മലയാളം യുകെ ന്യൂസ് സെപ്ഷ്യല്‍
ഐഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ ഗുരുതര വീഴ്ച മൂലം വൈറസ് ആക്രമണത്താല്‍ ലോകമെമ്പാടും നൂറുകണക്കിന് ഫോണുകള്‍ ഉപയോഗശൂന്യമായതായി റിപ്പോര്‍ട്ട്. മെസേജുകളുടെ രൂപത്തിലാണ് വൈറസുകള്‍ ഐഫോണിലേയ്ക്ക് എത്തുന്നത്. വൈറസ് നിറഞ്ഞ മെസേജുകള്‍ ഓപ്പണ്‍ ചെയ്താല്‍ ഫോണുകള്‍ പിന്നീട് ഉപയോഗയോഗ്യമല്ലാതായി തീരും. മെസേജുകള്‍ ഓപ്പണ്‍ ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഐ ഫോണിനു പുറമേ മാക് കമ്പ്യൂട്ടറുകളെയാണ് ഈ പുതിയ വൈറസ് ഉന്നമിട്ടിരിക്കുന്നത്. നീളമുള്ള ടാഗിലുള്ള ഓപ്പണ്‍ ട്രാപ്പ് പേജ് തുറക്കുന്നതോടെയാണ് വൈറസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഐഫോണ്‍ എക്സിന് മാര്‍ക്കറ്റിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ പതറി നില്‍ക്കുന്ന ആപ്പിളിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ (ഐ ഒ എസ്) പാളിച്ച മൂലം ഉണ്ടായ വൈറസ് ആക്രമണം. ഐഫോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വളരെയധികം കൊട്ടിഘോഷിച്ച് മാര്‍ക്കറ്റിലിറക്കിയ ഐഫോണ്‍ എക്സിന് ഉപഭോക്താക്കളില്‍ നിന്ന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചിരുന്നില്ല. ആപ്പിളിന്റെ മുന്‍കാല മോഡലുകള്‍ക്ക് ലഭിച്ച സ്വീകാര്യത ആപ്പിള്‍ എക്സിന് ലഭിച്ചില്ല. ഇതിനാല്‍ തന്നെ ആപ്പിള്‍ എക്സ് 2018 മധ്യത്തോടെ ഉല്‍പാദനം നിര്‍ത്തുമെന്നാണ് അറിയുന്നത്. ആദ്യ ദിവസങ്ങളില്‍ വിപണിയില്‍ കാണിച്ച മുന്നേറ്റം നിലനിര്‍ത്താന്‍ ഐഫോണ്‍ എക്സിന് സാധിച്ചില്ല.
ഇതിനിടയില്‍ ഐഫോണ്‍ എക്സിന് വിപണിയില്‍ സംഭവിച്ച തിരിച്ചടി നേരിടുന്നതിനായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആപ്പിള്‍ നീക്കം നടത്തുകയാണ്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും അഭിരുചികളും കണ്ടറിഞ്ഞ് ഐഫോണ്‍ മോഡലുകള്‍ പരിഷ്‌കരിക്കുവാനാണ് തീരുമാനം. കേരളം ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മാപ്പും മറ്റു സേവനങ്ങളും പരിഷ്‌കരിക്കുന്നതിനായി 4000 പേരെയാണ് ആപ്പിള്‍ പുതിയതായി നിയമിക്കുന്നത്. ഇതുകൂടാതെ ആപ്പിള്‍ ബാംഗ്ലൂരില്‍ ആരംഭിച്ച ആപ് ആക്സിലേറ്റര്‍ എന്ന പ്രോഗ്രാമിലൂടെ നിരവധി ഐഒഎസ് ഡെവലപ്പര്‍മാര്‍ പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ആപ്പിളിന്റെ വിവിധ ഉപകരണങ്ങളില്‍ ആപ്പുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ ആപ്പിള്‍ തന്നെ ജോലിയും നല്‍കിയിട്ടുണ്ട്.
Leave a Reply