ഡോ. ഐഷ വി

പയസ്വിനിയും പുലിക്കുന്നും ടെലിവിഷനും.

ചില അവധി ദിവസങ്ങളിൽ അച്ഛൻ ഞങ്ങളേയും കൊണ്ട് നടക്കാൻ പോകാറുണ്ട്. അങ്ങനെ അനുജത്തിയ്ക്ക് ആറു മാസമായ സമയത്ത് (1973)ഒരവധി ദിവസം അച്ഛനും അമ്മയും അനുജനും ഞാനും അനുജത്തിയുമായി നടക്കാനിറങ്ങി. അനുജത്തി അമ്മയുടെ ഒക്കത്താണ്. അച്ഛനിത്തിരി വേഗത കൂടുതലാണ്. അച്ഛന്റെ ഒപ്പമെത്താൻ ഞാനും അനുജനും ഓടുന്നുണ്ട്. നെല്ലിക്കുന്നിൽ നിന്നും കാസർഗോഡ് പട്ടണത്തിലെത്തി വലത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം നടന്നു. അപ്പോൾ ഞങ്ങൾ അച്ഛനോട് ചോദിച്ചു. അച്ഛാ എത്താറായോ? അച്ഛൻെറ മറുപടി ഈ പുലിക്കുന്ന് കയറി ഇറങ്ങിയാൽ ചന്ദ്രഗിരിപ്പുഴയായി. ചന്ദ്രഗിരിപ്പുഴയ്ക്ക് പയസ്വിനി എന്നു കൂടി പേരുണ്ട്. ചന്ദ്രഗിരിപ്പുഴയുടെ രണ്ട് പേരുകളും എനിക്കിഷ്ടപ്പെട്ടു. ഞങ്ങൾ പുലിക്കുന്ന് കയറി. പുലിക്കുന്നിന് മുകളിലൂടെ വീണ്ടും മുന്നോട്ട് നടന്നപ്പോൾ ഇറക്കമായി. ഒരു കയറ്റത്തിന് ഒരിറക്കവുമുണ്ട്. ഒരു കുന്നിന് ഒരു കുഴിയുമുണ്ട്. ഇറക്കo ഞങ്ങൾക്കൊരാശ്വാസമായി. അച്ഛൻ വേഗത അല്പം കുറച്ചിട്ടുണ്ട്. പുലിക്കുന്നു കയറിയ ആയാസത്തിലാവണം. നദി കടലിനോടടുക്കുമ്പോൾ വേഗത കുറയും. ഞങ്ങൾ ഇറക്കമിറങ്ങുമ്പോൾ അമ്മയാണത് കണ്ടുപിടിച്ചത്. വഴിയുടെ വലതു ഭാഗത്തായി ധാരാളം കാറ്റാടി മരങ്ങൾ. അങ്ങനെ ആദൃമായി ഞാൻ കാറ്റാടി മരം കണ്ടു. അമ്മ പറഞ്ഞു: നല്ല കാറ്റ്. നമ്മൾ വീടു വയ്ക്കുമ്പോൾ ഒരു കാറ്റാടി മരം കൂടി നട്ടുപിടിപ്പിക്കണം. അച്ഛനും അത് ശരിവച്ചു. ഞാനത് മനസ്സിൽ കുറിച്ചു. പിന്നീട് ധാരാളം വൃക്ഷങ്ങൾ സ്വന്തം കൈ കൊണ്ട് നട്ടുപിടിപ്പിച്ചെങ്കിലും അമ്മ കാറ്റാടി മരം മാത്രം നട്ടില്ല. ഇരുപതോളം വർഷങ്ങൾക്കു ശേഷം ഒരു കാറ്റാടി മരവും കുറേ തേക്കിൻ തൈകളും വാങ്ങി കൊടുത്തെങ്കിലും അച്ഛനമ്മമാർ അവർ താമസിക്കുന്ന വീട്ടു പറമ്പിൽ അതു നട്ടില്ല. കൃഷിയുടെ കൂടെ അവ വേണ്ടത്രേ.

