ഷിബു മാത്യൂ, മലയാളം യുകെ
യോർക്ഷയറിലെ ഹരോഗേറ്റിൽ പുതുതായി രൂപം കൊണ്ട യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയെ ബിനോയ് അലക്സ് നയിക്കും. ഹരോഗേറ്റ്, റിപ്പൺ, ബൊറോബ്രിഡ്ജ്, നെസ്ബൊറോ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി ജനുവരി ആദ്യമാണ് യോർക്ഷയർ കേരള കമ്യൂണിറ്റി രൂപപ്പെട്ടത്. എൺപത്തഞ്ചോളം കുടുംബങ്ങളാണ് നിലവിൽ അംഗങ്ങളായിട്ടുള്ളത്. യോർക്ഷയറിൽ ആദ്യകാലത്തെത്തിയവർ മുതൽ അടുത്ത കാലത്തെത്തിയവർ വരെ പുതുതായി രൂപികരിച്ച യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയിലുണ്ട് എന്നത് ശ്രദ്ധേയമാണ്. ബിനോയ് അലക്സ് പ്രസിഡൻ്റായ അസ്സോസിയേഷനിൽ സിനി ജയൻ സെക്രട്ടറിയും ജോഷി ജോർജ്ജ് ട്രഷറർ, ഗ്ലാഡിസ് പോൾ ജോയിൻ്റ് സെക്രട്ടറിയും കുരിയൻ പൈലി ജനറൽ കോർഡിനേറ്ററുമാണ്. കൂടാതെ സിജിമോൾ കരേടൻ , ബെൻസ് തോമസ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവർ ഈവൻ്റ് കോർഡിനേറ്ററുമാരായ ടീമാണ് 2024 – 2026 കാലഘട്ടത്തിൽ യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയെ നയിക്കുക.
കഴിഞ്ഞ ഏപ്രിൽ പതിമൂന്ന് ശനിയാഴ്ച്ച യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ പ്രഥമ ആഘോഷമായ ഈസ്റ്റർ വിഷു ആഘോഷം നടന്നു. ഹരോഗേറ്റിനടുത്തുള്ള ബിഷപ്പ് മോങ്ങ്ടൺ വില്ലേജ് ഹാളിൽ വൈകിട്ട് 5 മണിക്ക് പരിപാടിയ്ക്ക് തുടക്കം കുറിച്ചു. സ്കിറ്റുകളും ഡാൻസും പാട്ടുകളുമായി മനോഹരമായ ഇരുപത്തിയൊമ്പത് കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി. ആസ്വാദനശൈലി കൊണ്ട് മികച്ച നിലവാരം പുലർത്തിയ കലവിരുന്നാണ് ആഘോഷങ്ങളിലുടനീളം കാണുവാൻ സാധിച്ചത്. അസ്സോസിയേഷനിലെ കലാപ്രതിഭകൾ രചനയും സംവിധാനവും ശബ്ദവും കൊടുത്ത് നിർമ്മിച്ച ഈസ്റ്റർ വിഷു സ്കിറ്റുകൾ കൂടുതൽ ജനശ്രദ്ധ നേടി. (സ്കിറ്റുകളുടെ പൂർണ്ണ രൂപം യൂ റ്റ്യൂബിൽ ലഭ്യമാണ്. ലിങ്ക് ചുവടെ കൊടുക്കുന്നു).
ഹരോഗേറ്റിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും പ്രായഭേദമെന്യേ പുതിയത് പഴയത് വലുപ്പചെറുപ്പ വ്യത്യാസമില്ലാതെ ഒരു കുടക്കീഴിൽ എത്തിച്ച് അവരുടെ കലാകായിക കഴിവുകളെ പ്രോത്സാഹിച്ച് സർഗ്ഗാത്മകമായ ഒരുന്തരീക്ഷം രൂപപ്പെടുത്തുകയെന്നുള്ളതാണ് കമ്മറ്റി ഭാരവാഹികളുടെ ലക്ഷ്യമെന്ന് യോർഷയർ കേരള കമ്മ്യൂണിയുടെ പ്രഥമ പ്രസിഡൻ്റ് ബിനോയ് അലക്സ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
പ്രാദേശിക സമൂഹത്തിൻ്റെ സഹകരണത്തോടെ ജൂൺ അവസാനത്തിൽ ഒരു ചാരിറ്റി ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് യോർക്ഷയർ കേരള കമ്മ്യൂണിറ്റി . കൂടാതെ വളരെ വിപുലമായി രീതിയിലുള്ള ഓണാഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച കഴിഞ്ഞതായും കമ്മറ്റി ഭാരവാഹികൾ അറിയ്ച്ചു.
യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ ഈസ്റ്റർ വിഷു ആഘോഷങ്ങളിൽ അവതരിപ്പിച്ച സ്കിറ്റുകൾ കാണാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.
Leave a Reply