ന്യൂസ് ഡെസ്ക്

മാർച്ച് 29 ന് യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പിന്മാറുന്നതിന് മുന്നൊരുക്കമായി തയ്യാറാക്കിയ ഗവൺമെൻറ് ഡീൽ പാർലമെന്റിൽ പരാജയപ്പെട്ടു. പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച പുതിയ ബ്രെക്സിറ്റ് ഡീൽ പാർലമെൻറ് 242 നെതിരെ 391 വോട്ടുകൾക്ക് തള്ളി. ഡീൽ തൃപ്തികരമല്ലെന്ന് വാദിക്കുന്ന കൺസർവേറ്റീവ് അംഗങ്ങളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയും പ്രതിപക്ഷമായ ലേബർ പാർട്ടിയും ഡീലിനെതിരായി വോട്ടു രേഖപ്പെടുത്തി. ജനുവരി 15 ന്  നടന്ന സമാനമായ വോട്ടെടുപ്പിലും തെരേസ മേ അവതരിപ്പിച്ച ഡീൽ പാർലമെൻറ് തള്ളിയിരുന്നു. 202 നെതിരെ 432 വോട്ടിനായിരുന്നു അന്ന് എംപിമാർ പാർലമെന്റിൽ ഡീൽ പരാജയപ്പെടുത്തിയത്. ഇതേത്തുടർന്നു യൂറോപ്യൻ യൂണിയനുമായി  ഉണ്ടാക്കിയ ഡീൽ മെച്ചപ്പെടുത്തുന്നതിനായി തെരേസ മേ മാരത്തൺ ചർച്ചകളാണ് നടത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഐറിഷ് ബാക്ക് സ്റ്റോപ്പുമായി ബന്ധപ്പെട്ടാണ് പ്രധാനമായും എം പിമാർ അസംതൃപ്തി പ്രകടിപ്പിക്കുന്നത്. നിയമ പരിരക്ഷയോടെയുള്ള ഉറപ്പ് ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ നല്കിയിട്ടുണ്ടെന്ന് തെരേസ മേ പാർലമെൻറിനെ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ ഭൂരിപക്ഷം എംപിമാരും തയ്യാറായില്ല.

ഇനി രണ്ടു വഴികളാണ് ഗവൺമെന്റിന് മുൻപിലുള്ളത്. നേരത്തെ തീരുമാനിച്ച സമയക്രമം പാലിച്ചുകൊണ്ട് നോ ഡീൽ ബ്രെക്സിറ്റിനുള്ള പ്രമേയം നാളെ പാർലമെന്റിൽ അവതരിപ്പിക്കും. നോ ഡീലിന് പാർലമെൻറ് സമ്മതിക്കുന്ന പക്ഷം മാർച്ച് 29 ന് ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ ബന്ധം അവസാനിക്കും. നോ ഡീൽ പ്രമേയം പാർലമെന്റ് തള്ളിയാൽ മാർച്ച് 14 ന് ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടാനുള്ള അനുമതിക്കായി തെരേസ മേ വീണ്ടും പാർലമെൻറിനോട് അഭ്യർത്ഥിക്കും. അനുമതി ലഭിച്ചാൽ യൂറോപ്യൻ യൂണിയനുമായി വീണ്ടും ഡീൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായി ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടിക്കിട്ടാൻ തെരേസ മേ യൂറോപ്യൻ പാർലമെൻറിനെ സമീപിക്കും. പാർലമെൻറ് അനുമതി നൽകാത്ത പക്ഷം മാർച്ച് 29 ന് യൂറോപ്യൻ യൂണിയനുമായി യാതൊരു കരാറും ഉറപ്പിക്കാതെ ബ്രിട്ടൺ പുറത്തുവരും.