പുലിക്കുന്നിറങ്ങി പയസ്വിനിയെ ഞങ്ങൾ കൺകുളിർക്കെ കണ്ടു. തീരത്ത് കുറച്ചുനേരം വിശ്രമിച്ചു. പിന്നെ പതുക്കെ പുലിക്കുന്ന് കയറി ഇറങ്ങി നെല്ലിക്കുന്നിലെ വാടക വീട്ടിലേയ്ക്ക് . പിന്നീട് പല പ്രാവശ്യം പുലിക്കുന്നിലും പുഴക്കരയിലും എത്തിയിട്ടുണ്ട്. ഈ യാത്രകൾ ഞങ്ങൾക്ക് വളരെ സന്തോഷം നൽകി. ഒപ്പം ദീപ്തമായ ഓർമ്മകളും. ഒരിക്കൽ പുലിക്കുന്നിലെത്തിയത് ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്ന കോമ്പൗണ്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന എഞ്ചിനീയറും കുടുംബവും പുലിക്കുന്നിലേയ്ക്ക് താമസം മാറിയപ്പോഴാണ്. ഞങ്ങൾ അവരുടെ വീട്ടിലെത്തി. ചായ സൽക്കാരത്തിനു ശേഷം ഞങ്ങൾ കുട്ടികൾ കളിച്ചു. മുതിർന്നവർ വർത്തമാനം പറഞ്ഞിരുന്നു.

പിന്നീട് അച്ഛൻ ഞങ്ങളെ പുലിക്കുന്നിൽ കൊണ്ടുപോയത് ടെലിവിഷൻ കാണാനാണ് (1974-ൽ ). അന്ന് ഡൽഹിയിൽ നിന്നാണ് സംപ്രേക്ഷണം. അന്ന് അച്ഛൻ പറഞ്ഞു തന്നത് കേബിൾ വഴിയാണ് സംപ്രേക്ഷണം എന്നാണ്. അവിടെ വലിയ ഒരു ഡിഷ് ആന്റിനയും സ്ഥാപിച്ചിരുന്നു. ഒരു പക്ഷേ കേരളത്തിൽ ആദ്യമായി ടെലിവിഷൻ സ്ഥാപിച്ചത് പുലിക്കുന്നിലായിരിക്കും. അന്ന് ഇൻസാറ്റ് പോലുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിട്ടില്ലായിരുന്നു. ശ്രീമതി ഇന്ദിരാഗാന്ധിയാണ് പ്രധാനമന്ത്രി . ഇന്ദിരാ ഗാന്ധിയേയും ഞങ്ങൾ ടെലിവിഷനിൽ കണ്ടിരുന്നു. ടെലിവിഷൻ വരുന്നതിന് മുമ്പ് റേഡിയോ മാത്രമാണുണ്ടായിരുന്നത്. ടെലിവിഷൻ വന്നതിനു ശേഷം ധാരാളം പേർ പുലിക്കുന്നിലെത്തി ടെലിവിഷൻ വാർത്തകൾ കേട്ടു. അച്ഛൻ പറഞ്ഞു തന്നത് ശ്രീമതി ഇന്ദിരാഗാന്ധിയാണ് ടെലിവിഷന് വളരെ പ്രാധാന്യം നൽകി രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ടെലിവിഷൻ സൗകര്യം നടപ്പിലാക്കി വാർത്താ വിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ചത്.

