ഫോര്‍ട്ടുകൊച്ചിയില്‍ ഈ രാവ് ഉറങ്ങില്ല ‘പപ്പാഞ്ഞി’കളുടെ ഉത്സവമാണ്. ഡിസംബറിന്റെ അവസാന മണിക്കൂറുകളിലേക്കു കടക്കുന്ന ഇന്ന് ഫോര്‍ട്ടുകൊച്ചിയുടെ മനസ്സില്‍ ഇനി പപ്പാഞ്ഞികള്‍ മാത്രം… പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഫോര്‍ട്ടുകൊച്ചി ഉടുത്തൊരുങ്ങുകയാണ്… കൊച്ചി കടപ്പുറത്തേക്കുള്ള എല്ലാ വഴികളിലും ആഘോഷത്തിന്റെ തോരണങ്ങള്‍… നക്ഷത്ര വിളക്കുകള്‍… ചുവപ്പ് ചുറ്റിയ സാന്റകള്‍… പൈതൃക നഗരം മാത്രമല്ല, ഈ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഓരോ മനുഷ്യനും പുതുവര്‍ഷത്തെ കാത്തിരിക്കുകയാണ്. ഫോര്‍ട്ടുകൊച്ചിയിലെ ഓരോ വീടും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു.
ജാതി-മത ഭേദമന്യേ കൊച്ചിയുടെ മാത്രം ഉത്സവം…………
പപ്പാഞ്ഞികള്‍ പോര്‍ച്ചുഗീസ് സമ്മാനം – ‘പപ്പാഞ്ഞി’ എന്നാല്‍ പോര്‍ച്ചുഗീസില്‍ ‘മുത്തച്ഛന്‍’ എന്നാണര്‍ത്ഥം. പോര്‍ച്ചുഗീസ് പാരമ്പര്യമുള്ളവര്‍ മുത്തച്ഛനെ പപ്പാഞ്ഞി എന്നാണ് വിളിക്കുക.
മുതിര്‍ന്ന കാരണവര്‍ എന്ന അര്‍ത്ഥത്തിലാണ് കൊച്ചിക്കാര്‍ പപ്പാഞ്ഞിക്ക് രൂപംകൊടുത്തത്. ആദ്യകാലത്ത് കോട്ടും സ്യൂട്ടുമണിഞ്ഞ സായ്പിന്റെ രൂപമായിരുന്നു കൊച്ചിയുടെ പപ്പാഞ്ഞികള്‍ക്ക്. കടന്നുപോകുന്ന വര്‍ഷത്തിന്റെ പ്രതീകമാണ് പപ്പാഞ്ഞി. ഈ പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ഒരു വര്‍ഷം എരിഞ്ഞടങ്ങും. പ്രതീക്ഷകള്‍ നിറയുന്ന പുതിയ വര്‍ഷത്തെ എതിരേല്‍ക്കുന്നതിന്റെ ഭാഗമായാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്.
പപ്പാഞ്ഞി എന്ന വാക്ക് പോര്‍ച്ചുഗീസിന്റെ സംഭാവനയാണെങ്കിലും പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടുള്ള ആഘോഷം പോര്‍ച്ചുഗീസുകാര്‍ക്കുണ്ടായിരുന്നില്ല. കൊച്ചിയില്‍ അധികാരമുറപ്പിച്ച ഡച്ചുകാര്‍ക്കോ, ബ്രിട്ടീഷുകാര്‍ക്കോ ഇങ്ങനെയൊരാഘോഷം ഉണ്ടായിരുന്നതായി ചരിത്രമില്ല. പോര്‍ച്ചുഗീസുകാരുടെ പപ്പാഞ്ഞിയെ കടമെടുത്ത്, കൊച്ചി രൂപപ്പെടുത്തിയതാണ് ഈ പുതുവര്‍ഷ ഉത്സവം… കൊച്ചിക്കാര്‍ രൂപപ്പെടുത്തിയ കൊച്ചിയുടെ സ്വന്തം ഉത്സവം.
