ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടണിൽ ഹൈവേ നിയമങ്ങളിൽ വൻ മാറ്റങ്ങൾ ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിൻഡ്‌സ്‌ക്രീനുകളും , ഗ്ലാസ്സുകളും വൃത്തിയായി സൂക്ഷിക്കാത്തവർക്ക് ആയിരം പൗണ്ട് വരെ പിഴ ഈടാക്കാൻ പുതിയ നിയമം അനുശാസിക്കുന്നുണ്ട്. കാഴ്ച സുഗമമാക്കുന്ന തരത്തിൽ ഇവയെല്ലാം വൃത്തിയായി സൂക്ഷിക്കണം എന്ന് കർശനമാക്കിയിരിക്കുകയാണ്. ഇത്തരം കേസുകൾ കോടതിയിൽ എത്തിയാൽ ഫൈൻ 5000 പൗണ്ട് വരെ ആകാം. അതോടൊപ്പം തന്നെ പെനാൽറ്റി പോയിന്റുകളും ഡ്രൈവറിനു ലഭ്യമാകും. തങ്ങളുടെ വാഹനം ഏറ്റവും സുരക്ഷിതമായ അവസ്ഥയിൽ റോഡിൽ ഇറക്കുക എന്നത് ഡ്രൈവറുടെ ചുമതലയാണ്. ഇതോടൊപ്പം തന്നെ ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 200 പൗണ്ട് ഫൈൻ ഈടാക്കും.


ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് കൂടുതൽ പ്രാധാന്യം ഡ്രൈവർമാർ നൽകണമെന്ന് നിയമം അനുശാസിക്കുന്നു. അതോടൊപ്പം തന്നെ സൈക്കിളുകൾ ഉപയോഗിക്കുന്നവരെയും ഡ്രൈവർമാർ പരിഗണിക്കണം. മുൻപിൽ പോകുന്ന വാഹനത്തിന് കൂടുതൽ അടുത്തായി പോകുന്നതും 100 പൗണ്ട് ഫൈൻ ഈടാക്കാനുള്ള കുറ്റമാണ്. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു മാത്രമേ ഡ്രൈവർമാർ വാഹനം ഉപയോഗിക്കാവൂ എന്നാണ് പുതിയ നിയമങ്ങൾ നിഷ്കർഷിക്കുന്നത്.