ഞങ്ങൾ കൊല്ലം ജില്ലയിലെ ചിറക്കര താഴത്ത് താമസിക്കുമ്പോൾ 1978-ൽ അച്ഛൻ ഞങ്ങളെ കൊല്ലം എസ് എൻ കോളേജിൽ വച്ചു നടന്ന എക്സിബിഷൻ കാണാൻ കൊണ്ടുപോയി. ഇത്തരം വലിയ എക്സിബിഷന് തുടക്കം കുറിച്ചത് ശ്രീ നാരായണ ഗുരുവാണ്. പല പുതിയ കാര്യങ്ങളും മനസ്സിലാക്കാൻ ഇന്റർനെറ്റില്ലാതിരുന്ന അക്കാലത്ത് നടന്ന എക്സിബിഷനുകൾ പൊതുജനങ്ങൾക്ക് സഹായകമായി. മുമ്പേ നടന്ന ദീർഘവീക്ഷണമുള്ള ധിഷണാശാലികൾ പിൻപേ വന്ന വർക്ക് വഴി കാട്ടിയാകുന്നു. അന്നത്തെ എക്സിബിഷനിൽ ക്ലോസ്ഡ് സർക്യൂട്ട് റ്റിവി കാണാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. റ്റിവിയിലൂടെ അവർ ഞങ്ങളെ കാട്ടിത്തന്നു.

1982 എഷ്യാഡ് ഡൽഹിയിൽ നടക്കുന്ന സമയം. ഞങ്ങൾ ഭൂതക്കുളം ലതിക കോളേജിൽ ട്യൂഷന് പോയിരുന്നു. ലതിക കോളേജിന്റെ ഉടമസ്ഥൻ ഗോപാലകൃഷ്ണപിള്ള സാറ് ഒരു ടി വി വാങ്ങിയിരുന്നു. സാറിന്റെ വീട് ഊന്നിൻ മൂട്ടിലാണ്. അവിടെയും ലതിക കോളേജ് പ്രവർത്തിക്കുന്നുണ്ട്. ഭൂതക്കുളം ലതികയുടെ ചുമതല വഹിച്ചിരുന്ന ഉദയകുമാർ സർ ഞങ്ങളെ വരി വരിയായി ഭൂതക്കുളത്തു നിന്നും ഊന്നിൽ മൂട്ടിലേയ്ക്ക് നടത്തി ടെലിവിഷനിൽ ഏഷ്യാഡ് കാട്ടിത്തരുവാനായി കൊണ്ടുപോയി. വൈകുന്നേരം അതൊക്കെ കണ്ട് അല്പം വൈകിയാണ് വീട്ടിലെത്തിയത്.

1983 എന്റെ ക്ലാസ്സിൽ പഠിച്ച ഇന്ദിരയുടെ അച്ഛൻ ഗൾഫിൽ നിന്നും വന്നപ്പോൾ ഒരു ടെലിവിഷൻ കൊണ്ടുവന്നു. വീട്ടിന്റെ ജനലഴിയുടെ അടുത്ത് റോഡിനഭിമുഖമായി വച്ച ടെലിവിഷനിലെ കാഴ്ചകൾ പ്രീഡിഗ്രി ക്ലാസ്സ് കഴിഞ്ഞ് രാത്രി വീട്ടിലേയ്ക്ക് വരികയായിരുന്ന ഞാൻ ഏതാനും നിമിഷങ്ങൾ നോക്കി നിന്ന ശേഷം വീട്ടിലേയ്ക്ക് പോരുക പതിവാക്കി. ചിറക്കര ഗ്രാമത്തിൽ ആദ്യമായി ടെലിവിഷൻ എത്തിയത് ചിറക്കര ത്താഴത്ത് കശുവണ്ടി ഫാക്ടറിക്കടുത്തുള്ള ഈ വീട്ടിലാണെന്ന് പറയാം. ഒന്നോ രണ്ടോ മാസത്തിനകം ഇന്ദിരയുടെ വീട്ടിലെ ടെലിവിഷൻ അപ്രതൃക്ഷമായി.

