വിവാഹ മോചനം നേടിയ യുവതി മൂന്നു മക്കളേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി ഹാരിസ് കൗണ്ടി കൊറോണേഴ്സ് ഓഫിസ് സ്ഥിരീകരിച്ചു. സംഭവം നടന്നതിന്റെ തലേ ആഴ്ചയിലായിരുന്നു ഭർത്താവ് മർവിൻ ഓസീനുമായുള്ള ആഷ്‌ലിയുടെ (39) വിവാഹമോചനത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ കുറിച്ചു വിവരമൊന്നും ഇല്ലെന്നു ചൂണ്ടിക്കാണിച്ചു. കുടുംബാംഗങ്ങൾ പൊലീസിനു പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ നാലുപേരേയും കണ്ടെത്തിയത്. സമീപത്തു നിന്നും വെടിവയ്ക്കാവാനുപയോഗിച്ചു എന്നു കരുതുന്ന തോക്കും കണ്ടെടുത്തിട്ടുണ്ട്.
ഹാരിഷ് ഓസിൻ (11), എലീനർ ഓസിൻ (9), ലിങ്കൺ ഓസിൻ (7) എന്നീ കുട്ടികളാണു കൊല്ലപ്പെട്ടത്. ബോണറ്റ് ജൂനിയർ സ്കൂളിലെ വിദ്യാർഥികളായിരുന്നു മൂന്നു പേരും. മൂന്നുപേരും മിടുക്കരായ കുട്ടികളായിരുന്നുവെന്നും കുട്ടികളുടെ അപ്രതീക്ഷിത മരണം അധ്യാപകരേയും സഹപാഠികളേയും ഒരേപോലെ ദുഃഖത്തിലാഴ്ത്തിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. വിവാഹമോചനമായിരിക്കാം ആത്മഹത്യയിലേക്കും കുട്ടികളുടെ കൊലപാതകത്തിലേക്കും നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Leave a Reply