സ്വന്തം ലേഖകൻ
ലണ്ടൻ : 2007ൽ കാണാതായ ബ്രിട്ടീഷ് പെൺകുട്ടി മഡലീൻ മക്കാൻ മരിച്ചതായി തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന ജർമ്മൻ പ്രോസിക്യൂട്ടർമാർ കരുതുന്നു. കാണാതാവുമ്പോൾ 3 വയസ്സുണ്ടായിരുന്ന മഡ്‌ലീൻ കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും 13 വർഷത്തിനിപ്പുറവും കണ്ടുകിട്ടാത്ത സാഹചര്യത്തിൽ കുട്ടി മരണപ്പെട്ടിട്ടുണ്ടാകാമെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. ഒപ്പം പ്രതി ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരവും ഇന്ന് പോലീസ് നൽകി. പ്രതിയെന്ന് സംശയിക്കുന്ന ക്രിസ്റ്റ്യൻ ബ്രൂക്നർ എന്ന ജർമൻ സ്വദേശി ഇപ്പോൾ ഒരു ലൈംഗിക കുറ്റകൃത്യ കേസിൽ ജയിൽശിക്ഷ അനുഭവിച്ചു വരികയാണ്.
പോർച്ചുഗലിൽ വെച്ച് 2007ലാണ് കുട്ടിയെ കാണാതാവുന്നത്. ഈ സമയത്ത് ക്രിസ്റ്റ്യൻ അവിടെയുണ്ടായിരുന്നതായി പോലീസ് പറയുന്നു. പുതിയ പ്രതിയെ കണ്ടെത്തിയതിനെത്തുടർന്ന് കേസ് പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായത്തിനായി പോലീസ് അഭ്യർത്ഥിക്കുന്നു. പെൺകുട്ടി മരിച്ചുവെന്ന് ഞങ്ങൾ അനുമാനിക്കുന്നുവെന്ന് ബ്രൗൺസ്വീഗ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിലെ ഹാൻസ് ക്രിസ്റ്റ്യൻ വോൾട്ടേഴ്സ് ഇന്ന് പറയുകയുണ്ടായി. “ചെറിയ പെൺകുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. അയാൾ ഇതിനകം ഒരു നീണ്ട ശിക്ഷ അനുഭവിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു. 17 വയസ്സുള്ളപ്പോൾ തന്നെ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത വ്യക്തിയാണ് പ്രതി. 1995 നും 2007 നും ഇടയിൽ ആൽഗാർവേയിൽ സ്ഥിരമായി താമസിച്ച ഇയാൾക്ക് കാറ്ററിംഗ് ഉൾപ്പെടെയുള്ള ജോലികൾ ഉണ്ടായിരുന്നു. മാത്രമല്ല ഹോട്ടലുകളിൽ കവർച്ചയും മയക്കുമരുന്ന് ഇടപാടുകളും നടത്തിയിട്ടുമുണ്ട്.
കേസിലെ പുതിയ വികസനം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് മഡിലീന്റെ മാതാപിതാക്കളായ കേറ്റും ജെറിയും കരുതുന്നതായി മക്കാൻ കുടുംബത്തിന്റെ വക്താവ് പറഞ്ഞു. 13 വർഷത്തിനിടയിൽ ലഭിച്ച വ്യക്തമായ വിവരം ആണിതെന്ന് ക്ലാരൻസ് മിച്ചൽ അറിയിച്ചു. മഡിലീൻ കേസ് ഇപ്പോഴും ഒരു തിരോധാന കേസ് ആയി തുടരുകയാണെന്നും കൃത്യമായ നിഗമത്തിലെത്താൻ തെളിവുകളൊന്നും ഇല്ലെന്നും ജർമ്മൻ, പോർച്ചുഗീസ് പൊലീസുമായി ചേർന്ന് പ്രവർത്തിക്കുന്ന മെറ്റ് പോലീസ് അറിയിച്ചു. പ്രതിയെന്ന് കരുതുന്ന വ്യക്തി പോർച്ചുഗലിൽ താമസിച്ചിരുന്ന വീടിന്റെ ചിത്രവും അദ്ദേഹത്തിന്റെ വിഡബ്ല്യു ക്യാമ്പർ വാൻ, ജാഗ്വാർ കാർ എന്നീ രണ്ട് വാഹനങ്ങളുടെയും ചിത്രം പോലീസ് പുറത്തുവിട്ടു.