1984 ശ്രീമതി ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ച സമയം. വാർത്തകളും ശവസംസ്ക്കാര ചടങ്ങുകളും തത് സമയം സംപ്രേക്ഷണം ചെയ്യുന്നത് കാണാൻ ജനത്തിന് ആഗ്രഹമായി. അന്ന് ചിറക്കരയിൽ മൂന്ന് വീടുകളിൽ ടെലിവിഷൻ എത്തിയിരുന്നു . ഒന്ന് എന്റെ ക്ലാസ്സിൽ പഠിച്ച മനോജിന്റെ വീട്ടിൽ (ശ്രീ കുഴുപ്പിൽ വിശ്വംഭരന്റെ വീട്). രണ്ട് കാട്ടി കടയോടടുത്ത ഒരു ലണ്ടൻകാരുടെ വീട്ടിൽ. അവർ ടെലിവിഷൻ വാങ്ങിയതല്ല. ഒരു കോ ഓപറേറ്റീവ് ബാങ്കിന്റെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ലഭിച്ചതാണ്. മൂന്ന് എന്റെ ജൂനിയറായി പഠിച്ച സതിയുടെ വീട്ടിൽ . ജനതാ ജംഗ്ഷനും മൂലക്കടയ്ക്കും ഇടയിലാണ് ഈ വീട്. മൂന്ന് വീടുകളും തമ്മിൽ ഒന്ന് – ഒന്നര കിലോമീറ്റർ അകലം കാണും. ഇതൊക്കെ ഞാനെങ്ങനെ ഇത്ര കൃത്യമായി അറിഞ്ഞു എന്ന് നിങ്ങൾ ധരിക്കുന്നുണ്ടാകാം.
ശവസംസ്കാര ചടങ്ങുകൾ തത്സമയം കാണാൻ വ്യഗ്രതയുള്ള രണ്ടു പേർ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു എന്നതു തന്നെ : എന്റെ അനുജനും അനുജത്തിയും . അനുജൻ അനിൽകുമാർ വിളിക്കുന്നിടത്തേയ്ക്കല്ലാം അനുജത്തി അനിതയും കൂടെ പോകും (അച്ഛൻ വീട്ടിലുണ്ടെങ്കിൽ രണ്ടു പേരും വീട്ടിൽ കാണും . കേട്ടോ?) അന്നൊക്കെ ഞങ്ങളുടെ നാട്ടിൽ വൈദ്യുതി വിളക്കിന് വോൾട്ടേജ് വളരെ കുറവായിരുന്നു. പാഠപുസ്തകങ്ങൾ വായിക്കാനും ഞങ്ങൾ നന്നേ പ്രയാസപ്പെട്ടിരുന്നു. ശ്രീ സി വി പത്മരാജൻ വൈദ്യുതി മന്ത്രിയായ സമയത്ത് വാഴ വിള ജങ്ഷനടുത്തായി ഒരു ട്രാൻസ്ഫോർമർ സ്ഥാപിയ്ക്കുന്നതു വരെ ഈ പ്രശ്നം തുടർന്നു. അങ്ങനെ വോൾട്ടേജ് കുറയുമ്പോൾ ടെലിവിഷൻ പ്രവർത്തിക്കാതാകും. ശവസംസ്ക്കാര ചടങ്ങുകൾ തത്സമയം കാണാനായി മനോജിന്റെ വീട്ടിലെത്തിയ അനുജനും അനുജത്തിയും ഉള്ള കുറുക്കു വഴികളിലൂടെ സഞ്ചരിച്ച് കാട്ടി കടയ്ക്കടുത്ത ലണ്ടൻകാരുടെ വീട്ടിലെത്തി. അവിടെയും പ്രശ്നമായപ്പോൾ നേരെ സതിയുടെ വീട്ടിലേയ്ക്ക്. അങ്ങനെ ചടങ്ങുകൾ ഭാഗികമായെങ്കിലും കാണാൻ പറ്റിയ ചാരിതാർത്ഥ്യത്തോടെ അനുജനും അനുജത്തിയും വീട്ടിലെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് ഞങ്ങളുടെ അയൽപക്കത്തെ ലണ്ടൻകാരായ സരസ്വതിയക്കയുടെ വീട്ടിലും ടെലിവിഷൻ എത്തി. പിന്നീട് ടിവി പല വീടുകളിലും എത്തി. എത്തിയിടത്തെല്ലാം അയൽ പക്കക്കാരും കൂട്ടമായെത്തി ടി വി കണ്ടു. മിക്കവാറും എല്ലാ വീട്ടുകളിലും ടീവി എത്തിയപ്പോഴേയ്ക്കും അയൽ ബന്ധങ്ങളും മുറിഞ്ഞു. സരസ്വതിയക്കയുടെ വീട്ടിൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ഷേക്സ്പിയർ നാടകം കാണാൻ ഞാനും പോയിട്ടുണ്ട്.

