ബെംഗളൂരു: ചന്ദ്രയാന്‍-2 ദൗത്യം പൂര്‍ണ്ണ വിജയം നേടാതെ വന്ന സാഹചര്യത്തില്‍ വാര്‍ത്ത ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങളും. ചന്ദ്രനിലെത്തിയ എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് കയറാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കണമെന്നാണ് ‘ദ ന്യൂയോര്‍ക് ടൈംസ്’ എഴുതിയിരിക്കുന്നത്.
അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. നാലാമത്തെ രാജ്യമാകാന്‍ ഇന്ത്യ കുതിപ്പ് നടത്തുമ്പോള്‍ അത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ലാന്‍ഡറിന് സിഗ്നല്‍ നഷ്ടമായി എന്ന് ഇസ്‌റോ സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്ത്യ ചരിത്ര നേട്ടത്തിനായി ഇനിയും കാത്തിരിക്കണം എന്ന തരത്തില്‍ അമേരിക്കന്‍ പത്രമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ വാര്‍ത്ത നല്‍കിയിരിക്കുകയാണ്.
ദൗത്യം ആരംഭിച്ചപ്പോള്‍ മുതല്‍ കാര്യങ്ങള്‍ വളരെ നിയന്ത്രണവിധേയമായാണ് പോയിരുന്നതെന്നും എന്നാല്‍, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഇറങ്ങുക എന്ന ദൗത്യം പരാജയപ്പെട്ടു എന്നും ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാന്‍ഡറിന് സിഗ്നല്‍ നഷ്ടമായപ്പോള്‍ കണ്‍ട്രോള്‍ റൂം മൂകമായി എന്നും ‘ന്യൂയോര്‍ക്ക് ടൈംസ്’ കുറിച്ചിരിക്കുന്നു. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗികമായുള്ള പരാജയം എലൈറ്റ് ഗ്രൂപ്പില്‍ കയറുന്ന ഇന്ത്യയുടെ ആഗ്രഹത്തിന് തിരിച്ചടിയായെന്നും ‘ന്യൂയോര്‍ക്ക് ടൈംസ്’ പറയുന്നുണ്ട്.
സ്വപ്‌ന നേട്ടത്തിനു തൊട്ടരികെ എത്തിയപ്പോഴാണ് വിക്രം ലാന്‍ഡറിന് സിഗ്നല്‍ നഷ്ടമായത്. ചന്ദ്രയാന്‍-2 ദൗത്യം ഇന്ത്യ ഏറെ പ്രതീക്ഷയോടെ കണ്ടതാണ്. എന്നാല്‍, 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ ലഭിച്ചെന്നും തുടര്‍ന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘം (ഇസ്‌റോ) ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ സ്ഥിരീകരിച്ചു.
എല്ലാം കൃത്യമായി പോയിരുന്നു എന്നാല്‍, പെട്ടന്നാണ് സിഗ്നലുകള്‍ നഷ്ടമായത്. 15 മിനിറ്റ് കൗണ്ട് ഡൗണ്‍ ആരംഭിച്ച ശേഷമാണ് വിക്രം ലാന്‍ഡറിന് ഭൂമിയുമായുള്ള ആശയവിനിമയം പൂര്‍ണമായും നഷ്ടമായത്. കൗണ്ട് ഡൗണ്‍ ഏകദേശം 12 മിനിറ്റ് അപ്പോഴാണ് ഇത് സംഭവിച്ചത്. സ്വപ്‌ന നേട്ടം കൈവരിച്ച് ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ശാസ്ത്രലോകം അടക്കം കരുതിയ സമയത്താണ് സിഗ്നല്‍ നഷ്ടപ്പെടുന്നത്. ലാന്‍ഡര്‍ ദിശ മാറി സഞ്ചരിച്ചു എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പുലര്‍ച്ചെ 2.18 ഓടെയാണ് ലാന്‍ഡറിന് സിഗ്നല്‍ നഷ്ടമായ കാര്യം ഇസ്‌റോ ചെയര്‍മാന്‍ സ്ഥിരീകരിച്ചത്.
ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ ഒരുവര്‍ഷത്തേക്കു ചന്ദ്രനെ വലംവച്ച് നിരീക്ഷണം തുടരും. ലാന്‍ഡര്‍ ലക്ഷ്യം കാണാതിരുന്നാല്‍ ഇതിനുള്ളിലെ റോവറും പ്രവര്‍ത്തനരഹിതമാകും.
ഇന്നു പുലർച്ചെ 1.39 നാണു ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള സോഫ്റ്റ് ലാൻഡിങ് പ്രക്രിയ തുടങ്ങിയത്. ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തെത്തിയതോടെ സോഫ്റ്റ് ലാൻഡിങ്ങിനുള്ള ജ്വലനം ആരംഭിച്ചു. ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള 800 ന്യൂട്ടൻ ശേഷിയുള്ള 5 ത്രസ്റ്ററുകൾ എതിർദിശയിൽ ജ്വലിപ്പിച്ചതോടെ സെക്കൻഡിൽ 6 കിലോമീറ്റർ എന്നതിൽനിന്നു പൂജ്യത്തിലേക്കു വേഗം കുറയ്ക്കാനായി.
അഞ്ച് എഞ്ചിനുകളാണ് ലാൻഡറിനുള്ളത്. ചന്ദ്രനോട് അടുത്താൽ വളരെ പതുക്കെയാണ് താഴേക്ക് ഇറക്കുക. അഞ്ച് എഞ്ചിനുകൾ ഉപയോഗിച്ചാണ് ഇത്. ഇങ്ങനെ താഴോട്ട് ഇറക്കുന്ന സമയത്താണ് പാളിച്ച പറ്റിയത്. സിഗ്നൽ നഷ്ടമായതോടെ കൃത്യമായി താഴോട്ട് ഇറക്കാൻ സാധിക്കാതെ വന്നു. ലാൻഡറിന് ഗതി മാറ്റം വന്നതാണ് ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാൻ പ്രധാന കാരണമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഇസ്റോ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാനാണ് സാധ്യത.
Leave a Reply