ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതിയ കമ്മീഷണർ പോലീസിൻറെ നഷ്ടപ്പെട്ട ജനകീയമുഖം തിരിച്ചുപിടിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. ലണ്ടനിലെ പോലീസിൽ ജനങ്ങൾക്ക് ഉള്ള വിശ്വാസം പുനഃസ്ഥാപിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണെന്ന് ആഭ്യന്തര സെക്രട്ടറി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ലണ്ടൻ മേയർ സാദിഖ് ഖാനിൽ നിന്ന് കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടർന്ന് മെറ്റ് പോലീസ് മേധാവി ക്രെസിഡ ഡിക്കിന് രാജിവയ് ക്കേണ്ടി വന്നിരുന്നു. പോലീസ് സേനയെ നയിച്ച ആദ്യ വനിതയാണ് ഡാം ക്രെസിഡ. എന്നാൽ പോലീസ് സേനയിലെ തന്നെ ഒരംഗം സാറ എവറാർഡിനെ കൊലപ്പെടുത്തിയ സംഭവത്തിലും മറ്റ് നിരവധി അഴിമതികളുടെ പേരിലും അവർ അടുത്തകാലത്തായി കടുത്ത വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ലണ്ടനിലെ ക്രമസമാധാനപാലനത്തിന് പുറമെ ദേശീയതലത്തിൽ തീവ്രവാദ സ്വഭാവമുള്ള കേസുകളും കൈകാര്യം ചെയ്യുന്നത് മെറ്റ് പോലീസാണ്.
നിലവിൽ അസിസ്റ്റൻറ് മെറ്റ് കമ്മീഷണർമാരായ മാറ്റ് ജൂക്‌സും നീൽ ബസുവും ഉൾപ്പെടെയുള്ളവർ പരിഗണനയിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡൗണിംഗ് സ്ട്രീറ്റിലെ ലോക്ക്ഡൗൺ പാർട്ടികളെക്കുറിച്ചുള്ള അന്വേഷണം മെറ്റ് പോലീസിൻെറ കീഴിൽ ആയതിനാൽ പുതിയ കമ്മീഷണർ ആരാണെന്നതിന് വളരെയേറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.
Leave a Reply