ടെലിവിഷൻ വ്യാപകമായപ്പോൾ ചില ലേഖകർ വിഢിപ്പെട്ടിയുടെ ഗുണത്തേയും ദോഷത്തേയും കുറിച്ച് ലേഖനങ്ങൾ പത്രത്തിലും മാസികകളിലും എഴുതി. നിവർന്നിരുന്നു കണ്ണും ടി വിയും നേർ രേഖയിൽ വരത്തക്കവിധം പ്രകാശമുള്ള മുറിയിലിരുന്നു ടി വി കാണുക. ടീവി കാണുന്നവർ വൈറ്റമിൻ എ കൂടുതൽ കഴിക്കുക എന്നിവ അവയിൽ ചിലതാണ്. വിഢിപ്പെട്ടിയെ വിമർശിച്ചവരും ധാരാളം. സർവ്വസാധാരണമായപ്പോൾ ചാനലുകളുടെ എണ്ണം കൂടിയപ്പോൾ പ്രസാർ ഭാരതി ബില്ലു വന്നപ്പോൾ റേഡിയോയ്ക്കും ടെലിവിഷനും വെവ്വേറെ സംപ്രേക്ഷണ കേന്ദ്രങ്ങൾ വന്നപ്പോൾ സ്വകാര്യ ടെലിവിഷൻ ചാനലുകൾ വന്നപ്പോൾ പുതു തലമുറയ്ക്ക് ഭാവനയ്ക്കനുസരിച്ച് ധാരാളം അവസരങ്ങൾ വന്നപ്പോൾ വിമർശനങ്ങളുടെ മുനയൊടിഞ്ഞു. പിന്നെ ഓരോരുത്തരും അവരവരുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രകാരം ചാനലുകൾ മാറി മാറി കണ്ടു. മാറ്റം ഒരനിവാര്യതയാണ്. കാലത്തിനൊത്ത് കോലവും മാറണമെന്നല്ലേ ചൊല്ല്.വിഢിപ്പെട്ടിയിലും ധാരാളം മാറ്റങ്ങൾ വന്നു. ബ്ലാക്ക് ആന്റ് വൈറ്റ് മാറി കളറായി . എൽ സി ഡി യു o എൽ ഇ ഡി യുമൊക്കെ വന്നപ്പോൾ സ്റ്റാന്റിലോ മേശപ്പുറത്തോ സ്ഥാനമുണ്ടായിരുന്ന ടി വി യുടെ സ്ഥാനം ഭിത്തിയിലായി. ടെക്നോളജി മാറുന്നതിനുസരിച്ച് ടെലിവിഷൻ സർവീസുകളും ആന്റിനയും ഒക്കെ മാറി. പൊതു ജനങ്ങളുടെ അറിവു o അതനുസരിച്ച് മാറി. സഭാ നടപടികൾ ടെലിവിഷനിൽ കാണാമെന്നായി. സാങ്കേതിക വിദ്യയേയും മാറ്റത്തേയും നമ്മൾ മനസ്സിലാക്കി നന്മയെ കൊള്ളുകയും തിന്മയെ തള്ളുകയും ചെയ്യുക.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം