ന്യൂസ് ഡെസ്ക് ,മലയാളം യുകെ
റൂട്ടീൻ ഹെൽത്ത് ചെക്കപ്പിൽ എച്ച്ഐവി ഉണ്ടെന്ന് കണ്ടെത്തി. സൗത്ത് യോർക്ക്ഷെയറിലെ ഷെഫീൽഡിൽ നിന്നുള്ള 37 കാരിയായ ബെക്കിയാണ് രോഗം ചെക്കപ്പിന് ശേഷം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ചികിത്സ സ്വീകരിച്ചതിനാൽ ഇപ്പോൾ രോഗമുക്തയായിരിക്കുകയാണ്. രാജ്യത്തെ രോഗ പരിശോധന നടത്തുന്നവരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും പകർച്ചവ്യാധിക്ക് മുൻപുള്ള കണക്കുകളിലേക്ക് എത്തിയിട്ടില്ലെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പറഞ്ഞു.
എച്ച്ഐവി രോഗത്തെകുറിച്ചും രോഗ പരിശോധനയെ കുറിച്ചും അവബോധം ജനങ്ങൾക്ക് നൽകണമെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എച്ച്ഐവി രോഗനിർണയങ്ങളുടെ എണ്ണം 2021-ലെ 2,313-ൽ നിന്ന് 2022-ൽ 2,444 ആയി വർദ്ധിച്ചിട്ടുണ്ട്. ഭിന്നലിംഗക്കാർക്കിടയിൽ രോഗനിർണ്ണയം വർദ്ധിച്ചതാണ് ഈ വർദ്ധനവിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നത്. കേസുകളുടെ എണ്ണം ലണ്ടനിൽ 14% ആയി ഉയർന്നിട്ടുണ്ട്.
ഓഫീസ് ഫോർ ഹെൽത്ത് ഇംപ്രൂവ്‌മെൻ്റിൻെറ നേതൃത്വത്തിൽ നടത്തുന്ന ടെറൻസ് ഹിഗ്ഗിൻസ് ട്രസ്റ്റ് ചാരിറ്റി നടത്തുന്ന ക്യാമ്പെയ്ൻെറ ഭാഗമായി ഞായറാഴ്ച വരെ എച്ച്ഐവി പരിശോധനാ വാരമായി ആചരിക്കുന്നുണ്ട്. ഇതിൻെറ ഭാഗമായി ആഴ്‌ചയിലുടനീളം, ജനങ്ങൾക്ക് സൗജന്യ എച്ച്ഐവി സ്വയം പരിശോധനയ്ക്ക് ഓർഡർ നൽകാം. ഇത്തരം പരിശോധനങ്ങളുടെ ഫലം 15 മിനിറ്റിനുള്ളിൽ തന്നെ ലഭ്യമാകും.
രോഗപ്രതിരോധ ശേഷി ദുർബലമാക്കുന്ന രോഗമാണ് എച്ച്ഐവി അഥവാ ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്. ചികിത്സിച്ചില്ലെങ്കിൽ, ഇവ അവസാനഘട്ട എയ്ഡ്സിലേക്ക് നയിച്ചേക്കാം. എച്ച്ഐവി ബാധിതർക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കുന്ന മരുന്നുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇത്തരം മരുന്നുകൾ രോഗികളുടെ ശരീരത്തിൽ നിന്ന് വൈറസിൻെറ കൗണ്ട് കുറയ്ക്കുന്നു. ഇത് എച്ച്ഐവി പകരുന്നത് തടയുന്നു.
Leave a Reply