ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മൂലം സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന മാതാപിതാക്കൾക്ക് ആശ്വാസമായി പുതിയ സ്കൂൾ യൂണിഫോം നയം ബ്രിട്ടനിൽ നടപ്പാക്കാൻ തീരുമാനമായി. ഇതനുസരിച്ച് മാതാപിതാക്കൾക്ക് തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള സ്കൂൾ യൂണിഫോം തങ്ങളുടെ കുട്ടികൾക്കായി മേടിക്കാനായി സാധിക്കും. പുതിയ നയം നടപ്പാക്കുന്നതിലൂടെ സ്കൂൾ കുട്ടികൾ ഉള്ള ഓരോ കുടുംബത്തിനും നൂറ് കണക്കിന് പൗണ്ടാണ് ലഭിക്കാൻ സാധിക്കുന്നത്. പുതിയ ബില്ലിൽ പറയുന്ന പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വിലകൂടിയ ബ്രാൻഡഡ് ഇനങ്ങൾക്ക് പകരം വിലകുറഞ്ഞ സൂപ്പർമാർക്കറ്റ് കിറ്റും വാങ്ങാം.
നിലവിൽ മാതാപിതാക്കൾ സെക്കൻഡറി സ്കൂളിലെ ഓരോ കുട്ടിക്കും യൂണിഫോമിന് ഏകദേശം 337 പൗണ്ടും പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് 315 പൗണ്ടും ചെലവഴിക്കേണ്ടതായി വരുന്നതായി ചിൽഡ്രൻസ് സൊസൈറ്റി പറഞ്ഞു. ഇതിൻെറ മൂന്നിലൊന്ന് തുകയ്ക്ക് യൂണിഫോം ലഭ്യമാക്കാം എന്ന് വിശ്വസിക്കുന്നവരാണ് മാതാപിതാക്കളിൽ ഏറെയും. അതായത് ചിലവ് കുറഞ്ഞ സെക്കൻഡറി സ്കൂൾ യൂണിഫോമിന് 105 പൗണ്ടും പ്രൈമറിസ്കൂൾ യൂണിഫോമിന് 85 പൗണ്ടും ആകുകയുള്ളൂ എന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും കരുതുന്നത്. കഴിഞ്ഞവർഷം താൻ 2 കുട്ടികൾക്കായുള്ള സ്കൂൾ യൂണിഫോമിനായി ചിലവഴിച്ചത് 850 പൗണ്ടാണ് എന്ന് മാതാപിതാക്കളിൽ ഒരാൾ വെളിപ്പെടുത്തി. ചില സ്കൂളുകൾ ചില ബ്രാൻഡുകൾ നിഷ്കർഷിക്കുന്നതിലൂടെ മാതാപിതാക്കൾ അധിക വിലയ്ക്ക് ആ ബ്രാൻഡ് തന്നെ വാങ്ങേണ്ട ദുരവസ്ഥയും നിലവിലുണ്ടായിരുന്നു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്.
Leave a Reply