നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ കുളിമുറിയിൽ വെള്ളം നിറഞ്ഞ കന്നാസിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. പ്രസവിച്ച് ഓതാനും ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്നാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിന്റെ ഭാര്യ നിഷയുടെ മൊഴി. ഞായറാഴ്ച ജനിച്ച കുഞ്ഞിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞെന്നായിരുന്നു നിഷയുടെ ആദ്യത്തെ മൊഴി. ഇടതുകാലിനു ജന്മനാ ശേഷിക്കുറവുള്ള നിഷയ്ക്ക് മരിച്ച കുഞ്ഞിനെക്കൂടാതെ അഞ്ചു മക്കളുണ്ട്.

സംഭവസമയത്ത് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് ജോലിയ്ക്ക് പോയിരുന്നു.

ഒറ്റമുറി വീട്ടില്‍ കഴിഞ്ഞിരുന്നത് ഏഴുപേരടങ്ങുന്ന കുടുംബം

കുടുംബത്തിലെ ഏഴുപേര്‍ അഞ്ചുവര്‍ഷമായി കഴിഞ്ഞിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുള്ള വാടക വീട്ടിലാണ്. ഇതിനുള്ളില്‍തന്നെയുള്ള ശുചിമുറിയിലാണ് നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവര്‍ഷം മുന്‍പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ദമ്പതിമാരും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം സുരേഷായിരുന്നു. നിഷയുടെ ഇടതുകാലിന് ജന്മനാശേഷിക്കുറവുള്ളതിനാല്‍ വീട്ടിലെ ജോലികള്‍ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുടുംബത്തിലേക്ക് ആവശ്യമുള്ളപ്പോള്‍ ഭക്ഷ്യസാധനങ്ങളും മറ്റും എത്തിച്ചിരുന്നതായി വാര്‍ഡംഗം പറഞ്ഞു. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍നിന്ന് ഭക്ഷണസാധനങ്ങളും മറ്റും വീട്ടിലെത്തിച്ച് നല്‍കിയിരുവെന്ന് അധ്യാപകര്‍ പറയുന്നു. നിഷ ഗര്‍ഭിണിയായിരുന്ന വിവരം അയല്‍വാസികളില്‍നിന്നും സ്‌കൂളിലെ അധ്യാപകരോടും മറച്ചുവെച്ചിരുന്നു. തൊട്ടടുത്ത് വീട്ടുകാര്‍പോലും നിഷ പ്രസവിച്ച വിവരം ആരുംഅറിഞ്ഞിരുന്നില്ല. കുട്ടിയുടെ ജനനം അറിയാത്ത നാട്ടുകാര്‍ ബുധനാഴ്ച 11.30-തോടെ കുട്ടി മരിച്ച വിവരമാണ് അറിയുന്നത്. ഇതോടെ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് നാട്ടുകാരും വിവരങ്ങളറിയാന്‍ കൂട്ടംകൂടി.

ആദ്യം പറഞ്ഞത് പൂച്ചയുടെ കരച്ചിലെന്ന്; കണ്ടെത്തിയത് കുട്ടിയുടെ മൃതദേഹം

നവജാതശിശുവിന്റെ ദുരുഹസാഹചര്യത്തില്‍ മരിച്ച സംഭവം പുറത്തറിയാന്‍ കാരണമായത് അയല്‍വാസിയുടെ ഇടപെടല്‍. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസിയായ രമ്യ ബിനു കാര്യം അന്വേഷിച്ചപ്പോള്‍ പൂച്ച കരയുന്നതാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. വീണ്ടും കരച്ചില്‍ കേട്ട് സംശയം തോന്നിയ ഇവര്‍ അയല്‍വാസിയോട് കാര്യം പറഞ്ഞു. പിന്നീട് വാര്‍ഡിലെ ആശാവര്‍ക്കര്‍ ശാലിനിയെ സംഭവം അറിയിച്ചു.

ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടില്‍ പ്രസവം നടന്നതായുള്ള സംശയം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ശൗചാലയത്തില്‍ കണ്ടെത്തുന്നത്. നവജാത ശിശുവിന്റെ മരണം പുറത്തറിയുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഇവരുടെ ഇടപെടലായിരുന്നു. ആരോഗ്യപ്രവര്‍ത്തകരും ആശാവര്‍ക്കരും ചേര്‍ന്നാണ് സംഭവം പോലീസിലും പഞ്ചായത്തിലും അറിയിച്ചത്.