ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : റഷ്യയ്ക്കും ബെലാറസിനും മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി ബ്രിട്ടൻ. ഇത്തവണ വ്യാപാരങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. പ്ലാറ്റിനം, പലേഡിയം എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് പുതിയ ഇറക്കുമതി തീരുവ ബാധകമാകുമെന്ന് അന്താരാഷ്ട്ര വ്യാപാര വകുപ്പ് അറിയിച്ചു. രാസവസ്തുക്കൾ, പ്ലാസ്റ്റിക്, റബ്ബർ, യന്ത്രസാമഗ്രികൾ എന്നിവയ്ക്ക് കയറ്റുമതി നിരോധനവും ഉണ്ട്. യുകെ ഉത്പന്നങ്ങളെ കൂടുതൽ ആശ്രയിക്കുന്ന റഷ്യൻ വ്യവസായ മേഖലയ്ക്ക് ഇത് തിരിച്ചടിയാകും. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ജി 7 നേതാക്കൾ വീഡിയോ കോൾ സംഭാഷണം നടത്തിയതിന് പിന്നാലെ യുഎസും കാനഡയും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി.
നിയന്ത്രണങ്ങൾ ശക്തമാക്കി റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ആൻ-മാരി ട്രെവെലിയൻ പറഞ്ഞു. യുക്രൈനിലേക്കുള്ള നിയമവിരുദ്ധമായ അധിനിവേശം വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുവെന്നും ഈ ക്രൂരമായ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ചാൻസലർ ഋഷി സുനക് പറഞ്ഞു.
ഇറക്കുമതി, കയറ്റുമതി എന്നിവയിലുള്ള പുതിയ ഉപരോധം പുടിന്റെ യുദ്ധതന്ത്രത്തെ കാര്യമായി ബാധിക്കുമെന്നും സുനക് അഭിപ്രായപ്പെട്ടു. റഷ്യയിൽ നിന്നുള്ള ചരക്ക് ഇറക്കുമതിയുടെ 96 ശതമാനത്തിലധികം നിയന്ത്രണത്തിൽ ഉൾപ്പെടുന്നെന്നും റഷ്യയിലേക്കുള്ള ചരക്ക് കയറ്റുമതിയുടെ 60 ശതമാനവും പൂർണ്ണമായോ ഭാഗികമായോ നിയന്ത്രണങ്ങൾക്ക് വിധേയമാക്കുമെന്നും ഡിഐടി പറഞ്ഞു.
Leave a Reply