കൊച്ചിയുടെ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ജാതിയും മതവുമൊന്നുമില്ല. ജാതി-മത ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കുന്ന കേരളത്തിലെ അപൂര്‍വം ഉത്സവങ്ങളിലൊന്നായി ഈ ആഘോഷം മാറിക്കഴിഞ്ഞു. ഡിസംബറിന്റെ അവസാന നാളുകളില്‍ പടിഞ്ഞാറന്‍ കൊച്ചിയുടെ മുക്കിലും മൂലയിലുമൊക്കെ പപ്പാഞ്ഞികളെ കാണാം. കുട്ടികളും ചെറുപ്പക്കാരുമൊക്കെ ഓരോ സംഘങ്ങളായി പപ്പാഞ്ഞിയെ ഉണ്ടാക്കി വഴിയോരത്ത് സ്ഥാപിക്കും. ഡിസംബര്‍ 31-ന് വൈകീട്ടുതന്നെ പാട്ടും നൃത്തവുമൊക്കെ തുടങ്ങും. രാത്രി പന്ത്രണ്ടോടെ പപ്പാഞ്ഞിക്ക് തീകൊളുത്തും. വീടുകളില്‍ ഈ സമയത്ത് കേക്ക് മുറിക്കും. വീട്ടുമുറ്റങ്ങളില്‍ മെഴുകുതിരികള്‍ തെളിക്കും. ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് വിവാഹം ചെയ്ത്, മറ്റു നാടുകളിലേക്ക് പോയ സ്ത്രീകള്‍ ഈ ഉത്സവകാലത്ത് വീടുകളിലെത്തും. പുറം നാടുകളില്‍ ജോലിക്ക് പോയവരും തിരിച്ചുവരും.
കൊച്ചിൻ കാര്‍ണിവലിന്റെ ചരിത്രം………..
പണ്ടുമുതല്‍ പുതുവര്‍ഷക്കാലത്ത് കൊച്ചിയില്‍ ക്ലബ്ബുകളും, സാംസ്‌കാരിക സംഘടനകളും വ്യാപകമായി കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രച്ഛന്നവേഷധാരികള്‍ പങ്കെടുക്കുന്ന ഘോഷയാത്രകളാണ് അതില്‍ പ്രധാനം.
പ്രച്ഛന്നവേഷ പരിപാടിയും കൊളോണിയല്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. വേഷപ്രച്ഛന്നരായി ആഘോഷങ്ങളില്‍ പങ്കെടുക്കുക പാശ്ചാത്യരാജ്യങ്ങളില്‍ പതിവാണ്. പുതുവര്‍ഷാഘോഷക്കാലത്ത് സ്ത്രീവേഷം അണിഞ്ഞ് നടക്കുന്ന ചെറുപ്പക്കാരെ ഫോര്‍ട്ടുകൊച്ചിയില്‍ കാണാം.
1985-ല്‍ ആണ് ഫോര്‍ട്ടുകൊച്ചിയില്‍ ഇപ്പോള്‍ കാണുന്ന രീതിയിലുള്ള ജനകീയ ‘കാര്‍ണിവലി’ന് തുടക്കം കുറിച്ചത്. നാടിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന ചെറിയ ആഘോഷങ്ങളെല്ലാം ഒന്നിച്ചുചേര്‍ത്ത് ഒരൊറ്റ ആഘോഷം എന്ന നിലയിലേക്ക് മാറ്റുകയും അതിന് സര്‍ക്കാര്‍ സംവിധാനം പിന്തുണ നല്‍കുകയുമായിരുന്നു.