മഡലീൻ അപ്രത്യക്ഷമായതിന്റെ പിറ്റേ ദിവസം 1993 ജാഗ്വാർ എക്സ്ജെആർ 6 ന്റെ രജിസ്ട്രേഷൻ മറ്റൊരാളുടെ പേരിലേക്ക് മാറ്റിയത് സംശയത്തിനിടയാക്കി. 2007 മെയ് 3 ന് വൈകുന്നേരം പ്രിയ ഡാ ലൂസിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് മഡിലൈനെ കാണാതാവുന്നത്. ആ സമയം അവളുടെ മാതാപിതാക്കൾ അടുത്തുള്ള തപസ് ബാറിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു. മഡിലീന്റെ തിരോധാനം യൂറോപ്പിലുടനീളം ചിലവേറിയ ഒരു പോലീസ് അന്വേഷണത്തിന് വഴിയൊരുക്കി. 2011ൽ ആരംഭിച്ച മെറ്റ് പോലീസ് അന്വേഷണത്തിന് 11 മില്യൺ ഡോളറിലധികം ചിലവായി. ഓപ്പറേഷൻ ഗ്രേഞ്ച് എന്നറിയപ്പെടുന്ന അന്വേഷണം വർഷങ്ങൾക്കുശേഷവും വ്യക്തമായ ഉത്തരമില്ലാതെ തുടരുകയാണ്.
2011 മെയ് ആണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ മെട്രോപൊളിറ്റൻ പോലീസിനോട് അന്വേഷണത്തെ സഹായിക്കാൻ ആവശ്യപ്പെട്ടത്. കേസിൽ പുതിയ തെളിവുകളും സാക്ഷികളുമുണ്ടെന്ന് 2013 ജൂലൈയിൽ സ് കോട്ട്‌ലൻഡ് യാർഡ് പറഞ്ഞു. ഒപ്പം മഡിലീന്റെ തിരോധാനത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. പുതിയ അന്വേഷണ രീതികൾ ഉദ്ധരിച്ച് പോർച്ചുഗലിലെ ഡിറ്റക്ടീവുകൾ 2013 ഒക്ടോബറോടെ കേസ് വീണ്ടും ആരംഭിച്ചു. ഒപ്പം കേസിൽ വിവരങ്ങൾ നൽകാൻ കഴിയുന്ന 11 പേരെ ചോദ്യം ചെയ്തു. തുടർന്ന് അന്വേഷണത്തിനായി 10 മില്യൺ ഡോളറിലധികം ചിലവ് വന്നതായി ബ്രിട്ടീഷ് സർക്കാർ വെളിപ്പെടുത്തി. 2018 നവംബറിൽ അന്വേഷണം തുടരാൻ 150,000 ഡോളർ അധികമായി അനുവദിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ മഡിലീന്റെ തിരോധാനത്തെക്കുറിച്ച് എട്ട് ഭാഗങ്ങളുള്ള ഒരു ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ്പ്രദർശിപ്പിച്ചിരുന്നു . എന്നാൽ ഇതിൽ പങ്കെടുക്കാൻ മഡിലീന്റെ മാതാപിതാക്കൾ വിസമ്മതിച്ചു. 2011 ൽ ആരംഭിച്ച മെറ്റ് പോലീസ് അന്വേഷണത്തിന് 2020 മാർച്ച് വരെ ധനസഹായം നൽകുമെന്ന് യുകെ സർക്കാർ കഴിഞ്ഞ ജൂണിൽ അറിയിച്ചു. മഡിലീന്റെ തിരോധാനത്തിൽ 43 കാരനായ ജർമ്മൻ തടവുകാരൻ പ്രതിയാണെന്ന് തിരിച്ചറിഞ്ഞതായി ഇന്ന് പോലീസ് വെളിപ്പെടുത്തി.
Leave a Reply