണ് പുതിയ രീതി വികസിപ്പിച്ചത് . ചിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി കോൺഫറൻസിൽ ആണ് പുതിയ ഗവേഷണഫലങ്ങൾ അവതരിപ്പിച്ചത്. ഇതനുസരിച്ചു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് 15 മാസം മുമ്പ് രക്തപരിശോധനയിൽ ക്യാൻസർ കണ്ടെത്താം . സാധാരണ രക്തപരിശോധനകളേക്കാൾ പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കൂടുതലുള്ള പുരുഷന്മാരെ തിരിച്ചറിയുന്നതിൽ വീട്ടിൽ നടത്താവുന്ന ഉമിനീർ പരിശോധന മികച്ചതാണെന്ന ക്യാൻസർ യുകെയുടെ കണ്ടെത്തൽ ലോകമെങ്ങും വൻ വാർത്ത പ്രാധാന്യം നേടിയിരുന്നു.