ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് -19 മഹാമാരിയുടെ കാലത്ത് വാർത്തകളിലെ സ്ഥിര സാന്നിധ്യമായി മാറിയ പ്രൊഫ.ക്രിസ് വിറ്റിയും പ്രൊഫ.ജോനാഥൻ വാൻ-ടാമും പുതുവർഷ ബഹുമതി പട്ടികയിൽ (ന്യൂ ഇയർ ഓണേഴ്‌സ് ലിസ്റ്റ്) നൈറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ നൈറ്റ് പദവിയിലേക്ക് ഉയർന്നു. കൂടാതെ ഓർഡർ ഓഫ് ദി ഗാർട്ടറിലേക്ക് നിയമിതനായി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്ന ബഹുമതി പട്ടികയിൽ നിന്ന് വ്യത്യസ്തമായി ഓർഡർ ഓഫ് ഗാർട്ടർ ഒരു രാജകീയ നിയമനമാണ്. ഇത് വലിയൊരു ബഹുമതിയാണെന്നും രാജ്ഞിയോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും ടോണി ബ്ലെയർ പ്രതികരിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജെന്നി ഹാരിസും വാക്‌സിൻ റെഗുലേറ്റർ എം.എച്ച്.ആർ.എയുടെ മേധാവി ഡോ. ജൂൺ റൈനെയും ഡെയിം ആയി തിരഞ്ഞെടുക്കപ്പെട്ടു.
പ്രധാന പട്ടികയിൽ, നടിമാരായ ജോവാന ലുംലിയും വനേസ റെഡ്ഗ്രേവും ഇടം നേടി. കായികരംഗത്ത്, ദമ്പതികളായ ജേസണും ലോറ കെന്നിയും യഥാക്രമം നൈറ്റും ഡെയിമുമായി മാറി. സൈക്ലിംഗിലെ മികച്ച പ്രകടനമാണ് ഇരുവരെയും പുരസ്‌കാരത്തിന് അർഹരാക്കിയത്. നീന്തലിലും സൈക്ലിംഗിലും പാരാലിമ്പിക്‌സ് സ്വർണം നേടിയ ജോഡി കന്ഡിയെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (സിബിഇ) ആയി നിയമിക്കുന്നു.
ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ ടോം ഡെയ്‌ലിയെ “ഡൈവിംഗ്, എൽജിബിടിക്യു+ അവകാശങ്ങൾ, ചാരിറ്റി” എന്നിവയിലെ സേവനങ്ങൾക്കായി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ ആയി നിയമിച്ചു. നീന്തൽ താരം ആദം പീറ്റി, ജിംനാസ്‌റ്റ് മാക്‌സ് വിറ്റ്‌ലോക്ക് എന്നിവർക്കും ഒബിഇ ബഹുമതി ലഭിച്ചു. യുഎസ് ഓപ്പൺ ജേതാവായ രാജ്യത്തിന്റെ അഭിമാനതാരം എമ്മ റഡുകാനുവിനെ എംബിഇ ആയി നിയമിച്ചു.
നോർത്ത് ഡെവൺ ഹോസ്പിസിനായി 700,000 പൗണ്ട് സ്വരൂപിക്കുന്നതിനായി 600-ലധികം രാത്രികൾ ഒരു കൂടാരത്തിൽ കഴിഞ്ഞ 12-കാരനായ മാക്സ് വൂസി, ബ്രിട്ടീഷ് എംപയർ മെഡലിന് അർഹനായി. ഈ വർഷത്തെ പട്ടികയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലണ്ടനിൽ നിന്നുള്ള മാന്ത്രികൻ ഹെൻറി ലൂയിസാണ്. എം.ബി.ഇ. ബഹുമതിയാണ് 102 കാരനായ ഹെൻറിയെ തേടിയെത്തിയത്. 1,200-ലധികം ആളുകൾ 2022ലെ യുകെ ന്യൂ ഇയർ ഓണേഴ്‌സ് ലിസ്റ്റിലുണ്ട്. പട്ടികയിൽ 47.9% സ്ത്രീകളുണ്ട്. പുരസ്‌കാര ജേതാക്കളിൽ 15.1% പേർ വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്.
Leave a Reply