ഫയൽ ചിത്രം
അന്താരാഷ്ട്ര യുവജന വര്‍ഷമായി ആചരിച്ച 1985-ല്‍ ‘പങ്കാളിത്തം’, ‘വികസനം’, ‘സമാധാനം’ എന്നീ മുദ്രാവാക്യങ്ങളുമായാണ് കൊച്ചിയില്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ തുടങ്ങിയത്. ‘സാഹസം’, ‘പരിസ്ഥിതി’ എന്നീ മുദ്രാവാക്യങ്ങള്‍ കൂടി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തു. ഫോര്‍ട്ടുകൊച്ചിയിലെ പുതുവര്‍ഷാഘോഷം ആരും ആര്‍ക്കുവേണ്ടിയും നടത്തുന്നതല്ല. എല്ലാവരും ചേര്‍ന്ന് എല്ലാവര്‍ക്കും വേണ്ടി നടത്തുകയാണ്. റോഡുകള്‍ അലങ്കരിക്കുന്നതും പപ്പാഞ്ഞികള്‍ സ്ഥാപിക്കുന്നതും വേഷമിടുന്നതും റാലിയില്‍ അണിനിരക്കുന്നതുമൊക്കെ നാട്ടുകാര്‍ തന്നെ. ഈ വര്‍ഷം 65 സംഘടനകള്‍ ചേര്‍ന്നാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.
ഫയൽ ചിത്രം
ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ. ആയിരുന്ന കെ.ബി. വത്സലകുമാരി കുറേക്കാലം കാര്‍ണിവല്‍ ആഘോഷക്കമ്മിറ്റി ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചു. മുന്‍ മേയര്‍ കെ.ജെ. സോഹനായിരുന്നു ജനറല്‍ കണ്‍വീനര്‍. ഒരിക്കല്‍ മുഖ്യമന്ത്രി കരുണാകരന്‍ ആഘോഷക്കാലത്ത് ഫോര്‍ട്ടുകൊച്ചി വഴി കടന്നുപോയി. ആഘോഷങ്ങള്‍ കണ്ട് അദ്ദേഹം കാര്യം തിരക്കി. വിവരങ്ങളറിഞ്ഞ അദ്ദേഹം കാര്‍ണിവല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തണമെന്ന് നിര്‍ദേശിച്ചു. പിന്നീട് കാര്‍ണിവലിന് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചു. കൊച്ചി നഗരസഭയും കാര്‍ണിവല്‍ കമ്മിറ്റിയെ സഹായിച്ചുപോന്നു.
ഫയൽ ചിത്രം
‘ജീവിതാചാരങ്ങളുടെ പുതുക്കിപ്രഖ്യാപനം’ എന്നാണ് കൊച്ചിയുടെ പുതുവര്‍ഷാഘോഷത്തെക്കുറിച്ച് ഫോര്‍ട്ടുകൊച്ചി സബ് കളക്ടറായിരുന്ന താരാ ഷറഫുദ്ദീന്‍ പറഞ്ഞത്. വിവിധ ജാതി-മത വിഭാഗങ്ങളില്‍പ്പെടുന്നവരുടെ ഒത്തുചേരലാണിത്… ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന ആഘോഷം. കൊച്ചിയുടെ മതേതര കൂട്ടായ്മയെ ശക്തിപ്പെടുത്തുന്ന ഘടകം കൂടിയാണ് ഈ ഉത്സവം.
ഫയൽ ചിത്രം
പുതുവര്‍ഷകാലത്ത് ഫോര്‍ട്ടുകൊച്ചി കടപ്പുറത്തേക്ക് ജനങ്ങളുടെ ഒഴുക്കുണ്ടാകും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31-ന് രാത്രി പപ്പാഞ്ഞിക്ക് തീകൊളുത്തുമ്പോള്‍ സാക്ഷികളാവാന്‍ ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് കടപ്പുറത്തെത്തിയത്. എല്ലാ വഴികളും വളരെ നേരത്തെ അടച്ചിട്ടും ഇത്രയധികം പേര്‍ കടപ്പുറത്തെത്തിയത് അധികൃതരെ ഞെട്ടിച്ചു.
