ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയിൽസിൽ പനി പടർന്നു പിടിക്കുന്നതായുള്ള ആശങ്കകൾ പുറത്തു വന്നു. ഇതിനെ തുടർന്ന് കനത്ത സുരക്ഷാ നടപടികളുമായി ഭരണകൂടം രംഗത്ത് വന്നു. അണുബാധയുടെ വ്യാപനം നിയന്ത്രിക്കാൻ സൗത്ത് വെയിൽസിൽ ഉടനീളമുള്ള ആശുപത്രികളിലെ രോഗികളോടും സന്ദർശകരോടും മാസ്ക് ധരിക്കണമെന്ന് കർശന നിർദ്ദേശം നൽകപ്പെട്ടു കഴിഞ്ഞു.
കാർഡിഫ് ആൻഡ് വെയ്ൽ, ഹൈവെൽ ഡിഡ, അനൂറിൻ ബെവൻ, സിഡബ്ല്യുഎം ടാഫ് മോർഗൻവ്ഗ് എന്നീ ഹെൽത്ത് ബോർഡുകൾ എല്ലാം വെള്ളിയാഴ്ച മാസ്ക് ധരിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. വൈറസിന്റെ വ്യാപനം തടയുന്നതിന് മാസ്കുകളുടെ ഉപയോഗം നിർണായകമാണെന്ന് ഹെൽത്ത് ബോർഡ് പറഞ്ഞു. വെയിൽസിലെ ഇൻഫ്ലുവെൻസ് ബാധിച്ച രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ച ഒരു ലക്ഷത്തിൽ 33. 1 ശതമാനമായി ഉയർന്നത് കടുത്ത ആശങ്ക ഉളവാക്കുന്നതായാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ പറയുന്നത്. അന്ന് തൊട്ട് മുൻപുള്ള ആഴ്ചയിൽ പനി ബാധിച്ചവരുടെ എണ്ണം 21.4 ശതമാനമായിരുന്നു.
അടുത്ത ആഴ്ച അവസാനത്തോടെ ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം കുതിച്ചുയരുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. രോഗവ്യാപനം കുറയ്ക്കുന്നതിന് വാർഷിക ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണമെന്ന് ആശുപത്രിയിലെ നേഴ്‌സിംഗ് ഡെപ്യൂട്ടി ഹെഡ് മെയ്‌നിർ വില്യംസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. പനി ബാധിച്ചവർ ആശുപത്രിയിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ എത്തുന്നത് മറ്റുള്ള രോഗികളുടെയും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ കരുതുന്നത്. അതുകൊണ്ടു തന്നെ ശ്വാസകോശ സംബന്ധമായ അണുബാധ ലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രി സന്ദർശിക്കരുതെന്ന് ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
Leave a Reply