തീവ്രവാദ സംഘങ്ങളെ പിന്തുണച്ചുകൊണ്ടുള്ള അതിരുകടന്ന പ്രസ്താവനകള്‍ക്കും തീവ്രവാദ ഉള്ളടക്കമുള്ളവ മൂന്ന് തവണയില്‍ കൂടുതല്‍ നോക്കുന്നതും ശിക്ഷാര്‍ഹമാക്കുന്ന പുതിയ നിയമം പരിഗണനയില്‍. കൗണ്ടര്‍ ടെററിസം ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി ബില്‍ ആണ് കടുത്ത നിയന്ത്രണങ്ങളുമായി എത്തുന്നത്. എന്നാല്‍ ഈ നിയമം മനുഷ്യാവകാശ ലംഘനമാകുമെന്ന് എംപിമാരും ലോര്‍ഡ്‌സ് അംഗങ്ങളും അഭിപ്രായപ്പെട്ടു. സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമിടയില്‍ തെറ്റായ സന്തുലനമാണ് ഈ ബില്‍ നല്‍കുന്നതെന്നും ജോയിന്റ് കമ്മിറ്റി ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി.
എന്നാല്‍ ഈ വിലയിരുത്തലുകള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഗവണ്‍മെന്റിന്റെ പൂര്‍ണ്ണപിന്തുണയോടെ പാര്‍ലമെന്റിലെ നടപടികള്‍ ബില്‍ വേഗം പൂര്‍ത്തിയാക്കുകയാണ്. ഈ നിയമം നടപ്പായാല്‍ അത് പൗരന്‍മാരുടെ അവകാശങ്ങളായ സ്വകാര്യത, വിശ്വസിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയ്ക്കു മേലുള്ള കടന്നുകയറ്റമായിരിക്കുമെന്നും ജോയിന്റ് കമ്മിറ്റി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് വിലയിരുത്തുന്നു. തീവ്രവാദത്തില്‍ നിന്ന് സുരക്ഷ നല്‍കുക എന്നത് ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. അതേസമയം മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഹാരിയറ്റ് ഹാര്‍മാന്‍ പറഞ്ഞു.
തീവ്രവാദ ഉള്ളടക്കമുള്ളവ മൂന്ന് പ്രാവശ്യം വായിക്കുന്നത് പോലും കുറ്റകരമാക്കുന്നത് വിവരാവകാശത്തിന്റെ ലംഘനമാണെന്ന് കോമണ്‍സ്, ലോര്‍ഡ്‌സ് അംഗങ്ങള്‍ പറയുന്നു. ജേര്‍ണലിസ്റ്റുകള്‍, അക്കാഡമിക്കുകള്‍ തുടങ്ങിയവര്‍ക്ക് ഈ നിബന്ധനയില്‍ ഇളവുകള്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള നിയമങ്ങള്‍ തീവ്രവാദത്തെ ചെറുക്കാന്‍ പര്യാപ്തമാണെന്നിരിക്കെ ഒരു വെബ്‌സൈറ്റില്‍ നോക്കുന്നത് പോലും കുറ്റകരമാക്കുന്ന പുതിയ നിയമത്തിന്റെ ആവശ്യകത എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.
Leave a Reply