ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ പലയിടങ്ങളിലും കോവിഡിന്റെ ജനിതക വകഭേദങ്ങളുടെ കടന്നാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കോവിഡിന്റെ ഏറ്റവും പുതിയ വകഭേദങ്ങളിലൊന്നായ പിറോള വൈറസിന്റെ കടന്നാക്രമണത്തെ തുടർന്ന് റട്ട്‌ലാന്റിലെ ഉപ്പിംഗ്ഹാം കമ്മ്യൂണിറ്റി കോളേജ് ഭാഗികമായി അടച്ചു . വൈറസ് ബാധയെ തുടർന്ന് 13 അധ്യാപകർ കഴിഞ്ഞദിവസം അവധിയെടുത്തിരുന്നു .

ഇതിനെ തുടർന്ന് 8 മുതൽ 10 വയസ്സ് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താനാണ് സ്കൂൾ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ ഇന്നുകൂടി തുടരും . സ്കൂളുകളിൽ എല്ലാ കുട്ടികളും വരുന്നത് സുരക്ഷിതമല്ലാത്ത ഒരു ഘട്ടത്തിലെത്തിയതിനാലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് സ്കൂളിൻറെ പ്രിൻസിപ്പൽ ആയ ബെൻ സോളി മാതാപിതാക്കളെ അറിയിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇന്ന് കൂടുതൽ അധ്യാപകരും വിദ്യാർത്ഥികളും അവധിയെടുക്കാനുള്ള സാധ്യത ഉണ്ടെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

കോവിഡിന്റെ ഏറ്റവും പുതിയ വേരിയന്റായ പിറോള ( BA. 2.86) നെ കുറിച്ചുള്ള ആശങ്ക രാജ്യത്തെങ്ങും ശക്തമായി തുടരുകയാണ്. പിറോള വൈറസ് അപകടകരമായേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് വ്യാപകമായി വാക്സിൻ വിതരണം നടത്തുന്നതിനായി ഗവൺമെൻറ് നടപടികളെടുത്തത്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സെപ്റ്റംബർ 18 വരെ 54 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പുതിയതായി 12 പേർക്ക് കൂടി രോഗം ബാധിച്ചതിനെ അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. ഇതുവരെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും രോഗലക്ഷണങ്ങൾ ഉള്ള ആളുകൾ വീട്ടിൽ തന്നെ തുടരാനും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കാനുമാണ് എൻഎച്ച്എസ് നിർദ്ദേശം നൽകിയിരിക്കുന്നത്.