ഫയൽ ചിത്രം
ഇത്രയധികം പേര്‍ ഒരുമിച്ചുകൂടി പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ഉത്സവങ്ങള്‍ ഇന്ത്യയില്‍ത്തന്നെ അപൂര്‍വമാണ്. ആനിലയ്ക്ക് അന്താരാഷ്ട്രതലത്തില്‍ തന്നെ കൊച്ചിയുടെ ഉത്സവം ശ്രദ്ധിക്കപ്പെടുകയാണ്.
ഇക്കുറി ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് കൂറ്റന്‍ പപ്പാഞ്ഞിയുണ്ടാകും. ചിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസാണ് ഇക്കുറി പപ്പാഞ്ഞിക്ക് രൂപകല്‍പ്പന നടത്തിയത്. 40 അടി ഉയരമുള്ള പപ്പാഞ്ഞി ഇരുമ്പ് ചട്ടക്കൂടിലാണ് തയ്യാറാക്കിയത്. ചാക്ക്, തുണി, കടലാസ് എന്നിവയും ഉപയോഗിച്ചു.
ഫയൽ ചിത്രം 2017
കൊച്ചിന്‍ കാര്‍ണിവലിനോടനുബന്ധിച്ച് ഫോര്‍ട്ടുകൊച്ചിയില്‍ പരമ്പരാഗത കളികളും കലാരൂപങ്ങളും അരങ്ങേറും. പഴയകാലത്ത് കൊച്ചിയില്‍ കണ്ടിരുന്ന തേക്കൂട്ടം കളി, ചൂണ്ടയിടല്‍, മൈലാഞ്ചിയിടല്‍, ക്യാറ്റ് ബെല്‍റ്റ്, നീന്തല്‍, സൈക്ലിങ് തുടങ്ങിയ ഇനങ്ങളിലെല്ലാം മത്സരങ്ങളുണ്ട്.
ബാന്‍ഡ് മേളം, കളരിപ്പയറ്റ്, ചവിട്ടുനാടകം തുടങ്ങിയ കലാ രൂപങ്ങളും, പാശ്ചാത്യ സംഗീതവും അരങ്ങേറും. കയാക്കിങ്, ഗാട്ടാ ഗുസ്തി, പഞ്ചഗുസ്തി, ബീച്ച് ഫുട്ബോള്‍, ബാഡ്മിന്റണ്‍, പഴയകാല കളിക്കാരുടെ പന്തുകളി, പഴയകാല ചലച്ചിത്രഗാന മത്സരം, കുറാഷ്, ദീര്‍ഘദൂര ഓട്ടം തുടങ്ങി നിരവധി പരിപാടികള്‍ കാര്‍ണിവല്‍കാലത്ത് നടക്കും. കുേറക്കാലമായി നാവികസേനയും പരിപാടികളുമായി സഹകരിക്കുന്നു.
ഫയൽ ചിത്രം
ഇക്കുറിയും പരമ്പരാഗത കളികളും കലാരൂപങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികളായ പി.ജെ. ജോസി, വി.ഡി. മജീന്ദ്രന്‍, പി.ഇ. വില്‍സണ്‍ എന്നിവര്‍ പറഞ്ഞു. വര്‍ഷങ്ങളോളം കാര്‍ണിവല്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ മുന്‍ മേയര്‍ കെ.ജെ. സോഹന്‍ ഇപ്പോഴും നേതൃനിരയിലുണ്ട്.
ഫയൽ ചിത്രം
നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെയാണ് കൊച്ചിന്‍ കാര്‍ണിവല്‍ സമാപിക്കുക. ജനുവരി ഒന്നിന് വൈകീട്ടാണ് ഘോഷയാത്ര. ഫോര്‍ട്ടുകൊച്ചി വെളിയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര, പരേഡ് ഗ്രൗണ്ടില്‍ സമാപിക്കും. ഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരക്കും.
Leave a Reply