സ്വന്തം ലേഖകൻ
യു കെ :- കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനായി കാർബൺ എമിഷൻ കുറയ്ക്കുവാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന്റെ ഭാഗമായി പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന 2030 മുതൽ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, നിലവിലുള്ള പെട്രോൾ, ഡീസൽ കാറുകൾക്ക് ഇലക്ട്രിക് കൺവേർഷൻ കിറ്റുകൾ ലഭ്യമാക്കുവാനുള്ള പുതിയ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ പെട്രോൾ, ഡീസൽ മുതലായ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന കാറുകൾ, ഇലക്ട്രിക് കൺവേർഷൻ കിറ്റിലൂടെ ഇലക്ട്രിക് ബാറ്ററി ഓപ്പറേറ്റിങ് കാറുകൾ ആയി മാറ്റുവാൻ സാധിക്കും. എല്ലാ ബ്രാൻഡ് കാറുകൾക്കും ഈ ഉപകരണം പ്രവർത്തന യോഗ്യമാണെന്ന് കമ്പനി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ രേഖപ്പെടുത്തുന്നു. ഇതിന് ചെലവാകുന്ന ഏറ്റവും കൂടുതൽ തുക 993 പൗണ്ട് മാത്രമായിരിക്കും. എന്നാൽ കാറിന്റെ വെയിറ്റ് അനുസരിച്ച് ഈ തുകയിൽ കുറവ് വരാനുള്ള സാധ്യതയുമുണ്ട്.
ക്ലാസിക് കാറുകൾ ആയ റോൾസ് റോയ്സ് മുതലായവയ്ക്കും ഇത്തരത്തിൽ ഇലക്ട്രിക് എൻജിനുകൾ വയ്ക്കുന്നത് സംബന്ധിച്ച് പുതിയ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ. കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന കാർബൺ എമിഷന് ഏറ്റവും കൂടുതൽ കാരണമാകുന്നത് പെട്രോൾ, ഡീസൽ മുതലായ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന കാറുകൾ പുറംതള്ളുന്ന പുകയാണ്. അതിനാൽ തന്നെ ഇലക്ട്രിക് കാറുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുവാൻ പരിശ്രമിക്കുകയാണ് സർക്കാരും, മറ്റ് കമ്പനികളും. ഇലക്ട്രിക് കാറുകൾക്ക് ചിലവ് കൂടുതലായതിനാൽ, നിലവിലുള്ള കാറുകളെ ഇലക്ട്രിക് എൻജിനിലേക്ക് മാറ്റുവാനാണ് പരമാവധി ഉപഭോക്താക്കളും ശ്രമിക്കുന്നത്. ന്യൂ ഇലക്ട്രിക് എന്ന ഒരു ഡച്ച്- ഐറിഷ് കമ്പനിയാണ് ഇത്തരത്തിൽ ഇലക്ട്രിക് കൺവേർഷൻ കിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്.
ഇതിന് ചിലവാകുന്ന തുക പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതർ. അടുത്തിടെയായി ഒരു ബിഎംഡബ്ല്യു ത്രീ സീരിസ് കാർ ഇലക്ട്രിക് എൻജിനിലേക്ക് മാറ്റുന്നതിനായി 900 പൗണ്ട് മാത്രമാണ് ചിലവായത് എന്ന് കമ്പനി അധികൃതർ അറിയിച്ചു. ജനങ്ങൾ എല്ലാവരും ഇതിനോട് സഹകരിക്കണമെന്ന ആവശ്യം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
Leave a Reply