ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- എൻ എച്ച് എസിനെ സഹായിക്കുന്ന പുതിയ നടപടികളുമായി ഗവൺമെന്റ്. മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും റിക്രൂട്ട്മെന്റിനു സഹായിക്കുന്ന പുതിയ വിസ നടപടികളുമായി ഗവൺമെന്റ് രംഗത്തുവന്നിരിക്കുകയാണ്. പോയിന്റ് ബേസ്ഡ് ഇമ്മിഗ്രേഷൻ സിസ്റ്റത്തിന്റെ ഭാഗമാണ് പുതിയ വിസ നടപടികൾ. ഈ സിസ്റ്റത്തിന്റെ ഭാഗമായി എൻഎച്ച് എസിന്റെ കീഴിൽ ജോലി ചെയ്യാൻ പുറത്തുനിന്ന് വരുന്നവർക്ക്‌ അധിക പോയിന്റുകൾ സ്വതവേ നൽകപ്പെടുകയാണ്. അതോടൊപ്പം തന്നെ വിസ ആപ്ലിക്കേഷൻ ഫീയിൽ 464 പൗണ്ടിന്റെ കുറവും നൽകുന്നുണ്ട്.


ഇമ്മിഗ്രേഷന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടൊപ്പം, ആവശ്യമായ റിക്രൂട്ട്മെന്റുകൾ നടത്താനുമാണ് പുതിയ ഗവൺമെന്റ് തീരുമാനം. എൻ എച്ച് എസിന്റെ ആരംഭം മുതൽ തന്നെ മറ്റ് രാജ്യങ്ങളിൽ നിന്നും റിക്രൂട്ട്മെന്റുകൾ നടത്തിയിട്ടുണ്ടെന്ന് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സ്റ്റേറ്റ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് രേഖപ്പെടുത്തി. പുതിയ വിസ നടപടികൾ , മറ്റു രാജ്യങ്ങളിൽ നിന്നും ഉള്ള ഏറ്റവും മികച്ച ഡോക്ടർമാരെയും നഴ്സുമാരെയും റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്നതാണ്. രോഗികൾക്ക് എല്ലാവിധ ചികിത്സാ സഹായങ്ങളും ഉറപ്പുവരുത്തുകയാണ് എൻ എച്ച് എസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്ട്രേലിയയിൽ നിലവിലുള്ള പോയിന്റ് ബേസ്ഡ് എമിഗ്രേഷൻ സിസ്റ്റത്തിന്റെ സമാനമായ രീതിയിലാണ് ബ്രിട്ടണിലും ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ രേഖപ്പെടുത്തി.


സേവനങ്ങൾക്ക് ആവശ്യമായ നേഴ്സുമാരെ ബ്രിട്ടനിൽ തന്നെ ട്രെയിൻ ചെയ്യാൻ സാധിക്കാത്തത് മൂലമാണ് മറ്റു രാജ്യങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യേണ്ടി വരുന്നത് എന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് ചീഫ് എക്സിക്യൂട്ടീവ് ഡെയിം ഡോണ കിന്നായർ രേഖപ്പെടുത്തി. പതിനായിരത്തോളം വേക്കൻസികൾ ഇനിയും നികത്തപ്പെടാതെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മികച്ച ഒരു ഇമിഗ്രേഷൻ സിസ്റ്റം ആണ് ഈ ഇലക്ഷനിൽ തങ്ങൾ ഗവൺമെന്റിന്നോട് ആവശ്യപ്പെടുക എന്നും അദ്ദേഹം പറഞ്ഞു.